നാല് വര്‍ഷമായി മനസിലുള്ള ആഗ്രഹം; കൊല്ലം ചവറയിലെ വീട്ടില്‍ നിന്നും തെങ്കാശി വഴി രാമേശ്വരത്ത് അവസാനിക്കുന്ന യാത്ര. പ്രൊഫ.എ.ശ്രീധര മേനോന്റെ 'ഇന്ത്യന്‍ ചരിത്രം' വായിച്ചു കൊണ്ടിരിക്കെ ചോളന്മാരിലേക്ക് എത്തിയപ്പോഴാണ് സമ്പന്നമായ ചരിത്രം ഉറങ്ങുന്ന ആ സ്ഥലങ്ങള്‍ നേരില്‍ കാണണമെന്ന ആഗ്രഹമുണ്ടായത്. കൂടുതല്‍ പഠനങ്ങള്‍ നടത്തിയപ്പോള്‍ മറ്റൊരു കാര്യം തിരിച്ചറിഞ്ഞു. ചോളവംശത്തെ അറിയാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനു മുന്‍പ് മനസിലാക്കേണ്ടത് പാണ്ഡ്യ രാജാക്കന്മാരെക്കുറിച്ചാണെന്ന്. അങ്ങനെ പാണ്ഡ്യ ചരിത്രവും കൂടി ഉള്‍പ്പെടുത്തിയുള്ള യാത്ര പ്ലാന്‍ചെയ്തു.
വീല്‍ച്ചെയറില്‍ കിടന്ന് സഞ്ചരിക്കുന്ന ആളായതുകൊണ്ട് ആദ്യം ചെയ്ത് യാത്രാറൂട്ട് തയ്യാറാക്കുക എന്നതായിരുന്നു. ഐ. ഐ. എമ്മിലെ ജൂനിയര്‍ എന്‍ജിനീയറും, സുഹൃത്തുമായ ശ്രീജിത്തിനെ അക്കാര്യം ഏല്‍പ്പിച്ചു. അങ്ങനെ ഞാനും അമ്മയും അല്‍ അമീനും റാഫിയും സുഹൈലുമുള്‍പ്പടെ അഞ്ചുപേര്‍ യാത്ര ആരംഭിച്ചു.
ആദികൈലാസ ക്ഷേത്രത്തില്‍
തെങ്കാശി ആദി കൈലാസ ക്ഷേത്രമായിരുന്നു ആദ്യ ലക്ഷ്യം. കൊട്ടാരക്കര, പുനലൂര്‍ വഴി ദേശിയ പാത 744ലൂടെ യാത്ര ചെയ്യുമ്പോള്‍, തെങ്കാശി വരെയുള്ള റോഡിനിരുവശത്തേയും കാഴ്ചകള്‍ മനോഹരമാണ്. വളവുകളും, തിരിവുകളും നിറഞ്ഞ റോഡ്. വഴിയിലെ ആദ്യ കാഴ്ച പുനലൂര്‍ തൂക്കുപാലത്തിന്റേതായിരുന്നു. അവിടെ വച്ച് ഒരു ഫോട്ടോ ഷൂട്ട് പദ്ധതിയിടുന്നതിനാല്‍ തത്കാലം ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു.
മലയും, നെല്‍പാടവും വഴിയരികിലെ പനങ്കരിക്ക് വില്പനക്കാരെയും കണ്ടിരിക്കേ തെങ്കാശി എത്തിയത് അറിഞ്ഞില്ല. ഉച്ചയായിരുന്നു. നല്ല വിശപ്പ്.
തെങ്കാശി ആദികൈലാസ ക്ഷേത്രം തുറക്കാന്‍ ഇനിയുമുണ്ട് രണ്ടു മണിക്കൂര്‍. നല്ലൊരു വെജിറ്റേറിയന്‍ ഊണ് കഴിച്ചു. ഏകദേശം മൂന്നരയോടെ ക്ഷേത്രത്തില്‍ എത്തി.നഗര ഹൃദയത്തോട് ചേര്‍ന്നാണ് ക്ഷേത്രം. ഒരു പഴക്കടയോട് ചേര്‍ന്ന് വണ്ടി പാര്‍ക്ക് ചെയ്തു അല്‍അമീന്‍ മടങ്ങിവന്നപ്പോഴേക്കും പത്തോളം പടികള്‍ കയറ്റി, റാഫിയും സുഹൈലും കൂടി എങ്ങനെയൊക്കെയോ എന്നെ ക്ഷേത്രത്തിനു മുന്‍വശത്തെത്തിച്ചു.
ക്ഷേത്രവും പരിസരവും ഒട്ടും വീല്‍ചെയര്‍ സൗഹൃദമാകില്ല എന്ന് അറിയാമായിരുന്നു. എങ്കിലും യാത്ര തുടങ്ങും വഴിയിലുള്ള ചരിത്രപ്രസിദ്ധമായ സ്ഥലമല്ലേ, ഒഴിവാക്കാന്‍ മനസ് വന്നില്ല. പിന്നെ ഏത് മല കയറണമെന്നു പറഞ്ഞാലും സാധിച്ചുതരുന്ന മൂന്നുപേര്‍ കൂടെ ഉണ്ട് എന്ന ധൈര്യവും.
തെങ്കാശി എന്ന പേര് വരാന്‍ തന്നെ കാരണം പരാക്രമ പാണ്ട്യന്‍ പണികഴിയിപ്പിച്ച ഈ ആദി കൈലാസ ക്ഷേത്രമാണത്രെ. അഗസ്ത്യാര്‍കൂടമലയാല്‍ ചുറ്റപ്പെട്ട തെങ്കാശി, ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ തടി ഇറക്കുമതി ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്ന് കൂടിയാണ്.
അമ്പലം തുറക്കാന്‍ സമയമായി. ചില അറ്റകുറ്റ പണികള്‍ നടക്കുന്നതുകൊണ്ട് മുന്‍വാതിലിലൂടെ കടക്കാന്‍ കഴിയുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും, ജോലി ചെയ്യുന്നവര്‍ അല്‍പനേരം പണികള്‍ നിര്‍ത്തി വച്ച് അകത്തേക്ക് പോകാന്‍ അനുവദിച്ചു.
Content Highlights: Wheelchair Trip: Thenkasi to Rameshwaram
Published: 03 Feb 2025, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented