മൂപ്പൈനാട് പഞ്ചായത്തിൽ നോക്കുകുത്തിയായി ചെക്ക് ഡാമുകൾ
വടുവൻചാൽ : ജില്ലയിൽ വരാനിരിക്കുന്നത് കടുത്ത വരൾച്ചയും ജലക്ഷാമവുമാണെന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെ, പ്രതിരോധ സംവിധാനമാകേണ്ട ചെക്ക്ഡാമുകൾ നോക്കുകുത്തികളാകുന്നു. സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ടുകൾ വിനിയോഗിച്ച് നിർമിച്ച മൂപ്പൈനാട്, മേപ്പാടി ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരിഭാഗം ചെക്ക്ഡാമുകളും പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലാണ്. പുഴകളിലും തോടുകളിലും ജലനിരപ്പ് താഴാൻ തുടങ്ങിയതോടെ പ്രദേശവാസികളും കർഷകരും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്.
കരിഞ്ഞുണങ്ങി കൃഷി വറ്റിവരണ്ട് കിണറുകൾ
വേനൽ കടുക്കുംമുൻപേ പ്രദേശത്തെ കുടിവെള്ളസ്രോതസ്സുകൾ വറ്റിത്തുടങ്ങി. മൂപ്പൈനാട് രണ്ടാം വാർഡിലെ ജയ്ഹിന്ദ് മേഖലയിൽ മാത്രം 70-ഓളം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. ജനങ്ങളുടെ ഏക ആശ്രയമായ പൊതുകിണറുകളിൽ ജലനിരപ്പ് താഴ്ന്നതും സ്വന്തംകിണറുകൾ വറ്റിത്തുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കാർഷികമേഖലയിലാണ് വരൾച്ച ഏറ്റവുംവലിയ പ്രഹരമേൽപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് ജലസേചനം സാധ്യമാകാത്തതിനാൽ കാപ്പിത്തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. പുതുതായി നട്ടുപിടിപ്പിച്ച കാപ്പിത്തൈകൾ കൂട്ടത്തോടെ ഉണങ്ങിപ്പോകുന്നത് കർഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു. തട്ടികപ്പാലം തോടിനുകുറുകേയുള്ള ചെക്ക്ഡാമുകളിൽ വെള്ളം തടഞ്ഞുനിർത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
തോടുകളിലൂടെയും പുഴകളിലൂടെയും വെറുതെ ഒഴുകിപ്പോകുന്ന വെള്ളം ഷട്ടറുകൾ സ്ഥാപിച്ച് തടഞ്ഞുനിർത്തിയാൽ പ്രദേശത്തെ വരൾച്ചയ്ക്ക് ഒരു പരിധിവരെ തടയിടാൻസാധിക്കും.
ചെക്ക് ഡാമുകളിൽ വെള്ളംസംഭരിക്കുന്നതിലൂടെ സമീപപ്രദേശങ്ങളിലെ കിണറുകളിലെ ഭൂഗർഭജലവിതാനം ഉയർന്നനിലയിൽ നിലനിർത്താനും കഴിയും.
കഴിഞ്ഞ വേനൽക്കാലത്ത് മൂപ്പൈനാട് ജയ്ഹിന്ദിൽ നാട്ടുകാർ മുൻകൈയെടുത്ത് ചെക്ക് ഡാമിൽ ഷട്ടറുകൾ സ്ഥാപിച്ചതിലൂടെ 70-ഓളം കർഷകർക്കാണ് സമൃദ്ധമായി വെള്ളംലഭ്യമായത്.
എന്നാൽ മഴക്കാലത്ത് തുറന്നുവിട്ട ഷട്ടറുകൾ പിന്നീട് പുനഃസ്ഥാപിക്കാൻ നടപടിയുണ്ടായില്ല. സ്വന്തംചെലവിൽ പണംകണ്ടെത്തി തട്ടികപ്പാലം ചെക്ക് ഡാമിൽ വെള്ളം തടഞ്ഞുനിർത്താനുള്ള സൗകര്യമൊരുക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
ഇത്തരമൊരു പ്രതിസന്ധി ഇതാദ്യം
മഴക്കാലം പിന്നിടുംമുൻപ് രൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുകയാണ് ജയ്ഹിന്ദ് പ്രദേശം. മറ്റുള്ളയിടങ്ങളിൽ ലഭിച്ചതിനേക്കാൾ തീരെക്കുറവ് മഴയാണ് ഇവിടെകിട്ടിയത്. ഒരു കൃഷിയും പച്ചപിടിക്കാത്ത സാഹചര്യമാണ്. അതിനിടെയാണ് കുടിവെള്ളക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നത്. 70 കുടുംബങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. അധികൃതർ ഇടപെട്ടില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും.
ഉദയൻ പള്ളത്ത്, കർഷകൻ
Published: 17 Sept 2026, 03:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented