കളിക്കളത്തിലെ തിരിച്ചടികൾക്കിടയിലും തണലായ പ്രണയം; ക്രിസ്റ്റ്യാനോയുടെ ജീവിതത്തിലെ ആ 'വലിയ ഗോൾ'
പതിറ്റാണ്ട് കാലമായി പടർന്നു പന്തലിച്ച ആ പ്രണയം ഒടുവിലിതാ പൂവിട്ടിരിക്കുന്നു. അഭ്യൂഹങ്ങൾക്കും സസ്‌പെൻസുകൾക്കും വിരാമമിട്ട് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളിയായ ജോർജിന റോഡ്രിഗസിനെ ഔദ്യോഗികമായി തന്നെ മോതിരം ചാർത്തി. ഗോസിപ്പ് കോളങ്ങൾക്ക് ചൂടുംചൂരും നിറവും പകർന്ന്, ഒരു ദശാബ്ദക്കാലം ലോകം ആഘോഷിച്ച പ്രണയകഥയ്ക്കാണ് അങ്ങനെ ശുഭപര്യവസാനമായത്. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമാണ് ജോർജിന. ഒരു വർഷമായി, ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട്. ലോകപ്പിന് തിരശ്ശീല വീണതു മുതൽ തിരയടിച്ചു തുടങ്ങിയതാണ് കല്ല്യാണക്കഥകൾ. ആരാധകർ അന്നേ ഒരുക്കം തുടങ്ങിരുന്നു കല്ല്യാണം കൂടാൻ. ഇഷ്ടതാരത്തിന്റെ തലവെട്ടം കാണുമ്പോഴെല്ലാം അവർ ഓടിയെത്തി. തടിതപ്പാൻ ഒടുവിൽ വാർത്ത നിഷേധിച്ച ക്രിസ്റ്റിയാനോയുടെ സഹോദരിമാർക്ക് തന്നെ രംഗത്തുവരേണ്ടിവന്നു. ഒടുവിലിതാ ഏറ്റവും അപ്രതീക്ഷിത ആംഗിളിൽ നിന്നുപോലും വല കുലുക്കി ഹൃദയങ്ങൾ കവർന്ന CR7 സകലരെയും ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനം നടത്തി. ആരോരുമറിയാതെ ഞാൻ ജോർജിനയെ കല്ല്യാണം കഴിച്ചു. വിവാഹമോതിരം ധരിച്ച് ഇരുവരും കൈകൾ ചേർത്തുപിടിച്ച ഇൻസ്റ്റ പോസ്റ്റാണ് സസ്‌പെൻസ് പൊളിച്ചത്.
2016 ജൂണിൽ മാഡ്രിഡിലെ ഒരു ലക്ഷ്വറി ഗുച്ചി സ്റ്റോറിലായിരുന്നു ആദ്യ കണ്ടുമുട്ടൽ. അന്നവിടെ ഷോപ്പ് അസിസ്റ്റന്റായിരുന്നു ജോർജിന. ആദ്യകാഴ്ചയിൽ തന്നെ പ്രണയം പൂവിട്ടു. ഒരു ബ്രാൻഡ് ഇവന്റിൽ വെച്ചവർ പിന്നെയും തമ്മിൽ കണ്ടു. മിണ്ടി. ആ ബന്ധം അങ്ങനെ വളർന്നു. പ്രണയമായി പന്തലിച്ചു. പല പ്രണയങ്ങളുണ്ടായിരുന്ന ക്രിസ്റ്റിയാനോ അങ്ങനെ, ജോർജിന എന്ന ഒറ്റ ലോകത്തേയ്ക്ക് ഒതുങ്ങി.
അതീവ രഹസ്യമായിരുന്നു മിണ്ടലും കണ്ടുമുട്ടലുകളുമെല്ലാം. 2016-ൽ ഡിസ്നിലാൻഡ് പാരീസിൽ വേഷം മാറിയെത്തിയ ഇവരെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതോടെ അരമനരഹസ്യം അങ്ങാടിപ്പാട്ടായി. ഗോസിപ്പ് കോളങ്ങൾക്ക് തീ പിടിച്ചു. 2017-ൽ ഫിഫയുടെ അവാർഡ് ചടങ്ങിൽ അങ്ങനെ അവർ ഒന്നിച്ച് വേദിയിലെത്തി ലോകത്തെ ഞെട്ടിച്ചു. പരസ്യമയി പരസ്പരം ചേർത്തുപിടിച്ച്, പറയാതെ തന്നെ ആ പ്രഖ്യാപനവും നടത്തി. ഞങ്ങൾ പ്രണയത്തിലാണ്.
ആ യാത്ര അങ്ങനെ, ഫുട്‌ബോളിന്റെ ചൂടൻ വാർത്തകളിൽ പുഴ പോലെ ഒഴുകി. ലോകം ആഘോഷമാക്കി. ഇവളെന്റെ ഭാര്യയാണെന്ന് ലോകത്തോട് ക്രിസ്റ്റിയാനേ വിളിച്ചുപറഞ്ഞു. അവർ ഒന്നിച്ച് ജീവിതവും ആരംഭിച്ചു. മാഡ്രിഡിൽ നിന്ന് ടൂറിനിലേക്ക്. അവിടെ നിന്ന് മാഞ്ചെസ്റ്ററിലേയ്ക്ക്. പിന്നെ റിയാദിലേക്ക്.
അഞ്ച് കുട്ടികളെ വളർത്തുന്നുണ്ട് ഇവർ. ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടക്കുട്ടികളായ ഇവാ, മാറ്റിയോ. ഇതിന് പുറമെ ജോർജിനയ്ക്കും റൊണാൾഡോയ്ക്കും ജനിച്ച അലാന മാർട്ടിന, ബെല്ല എസ്മെരാൾഡ. മൂത്തവൻ, ക്രിസ്റ്റ്യാനോ ജൂനിയറിന്റെ അമ്മയെ ക്രിസ്റ്റ്യാനോ ഇതുവരെ വെളിപ്പെടുത്തിട്ടില്ല. ഇവായും, മാറ്റിയോയും, വാടകഗർഭധാരണത്തിലൂടെ പിറന്നവരാണ്. 2022 ഏപ്രിലിൽ, ഇവർക്ക് മകൻ എയ്ഞ്ചലിനെ ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ടിരുന്നു. ആ തീരാശോകത്തിന്റെ കാർമേഘം വിട്ടൊഴിഞ്ഞിട്ടില്ല, ആത്യാർഭാടം കത്തിജ്വലിച്ചുനിൽക്കുന്ന അവരുടെ ജീവിതത്തിൽ. കളത്തിലും, പുറത്തും എല്ലാ തിരിച്ചടികളിലും അവർ പരസ്പരം താങ്ങായി. തണലായി. ഇക്കുറി ലോകകപ്പിൽ നാൽപത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനോ കണക്കിന് കല്ലേർ ഏറ്റുവാങ്ങി. ഇതേ ലോകകപ്പ് കഴിഞ്ഞ ഉടനെ തന്നെ, അതേ നാൽപത്തിയൊന്നാം വയസ്സിൽതന്നെ ക്രിസ്റ്റിയാനോ ജോർജിനയുടെ വിരലിൽ വിവാഹമോതിരം അണിയിച്ചു. ഫുട്‌ബോളിന് മാത്രമല്ല, പ്രണയത്തിനും എന്ത് പ്രായം.
Content Highlights: Cristiano Ronaldo officially marries his longtime partner Georgina Rodriguez in a private ceremony in Portugal
Published: 12 Aug 2026, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented