കേരളത്തിൽ നിന്ന് ഒറ്റദിവസം കൊണ്ട് കണ്ടുവരാം കേരളാന്തകന്റെ മണ്ണ്, പ്രഭാകരനില്ലാത്ത പുലികളുടെ സ്മാരകം
കലയും ആത്മീയതയും ശാസ്ത്രവും സമ്മേളിച്ച അത്ഭുതം. അതാണ് തഞ്ചാവൂരിലെ രാജരാജേശ്വര ക്ഷേത്രം അഥവാ ബൃഹദീശ്വര ക്ഷേത്രം. ഘടനാപരമായി നോക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രത്തെ കണക്കാക്കുന്നത്. കേരളത്തെ തോല്‍പിച്ചതിന്റെ പ്രതീകമായി ചോളരാജാവ് എഡി ആയിരാമാണ്ടില്‍ പണിത അതിമനോഹര കവാടമുണ്ട് ഈ ക്ഷേത്രത്തിന്. പക്ഷേ, ആ നാട്ടുവീര്യമോര്‍ക്കാതെ ക്ഷേത്രത്തിന്റെ പ്രൗഢിയിലും കൊത്തുപണി വിസ്മയത്തിലും സ്വയം മറന്ന് നിന്നുപോവും ഓരോ മലയാളിയും. ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയ നന്ദിയും കൂറ്റന്‍ ശിവലിംഗവും ക്ഷേത്ര വിമാനത്തിന്റെ ഉയരവുമെല്ലാം ഇന്ത്യയിലെ മറ്റുക്ഷേത്രങ്ങളില്‍ നിന്നും രാജരാജേശ്വര ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. ഒരു രാത്രി പോയി പിറ്റേന്നു രാത്രി തിരികെ വരാനുള്ള ദൂരവും സമയവുമേ യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ മഹാദ്ഭുതം കാണാന്‍ മലയാളികള്‍ക്ക് വേണ്ടൂ... ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ ഒരു ദിവസം നമ്മള്‍ ഈ ക്ഷേത്രത്തിനായി മാറ്റിവെക്കേണ്ടതുണ്ട്. പല ഇതിഹാസ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട തഞ്ചാവൂര്‍ കൊട്ടാരവും ഇന്ത്യയിലെ ഏക എല്‍ടിടിഇ സ്മാരകവും തഞ്ചാവൂരില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളാണ്. തമിഴ്നാടിന്റെ നെല്ലറയെന്ന പേരും തഞ്ചാവൂരിനുണ്ട്. ഉള്‍പ്രദേശങ്ങളിലേക്ക് യാത്രതിരിച്ചാല്‍ നെല്‍പ്പാടങ്ങളുള്ള തഞ്ചാവൂരിന്റെ ഗ്രാമീണഭംഗിയും നമുക്കാസ്വദിക്കാം.
കേരളത്തെ തോല്‍പിച്ചതിന്റെ സ്മരണപേറുന്ന ക്ഷേത്രം
എ.ഡി ആയിരാമാണ്ടില്‍ പണികഴിപ്പിച്ച വാസ്തു മഹാത്ഭുതം അതാണ് തഞ്ചാവൂര്‍ രാജരാജേശ്വര ക്ഷേത്രം. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോളന്റെ പേര് ചേര്‍ത്ത് രാജരാജേശ്വര ക്ഷേത്രം എന്നാണ് പുരാതന കാലം മുതല്‍ വിളിച്ചിരുന്നത്. പെരുവുടയാര്‍ കോവിലെന്ന പേരും ചോള ഭരണകാലത്ത് നിലനിന്നിരുന്നു. എന്നാല്‍ ചോള മഹത്വത്തെ മറയ്ക്കാന്‍ മറാഠാ സാമ്രാജ്യ കാലത്താണ് ക്ഷേത്രത്തിന് ബൃഹദീശ്വരമെന്ന പേര് വീണത്. അതിനാല്‍ തമിഴ് മനുഷ്യര്‍ പെരിയ കോവിലെന്നും രാജരാജേശ്വര ക്ഷേത്രമെന്നും വിളിക്കാനാണിഷ്ടപ്പെടുന്നതും. എ.ഡി 1003ല്‍ പണി തുടങ്ങിയ ക്ഷേത്രത്തിന്റ നിര്‍മ്മാണം 12 വര്‍ഷമെടുത്ത് 1010ലാണ് പൂര്‍ത്തിയാക്കുന്നത്. പിന്നീട് വന്ന നായക, പാണ്ഡ്യ, മറാഠാ രാജാക്കന്‍മാരെല്ലാം പുതിയ കോവിലുകളും കവാടങ്ങളും സ്ഥാപിച്ച് ക്ഷേത്രത്തെ ബൃഹത്താക്കി.
1.30 ലക്ഷം ടണ്‍ കരിങ്കല്‍ നിര്‍മ്മാണത്തിന് ആവശ്യം വന്നിട്ടുണ്ടാവുമെന്നാണ് ഏകദേശ കണക്ക്. തഞ്ചാവൂര്‍ ക്വാറികളൊന്നുമില്ലാത്തതിനാല്‍ 100 കിമി അപ്പുറമുള്ള തിരുച്ചിറപ്പിള്ളിയില്‍ നിന്നാവാം ഗ്രാനൈറ്റ് എത്തിച്ചതെന്നാണനുമാനം. നൂറിലധികം വാദ്യകലാകാരും 400 നര്‍ത്തകരും 50 ഓളം ഗായകരും ഉള്‍പ്പെടുന്ന വലിയ സംഘം ചോളഭരണകാലത്ത് ഇവിടുണ്ടായിരുന്നു. ചോളഭരണകാലത്തെ സുപ്രധാന പരിപാടികളെല്ലാം നടന്നിരുന്നത് ഈ ക്ഷേത്രാങ്കണത്തിലാണ്.
കോട്ടമതില്‍, രണ്ട് ഗോപുരകവാടങ്ങള്‍, ക്ഷേത്ര ചുറ്റുമതില്‍ എന്നിങ്ങനെയുള്ള മൂന്നടുക്കുള്ള സുരക്ഷ കടന്നാണ് ക്ഷേത്രമുറ്റത്തെത്താനാവുക. മറാഠാ കാലഘട്ടത്തില്‍ പണിതതാണ് ഏറ്റവും പുറത്തുള്ള കോട്ടമതില്‍. കൊത്തുപണികളില്ലാത്ത ആ കോട്ടമതില്‍ മൊത്തം നിര്‍മ്മിതിയുമായി ചേര്‍ന്ന് പോവാത്തവയാണെന്ന് ഒറ്റ നോട്ടത്തേില്‍ മനസ്സിലാവും. ഇതു കഴിഞ്ഞാല്‍ രണ്ട് കവാടങ്ങളാണുള്ളത്. ആദ്യ കവാടത്തിന്റെ പേര് കേരളാന്തകന്‍ തിരുവാസലെന്നാണ്. കേരള രാജാവായിരുന്ന ഭാസ്‌കര രവിവര്‍മ്മയെ തോല്‍പിച്ചശേഷം രാജരാജന് ലഭിച്ച പേരാണ് കേരളാന്തകന്‍. രണ്ടാമത്തെ ഗോപുരകവാടത്തിന്റെ പേര് രാജരാജന്‍ തിരുവാസല്‍. കൊത്തുപണികള്‍ നിറഞ്ഞ ഈ ഗോപുര കവാടങ്ങള്‍ പിന്നിട്ട് വേണം ക്ഷേത്രവളപ്പിലെത്താന്‍. നൂറ് കണക്കിന് കല്‍ത്തൂണുകള്‍ കൊണ്ടു പണിത നടപ്പന്തല്‍ അടങ്ങിയ ചുറ്റുമതില്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചുറ്റമ്പലത്തിലെ പല തൂണുകളില്‍ പഴന്തമ്മിഴില്‍ പലതും എഴുതി വെച്ചിട്ടുണ്ട്. ചരിത്രത്തിലേക്കുള്ള രജത രേഖകളാണ് ഈ അക്ഷരങ്ങളെല്ലാം. ഗോപുര കവാടം താണ്ടി മുന്നോട്ട് നടന്നെത്തുക ഒരു മണ്ഡപത്തിലേക്കാണ്. ഇവിടെയാണ് നന്തി പ്രതിഷ്ഠയുള്ളത്. നന്തി മണ്ഡപവും സുബ്രഹ്‌മണ്യ കോവിലും ചോള കാലഘട്ടത്തിലെ സൃഷ്ടിയല്ല. നായക കാലഘട്ടത്തിലാണ് ഇവ രണ്ടും പണിയുന്നത്. ചോള വാസ്തുവിദ്യയോട് കിടപിടിക്കാവുന്നത് തന്നെ നായക വാസ്തുകലയും. പ്രത്യേകിച്ച് സുബ്രഹ്‌മണ്യ കോവിലിന്റെ കൊത്തുപണികളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. പാറക്കല്ലുകളില്‍ ഇത്രയും സൂക്ഷമമായി സംതുലനാവസ്ഥ പാലിച്ച് ഈ കലാവൈഭവം എങ്ങനെ കൊത്തിയുണ്ടാക്കിയെന്ന് അന്താളിക്കും ഒരു വേള നമ്മള്‍.
25 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്തതാണ് നന്തി മണ്ഡപത്തിലെ നന്തി രൂപം. 12 അടി ഉയരവും ഇരുപതടി നീളവുമുണ്ടിതിന്. നന്ദി മണ്ഡപത്തിന്റെ മേല്‍ക്കൂരയാകെ ചിത്രപ്പണികളാല്‍ അലംകൃതമാണ്. നായക രാജഭരണത്തിലാണ് ഇത് പണിതത്. അതിനാല്‍ ചോള വാസ്തുവിദ്യയില്‍ നിന്ന് വ്യത്യസ്തമാണ് നന്തി മണ്ഡപത്തിലെ കലയും കൊത്തുപണികളും. തൊട്ടടുത്ത് വലതുവശത്താണ് അമ്മന്‍ കോവില്‍ നിലകൊള്ളുന്നത്. പാര്‍വ്വതിയാണ് പ്രതിഷ്ഠ. ചോള കാലഘട്ടത്തിലേതല്ല ഇതും. ചുറ്റമ്പല ഭിത്തിയിലെ മനോഹരമായ ചുമര്‍ചിത്രങ്ങള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ആയിരം വര്‍ഷം പഴക്കമുള്ളവയാണ് ഇവയോരോന്നും. പ്രകൃതിദത്ത ചായക്കൂട്ടുകള്‍ കൊണ്ട് ചോളകാലത്ത് വരച്ച ഈ ചിത്രങ്ങളില്‍ പലതും മങ്ങിപ്പോയതിനാല്‍ നായക കാലത്ത് ക്ഷേത്രത്തെ നവീകരിച്ചതിന്റെ ഭാഗമായി മറ്റ് ചിത്രങ്ങള്‍ വരച്ചു ചേർത്തു. എന്നാല്‍ 1980 ആര്‍ക്കിയോളജിക്കല്‍ ഓഫ് ഇന്ത്യ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് നായക കാലത്തെ ചിത്രങ്ങള്‍ എടുത്തുമാറ്റി ചോളകാലത്തെ ചുമര്‍ചിത്രങ്ങള്‍ സംരക്ഷിച്ചു. ലോകത്ത് തന്നെ ആദ്യമായിട്ടായിരുന്നു അത്തരമൊരു നേട്ടം. ഈ ചുറ്റമ്പല പാതയില്‍ നിറയെ ശിവലിംഗങ്ങള്‍ നിരത്തിവെച്ചിരിക്കുന്നതും വ്യത്യസ്ത കാഴ്ചയായിരുന്നു. 108 ശിവലിംഗങ്ങള്‍ ഇത്തരത്തില്‍ ഇവിടെയുണ്ടെന്നാണ് പറയുന്നത്.
പരിപൂര്‍ണ്മമായും ഇന്റര്‍ലോക്കിങ് കല്ലുകള്‍ കൊരുത്തുചേര്‍ത്താണ് ക്ഷേത്രം പണിതത്. സമ്പൂര്‍ണ്മമായും കരിങ്കല്ലില്‍ ഉണ്ടാക്കിയതിനാണ് ഈ ഇന്റര്‍ലോക്കിങ് രീതി വേണ്ടിവരുന്നതും. വിമാന മേല്‍ക്കൂരയും ഇതേ ഇന്റർലോക്കിങ് രീതിയില്‍ ഒരു കല്ല് മറ്റൊന്നിനു മേല്‍ വെച്ച് ലോക്ക് ചെയ്താണ് നിര്‍മ്മിച്ചെടുത്തത്. പിസഗോപുരം അടക്കം കാലപ്പഴക്കത്തന്റെ വിഹ്വലതകളോട് പൊരുതുമ്പോള്‍ ഈ ക്ഷേത്ര വിമാനം ഉയര്‍ന്ന്, തകര്‍ച്ചയ്ക്ക് അതീതമായി നിലകൊള്ളുന്നതില്‍ ഇന്‍ര്‍ലോക്കിങ് നിര്‍മ്മാണരീതിയും വിസ്താരമുള്ള അടിത്തറയും വലിയ പങ്കുവഹിച്ചെന്ന് വിദഗ്ധര്‍ പറയുന്നു .
60.96മീറ്റര്‍ ഉയരമുള്ള ക്ഷേത്ര വിമാനത്തിന്റെ മുകളറ്റത്ത് ഒരു മകുടമുണ്ട്. ഏകശിലയില്‍ കൊത്തിയെടുത്തതാണ് ഈ മകുടമെന്ന വാദമുണ്ടെങ്കിലും 8 കഷ്ണങ്ങള്‍ ചേര്‍ത്താണ് പണിതതെന്ന് ക്ഷേത്ര രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം വ്യാജമിത്തുകളില്ലാതെ തന്നെ വാസ്തുവിദ്യകൊണ്ടും മനോഹാരിത കൊണ്ടും അമ്പരപ്പിക്കുന്നത് തന്നെ ഈ കോവില്‍. വിമാനത്തിന്റെ മുകളിലുള്ള മകുടത്തിന്റെ നിഴല്‍ ഉച്ചസമയത്ത് നിലത്ത് പതിയില്ലെന്ന മറ്റൊരു മിത്തും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ടെങ്കിലും അതിലൊന്നും സ്തിരീകരണമോ വ്യക്തതയോ ഇല്ല. ക്ഷേത്ര രേഖകളും ഇതൊന്നും അവകാശപ്പെടുന്നില്ല. വിമാനത്തിന് തൊട്ടുകീഴെയാണ് ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം സ്ഥിതി ചെയ്യുന്നത്. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. 3.66 മീറ്റര്‍ ഉയരമുണ്ടിന്. ഒരു പ്രധാന പ്രതിഷ്ഠയും ഗണപതി പാര്‍വ്വതി, സുബ്രഹ്‌മണ്യന്‍, തുടങ്ങി ഉപപ്രതിഷ്ഠകളുമടങ്ങിയതാണ് ക്ഷേത്രം. നടരാജനും നന്തിക്കുമായി രണ്ട് മണ്ഡപങ്ങളുമുണ്ട്.
തഞ്ചാവൂര്‍ മറാഠാ പാലസിലുമുണ്ട് കാണാനേറെ
തിരുവുടയാര്‍ കോവിലില്‍ നിന്ന നേരേ പോയത് മറാഠാ കൊട്ടാരത്തിലേക്കാണ്. തഞ്ചാവൂര്‍ മറാഠാ പാലസെന്നാണ് ഇപ്പോഴത്തെ വിളിപ്പേരെങ്കിലും 16-ാം നൂറ്റാണ്ടില്‍ നായകരാജാക്കന്‍മാരാണ് ഇത് പണിതത്. 17-ാം നൂറ്റാണ്ടില്‍ അധികാരത്തില്‍ വന്ന മറാഠാ രാജാക്കന്‍മാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുശേഷമാണ് ഈ കൊട്ടാരം മറാഠ പാലസെന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. തമിഴ്നാട്ടുകാര്‍ തഞ്ചാവൂര്‍ അരണ്‍ മനൈ എന്നാണ് ഇതിനെ വിളിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കൊട്ടാരം മുഴുവനായും കാണാന്‍ കഴിഞ്ഞില്ല. സരസ്വതി മഹല്‍ ലൈബ്രറി മ്യൂസിയവും ആര്‍ട്ട് ഗാലറിയുമാണ് കൊട്ടാരം സന്ദര്‍ശനത്തിലെ ഒഴിവാക്കാനാവാത്ത കാഴ്ചകള്‍. ചോഴരാജവംശ കാലത്തെ വെങ്കല നിർമിത സാധനങ്ങളുടെ ശേഖരം തന്നെ ഇവിടെ കാണാം. ആര്‍സനല്‍ ടവറും ബെല്‍ടവറുമാണ് പാലസ് സന്ദര്‍ശനത്തിലെ മറ്റ് രണ്ട് ആകര്‍ഷണങ്ങള്‍. ആര്‍സനല്‍ ടവര്‍ സൈനിക സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ഏറ്റവും മുകളിലെ നില കാവല്‍ ഗോപുരമായാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്തേതില്‍ നിന്ന് വിഭിന്നമായി ആധുനിക കെട്ടിടങ്ങള്‍ പോലെ ചതുര്‍ഭുജാകൃതിയിലെ നിര്‍മാണമാണ് ബെല്‍ടവറിന്റെ പ്രത്യേകത. ഇതിനു മുകളില്‍ കയറിയാല്‍ തഞ്ചാവൂര്‍ പട്ടണത്തിന്റെ ഏകദേശ ആകാശക്കാഴ്ച ലഭിക്കും.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കൊട്ടാരത്തിലെ സെര്‍ഫോജി മെമ്മോറിയല്‍ ഹാള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. കൊട്ടാരത്തിലെ പ്രധാന ആകര്‍ഷണ ഭാഗങ്ങളൊക്കെ ഈ ഹാളിലായിരുന്നു. കൊട്ടാര കോംപ്ലക്സിനുള്ളിലെ രഹസ്യ തുരങ്കളിലൊന്ന് സന്ദര്‍ശകര്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വവ്വാലുകളുടെ താവളമാണ് ഈ തുരങ്കമിന്ന്.
തമിഴ് മക്കളുടെ സ്മരണയ്ക്കായി പണിത മുള്ളിവയ്ക്കല്‍ സ്മാരകം
തമിഴ്നാടിന്റെ നെല്ലറയാണല്ലോ തഞ്ചാവൂര്‍ അതിനാല്‍ തന്നെ ഗ്രാമീണ തഞ്ചാവൂരിലൂടെയും തഞ്ചാവൂരിലെ വയല്‍നിലങ്ങളിലൂടെയും ഒരു യാത്ര ആഗ്രഹിച്ചിരുന്നു. കുറച്ച് നേരം നെല്‍വയലുകളിലൂടെ വണ്ടിയില്‍ റോന്തു ചുറ്റി. പാടത്തിറങ്ങി കുറച്ച് സമയം ചെലവഴിച്ചു. രാജ്യത്തെവിടെയും കാണാന്‍ കഴിയാത്ത സ്മാരകം തേടിയുള്ളതായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള യാത്ര. 2009ല്‍ ശ്രീലങ്കന്‍ സൈന്യം മുള്ളിവയ്ക്കലില്‍ കൊന്നൊടുക്കിയ തമിഴ്മക്കളോടുള്ള സ്മരണയില്‍ പണിതതാണ് തഞ്ചാവൂരിലെ മുള്ളിവയ്ക്കല്‍ സ്മാരകം. 2009ല്‍ ശ്രീലങ്കന്‍ സർക്കാരിന്റെ, തമിഴ് പുലികള്‍ക്കെതിരേ എന്ന പേരില്‍ അരങ്ങേറിയ തമിഴ്വേട്ടയിൽ 40,000ത്തോളം തമിഴരാണ് കൊല്ലപ്പെട്ടത്. പി. നെടുമാരനാണ് ഇതിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍. സ്മാരക സ്തൂപം എന്ന നിലയിലാണ് ഇത് പണിയാന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും ശ്രീലങ്കയില്‍ നടന്ന തമിഴ്ക്കൂട്ടക്കുരുതികളോടുള്ള പ്രതികരണമായി വലിയൊരു സ്മാരകമായി പില്‍ക്കാലത്ത് രൂപാന്തരപ്പെടുകയായിരുന്നു ഇത്. ശ്രീലങ്കയിലെ തമിഴരുടെ വിമോചനത്തിനായി പോരാടിയ എല്‍ടിടിയുടെ പോരാട്ടങ്ങളോടുള്ള ആദരമായുള്ള ശില്‍പങ്ങളും ചരിത്രരേഖകളും ചിത്രങ്ങളുമെല്ലാം ഈ സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പോരാട്ടത്തില്‍ മരിച്ച തമിഴരുടെയും തമിഴ് പുലികളുടെയും രക്തം കലര്‍ന്ന മണ്ണും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്ന് സംഭാവന സ്വീകരിച്ച് പണിതതാണ് ഈ സ്മാരകം. കൊല്ലപ്പെട്ട എല്‍ടിടിഇ നേതാക്കളുടെ ചിത്രങ്ങള്‍ക്കിടയില്‍ എന്തുകൊണ്ട് വേലുപ്പിള്ള പ്രഭാകരനില്ല എന്ന ചോദ്യം ചോദിച്ചപ്പോള്‍ ഡ്രൈവര്‍ നല്‍കിയ ഉത്തരം അദ്ദേഹം മരിച്ചതായി ഇവരാരും കണക്കാക്കുന്നില്ല എന്നായിരുന്നു.
Content Highlights: Brihadeeswarar Temple in Thanjavur, a UNESCO World Heritage site showcasing Chola architecture
Published: 22 Mar 2025, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented