തമിഴ്‌നാട് യാത്രയ്ക്കിടെയാണ് തിരുവനന്തപുരം കുളപ്പടക്കാരനായ പ്രതാപന് സൂര്യകാന്തിപൂവിനോടുള്ള ഇഷ്ടം മനസില്‍ കേറിയത്. പാരമ്പര്യമായി കര്‍ഷക കുടുംബത്തില്‍ ജനിച്ച് കാര്‍ഷികവൃത്തി ജീവിത വൃതമാക്കിയ പ്രതാപന്‍ പിന്നെ ഒന്നും ചിന്തിച്ചില്ല. വീടിനോട് ചേര്‍ന്ന നെല്‍പാടത്ത് സുഹൃത്ത് വഴി സംഘടിപ്പിച്ച ഒരുകിലോ സൂര്യകാന്തി വിത്ത് കൊണ്ട് കൃഷി ആരംഭിച്ചു. 

To advertise here,

മകരത്തിലെ അപ്രതീക്ഷിതമായ മഴയില്‍ ഒരാള്‍പൊക്കത്തോളമെത്തിയ നിരവധി സൂര്യകാന്തി ചെടികള്‍ അഴുകി നശിച്ചിട്ടും പ്രതീക്ഷ കൈവിടാതെ ബാക്കിയുള്ളവയെ പരിപാലിച്ചു. കഷ്ടപ്പെട്ടതൊന്നും വെറുതെ ആയില്ല. ഇപ്പോള്‍ പ്രതാപന്റെ സൂര്യകാന്തി പാടത്തേപ്പറ്റി കേട്ടറിഞ്ഞ് നിരവധി ആളുകളാണ് എത്തുന്നത്. 

ഇത്തവണ കിട്ടുന്ന വിത്തെടുത്ത് അടുത്ത കൊല്ലം വിപുലമായ കൃഷിക്കാണ് ഒരുങ്ങുന്നത്. പത്തുകിലോ വിത്തെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെ ബാക്കിയുള്ള പാടത്തും സൂര്യകാന്തി പൂവ് കൃഷി ചെയ്യുമെന്നാണ് പ്രതാപന്‍ പറയുന്നത്. സൂര്യകാന്തി പാടത്തിന്റെ വിശേഷങ്ങള്‍ കാണാം.