സുൽത്താൻബത്തേരി : തൊണ്ടിമുതൽ മോഷണക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കെതിരേയും പ്രതിയായ പോലീസുകാരനെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി ബത്തേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

To advertise here,

സേനയ്ക്ക് നാണക്കേടുണ്ടാക്കിയ പോലീസുകാരനെ സംരക്ഷിക്കുന്നതിനുള്ള സമീപനം ആഭ്യന്തരവകുപ്പ് എന്തിന് സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കണം. മാധ്യമത്തിനുമുന്നിലെത്തി, പ്രതിക്ക് കേസ് അട്ടിമറിക്കാൻ പോലീസുകൂടി കൂട്ടുനിൽക്കുകയാണ്. ഇതുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെക്കൂടി പ്രതിചേർക്കാൻ പോലീസ് തയ്യാറാകണം. തൂഫാൻ ദൗത്യത്തിലൂടെ പിടികൂടിയ ലഹരിവസ്തുക്കൾ നശിപ്പിക്കുന്നതിന്റെ തെളിവ് സമൂഹത്തിനുമുന്നിൽ ഹാജരാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.

എ.കെ.ജി. റോഡിൽനിന്ന്‌ തുടങ്ങിയ മാർച്ച് ചുങ്കംവഴി പോലീസ് സ്റ്റേഷൻ കവാടത്തിലെത്തിയപ്പോൾ ബാരിക്കേഡുവെച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് തള്ളിമറിച്ചിടാൻ ശ്രമിച്ചെങ്കിലും പോലീസും പിടിച്ചുനിന്നു. ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി കെ.എം. ഫ്രാൻസിസ് മാർച്ച് ഉദ്ഘാടനം ചെയ്തു.

ബത്തേരി ബ്ലോക്ക് സെക്രട്ടറി കെ.വി. അനീഷ് അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് കെ.ആർ. ജിതിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി. ഋതുശോഭ്, ബത്തേരി ബ്ലോക്ക് സെക്രട്ടറി നിധീഷ് സോമൻ തുടങ്ങിയവർ സംസാരിച്ചു.

പോലീസ് സ്റ്റേഷനിലെ സംഭവം ആശങ്ക ഉണ്ടാക്കുന്നത്

: പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ച ഏഴുചാക്ക് ഹാൻസ് പോലീസുകാരൻതന്നെ കടത്തിക്കൊണ്ടുപോയത് അംഗീകരിക്കാനാവാത്തതാണെന്ന് കേരള കോൺഗ്രസ് (ജോസഫ്) ബത്തേരി മുനിസിപ്പൽ കമ്മിറ്റി.

ജനമൈത്രി പോലീസ് സംവിധാനത്തിൽ മികച്ച സ്റ്റേഷനായ ബത്തേരിയിലെ ഒരു ഉദ്യോഗസ്ഥന്റെ നെറികെട്ട പ്രവൃത്തിയുടെ പേരിൽ മുഴുവൻ പോലീസുകാരെയും മുൾമുനയിൽ നിർത്തുന്നത് ജനങ്ങളിൽ ആശങ്കയും സേനയെ നിർവീര്യമാക്കുന്നതിനും കാരണമാകുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി. പ്രഭാകരൻനായർ ഉദ്ഘാടനംചെയ്തു.

മുനിസിപ്പൽ പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി. ജോർജ്, സ്റ്റീഫൻ സാജു, കെ. ശിവദാസ്, മോസസ് സജി, ഓമനാ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പ്രതിക്കായി പ്രത്യേകസംഘത്തിന്റെ അന്വേഷണം

സുൽത്താൻബത്തേരി : പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയും ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ടി. സബിത്തിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞദിവസം എറണാകുളത്ത് ചില മാധ്യമങ്ങളിലൂടെ ഇയാൾ വിഷയത്തിൽ പ്രതികരിച്ച സാഹചര്യത്തിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.

എ.ഡി.ജി.പി. യുടെ കീഴിലുള്ള പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തുന്നതെന്നാണ് വിവരം. ഇതുകൂടാതെ വയനാട് ജില്ലാ പോലീസ് മേധാവിയുടെ സംഘവും ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഇൻസ്‌പെക്ടർമാരടങ്ങുന്ന സംഘവും സബിത്തിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.

പ്രതി എറണാകുളത്തുതന്നെയുണ്ടോ വയനാട്ടിലേക്കോ മറ്റെവിടേക്കെങ്കിലും മാറിയോയെന്നും പരിശോധിച്ചുവരുകയാണ്. അതേസമയം സബിത്തിനെ കിട്ടാതെ കേസിന്റെ അന്വേഷണവും മറ്റ് നടപടിക്രമങ്ങളും മുന്നോട്ടുപോകാത്ത സ്ഥിതിയാണ്.

വിവിധ സംഘടനകളിൽ നിന്നടക്കം പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രതിയെ കിട്ടിയാലെ സ്റ്റേഷനിലെ തൊണ്ടിമുതലുകൾ എവിടേക്കാണ് മാറ്റിയത്, ലഹരിമാഫിയയ്ക്ക് തന്നെ മറിച്ചുനൽകിയോ, ഇവ സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യമെന്തായിരുന്നു, മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരൂ.

അതിനാൽത്തന്നെ പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.