തിരുവനന്തപുരം: അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളികൾ. രാജ്യത്ത് ആദ്യമായി 'വോളറ്റെെൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ' (വി.ഒ.സി) ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതിക വിദ്യയാണ് തോന്നയ്ക്കൽ ബയോ 360 ലെെഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന 'അക്യുബിറ്റസ് ഇൻവെൻ്റ്' എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചത്. തങ്ങളുടെ കണ്ടുപിടിത്തതിന് പേറ്റൻ്റും ഇവർ സ്വന്തമാക്കി. രോഗവ്യാപനം തടയാനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ നടത്തി മരണനിരക്ക് കുറയ്ക്കാനാകുമെന്നും ഇതിലൂടെ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

To advertise here,

പേറ്റൻ്റ് ലഭിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് 'വോൾട്രാക്ക്' എന്ന ഉപകരണമാണ് ഇവർ വികസിപ്പിച്ചത്. ശ്വാസകോശാർബുദം, ആസ്ത്മ, ക്ഷയം മുതലായ രോഗങ്ങൾ ഈ ഉപകരണത്തിലൂടെ കണ്ടെത്താം. എളുപ്പത്തിൽ വാതകമായി മാറുന്ന് കാർബൺ അടങ്ങിയ പദാർത്ഥങ്ങളാണ് 'വോളറ്റൈൽ ഓർഗാനിക്ക് കോമ്പൗണ്ടുകൾ'. ശ്വാസത്തിലും വിയർപ്പിലും ഇത് അടങ്ങിയിട്ടുണ്ട്. രോഗമുള്ളവരുടെ ശരീരത്തിൽ ഇതിൻ്റെ അളവ് കൂടുതലായിരിക്കും. ഒരു നിശ്ചിത അളവിൽ കൂടുതലാണ് വി.ഒ.സിയെങ്കിൽ രോഗസാന്നിധ്യം ഉറപ്പിക്കാം. ചെലവേറിയ ബയോപ്സി ഉൾപ്പടെയുള്ള ടെസ്റ്റുകൾക്ക് മുൻപ് ഈ ഉപകരണത്തിലൂടെ ഡോക്ടർമാർക്ക് രോഗം കണ്ടെത്താം. പരിശോധിക്കുന്ന റിസൽട്ട് നേരിട്ട് രോഗിക്ക് ലഭിക്കുന്ന രീതിയല്ലാത്തതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാകും. ഡോക്ടർമാർക്ക് രോഗനിർണയം എളുപ്പത്തിലാക്കാൻ ഉപകരണം സഹായിക്കുന്നു.

2020 ലാണ് ഞങ്ങൾ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ലാബ് ടെസ്റ്റിൽ വിജയിച്ച ഉപകരണങ്ങൾ ഉടൻ ഗവൺമെന്റ് സർട്ടിഫിക്കേഷനും ഹോസ്പിറ്റൽ ട്രയലിനും ശേഷം വിപണിയിലെത്തിക്കും. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്കാവും ലഭ്യമാക്കുന്നത്.

'വോൾട്രാക്കി'ന് പുറമെ അണുബാധ തിരിച്ചറിയാൻ 'ഡിറ്റെക്സ്' എന്ന ഉപകരണവും ഇവർ ഇതേ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചിട്ടുണ്ട്. പ്രസവിച്ച സ്ത്രീകൾക്കും നവജാത ശിശുക്കൾക്കുമെല്ലാം ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടാവാൻ സാധ്യത ഏറെയാണ്. 'ഡിറ്റെക്സ്' സ്ഥാപിച്ചിട്ടുള്ള പരിസരത്ത് അണുബാധയുണ്ടെങ്കിൽ സിഗ്നൽ ലഭിക്കും. രോഗവ്യാപനം തടയാൻ തങ്ങളുടെ ഉപകരണത്തിന് സാധിക്കുമെന്ന പ്രത്യാശയും സംഘം പങ്കുവെച്ചു. ഡോ. നിധിൻ ശ്രീകുമാറാണ് കമ്പനിയുടെ എം.ഡിയും ചീഫ് റിസർച്ച് സയന്റിസ്റ്റും.