കല്പറ്റ : ബജറ്റിലൊതുങ്ങി വീട്ടിലേക്ക് ഒരുമാസത്തേക്കുള്ള സാധനം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ആഴ്ചത്തേക്ക് പോലുമുള്ള സാധനങ്ങൾ കിട്ടാത്ത അവസ്ഥയാണ് -ജോയ് പറഞ്ഞു. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും തീവിലയായതോടെ അടുക്കള ബജറ്റ് നിയന്ത്രിക്കാനാവാതെ വലയുകയാണ് സാധാരണക്കാർ.
മണ്ഡലമാസംകൂടി ആരംഭിച്ചതോടെ പച്ചക്കറിവില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.
പച്ചക്കറി, പലവ്യഞ്ജന വിപണികളിലാണ് വിലക്കയറ്റം കൂടുതൽ ബാധിച്ചിരിക്കുന്നത്. ദിവസംകഴിയുന്തോറും റോക്കറ്റ് വേഗത്തിലാണ് സാധനങ്ങളുടെ വില കുതിച്ചുയരുന്നത്.
ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 180 രൂപയിൽ നിന്ന് 200 രൂപവരെയായി. വെളുത്തുള്ളിക്ക് 300 രൂപവരെയെത്തി നിൽക്കയാണ്.
നാരങ്ങ, ഇഞ്ചി, മല്ലി, പഞ്ചസാര, തുവരപ്പരിപ്പ്, ഉഴുന്ന്, പയറുവർഗങ്ങൾ, ഉലുവ, കടുക് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾക്ക് എല്ലാംതന്നെ വില കൂടിയിട്ടുണ്ട്. ആറും ഏഴും രൂപയ്ക്ക് കിട്ടിയിരുന്ന മുട്ടയ്ക്ക് ഇപ്പോൾ എട്ട് രൂപയിൽ കൂടുതലാണ്. പഞ്ചസാര, മുട്ട എന്നിവയുടെ വിലകൂടിയത് പലഹാരങ്ങളുടെ വില വർധിക്കാനും കാരണമാകും.
കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നാലംഗ കുടുംബത്തിന് പലവ്യഞ്ജനങ്ങൾക്കായി ഇരട്ടിയോളം തുക ചെലവഴിക്കേണ്ടസ്ഥിതിയാണ്. അരിവില ഉയർന്നതോടെ അരിയിൽമാത്രം മാസച്ചെലവിൽ 500 മുതൽ 600 രൂപവരെ അധികം കണ്ടെത്തണം. അതേസമയം, തേങ്ങ, വെളിച്ചെണ്ണ, കടല, കാരറ്റ്, ചിക്കൻ എന്നിവയ്ക്ക് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള ഭക്ഷ്യച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാവാത്തവിധം ഉയർന്നുതന്നെ നിൽക്കയാണ്.
വരുമാനത്തിൽ വർധനയില്ലാതെ ചെലവുകൾ ഇരട്ടിയാകുന്നത് മാസാവസാനം പലകുടുംബങ്ങളുടെയും ബജറ്റിനെ താളംതെറ്റിച്ച് തുടങ്ങിയിട്ടുണ്ട്. ഭക്ഷണസാധനങ്ങൾക്കായി കൂടുതൽ തുക മാറ്റിവെക്കേണ്ടി വരുന്നത് വീട്ടുവാടക, വൈദ്യുതി, കുടിവെള്ള ബില്ലുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കുള്ള തുകയിൽ കുറവുണ്ടാക്കുന്നു. ഭാവി ആവശ്യങ്ങൾക്കായി കരുതിവെച്ച ചെറിയ സമ്പാദ്യങ്ങൾപോലും നിത്യച്ചെലവുകൾക്കായി ചെലവഴിക്കേണ്ടിവരുകയാണ്. പല കുടുംബങ്ങളും മാസാവസാനം കടംവാങ്ങിയാണ് മുന്നോട്ട പോകുന്നത്.
മുൻപ് ആഴ്ചയിലോ മാസത്തിലോ ഒന്നിച്ചെടുത്തിരുന്ന സാധനങ്ങൾ ഇപ്പോൾ കൈവശമുള്ള പണത്തിനനുസരിച്ച് ദിവസേനയോ കുറഞ്ഞ അളവിലോ വാങ്ങുന്നരീതിയിലേക്ക് ആളുകൾ മാറിയതായി വ്യാപാരികൾ പറയുന്നു.
ബ്രാൻഡഡ് ഉത്പന്നങ്ങൾ ഒഴിവാക്കി വിലകുറഞ്ഞ ഇനങ്ങളിലേക്ക് മാറാനും ഓഫറുകളും നോക്കി ആവശ്യമുള്ളവ മാത്രം വാങ്ങി മടങ്ങാനും ഉപഭോക്താക്കൾ നിർബന്ധിതരാവുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
വിലക്കയറ്റം തീൻമേശയിലെ വിഭവങ്ങളുടെ എണ്ണവും പോഷകമൂല്യവും കുറച്ചിട്ടുണ്ട്. പച്ചക്കറിക്കും പരിപ്പിനും വിലകൂടിയതോടെ ഒന്നിലധികം കറികൾക്ക് പകരം ഒറ്റക്കറിയിലേക്ക് ഭക്ഷണം ചുരുങ്ങി. മീനിനും മുട്ടയ്ക്കും വില ഉയർന്നതോടെ മാംസാഹാരവും കുറച്ചു. രുചിയും വൈവിധ്യവും മാറി, വയറു നിറയ്ക്കുക എന്നതിലേക്ക് മാത്രം ഭക്ഷണക്രമം ഒതുങ്ങുന്ന സാഹചര്യമാണുള്ളത്.
ഹോട്ടൽ മേഖലയ്ക്കും പ്രതിസന്ധി
പാചകവാതക സിലിൻഡറിന്റെ വിലവർധനയോെട പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്ക് ഇരട്ടടിയായിരിക്കുകയാണ് പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം. മാസങ്ങൾക്ക് മുൻപാണ് ഹോട്ടലുകൾ ഭക്ഷണസാധനങ്ങൾക്ക് വിലവർധിപ്പിച്ചത്. മാസങ്ങളോളം നിലനിന്ന് പ്രതിസന്ധിയിൽനിന്ന് കരകയറിവരുകയായിരുന്നു ഹോട്ടൽമേഖല. എന്നാൽ, നിലവിലെ വിലക്കയറ്റം തുടർന്നാൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് ഹോട്ടൽ മേഖലയെ ആശ്രയിക്കുന്നവർ.
Published: 21 Nov 2026, 03:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented