പശ്ചിമഘട്ട മലനിരകളുടെ വന്യമായ ഭംഗിയും തലോടിപ്പോകുന്ന കോടമഞ്ഞും... കേരളത്തിൽ നിന്നും നിലമ്പൂർ വഴി ഊട്ടിയിലേക്ക് പോകുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ് നാടുകാണി ചുരം. മലപ്പുറം ജില്ലയിലെ വഴിക്കടവിനു സമീപമുള്ള ഈ ചുരം, കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ - ഊട്ടി പാതയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്. ചുരം കയറിത്തുടങ്ങിയാൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് റോഡിന്റെ ഇരുവശത്തുമുള്ള വൻ മാലിന്യക്കൂമ്പാരമാണ്.

To advertise here,

പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് രാസമാലിന്യങ്ങളും യാത്രക്കാർ ഇവിടെ അലക്ഷ്യമായി തള്ളുന്നത് പതിവായിരിക്കുകയാണ്. കേവലം പരിസ്ഥിതി മലിനീകരണത്തിൽ ഒതുങ്ങുന്നതല്ല ഈ വിപത്ത്. നാടുകാണി ചുരത്തിൽ തള്ളുന്ന ഈ കടുത്ത മാലിന്യങ്ങൾ ഒലിച്ചിറങ്ങുന്നത് നിലമ്പൂരിന്റെ ജീവനാഡിയായ ചാലിയാർ പുഴയിലേക്കാണ്. ഈ പുഴയിലെ കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തെയാണ് യാത്രക്കാരുടെ ഈ ഉത്തരവാദിത്തമില്ലായ്മ ഗുരുതരമായി ബാധിക്കുന്നത്. വന്യജീവികളുടെ ജീവനും ഇത് വലിയ ഭീഷണിയുയർത്തുന്നു.

ഈ അപകടകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. നാടുകാണിയെ അതിന്റെ പഴയ പ്രകൃതിഭംഗിയിലേക്ക് തിരികെ കൊണ്ടുവരാനും, പൂർണ്ണമായും മാലിന്യമുക്തമാക്കാനുമുള്ള വലിയൊരു ദൗത്യം ഏറ്റെടുത്ത 'റീ ക്യാപ്ച്ചർ എർത്ത്' (Recapture Earth) എന്ന സംഘടന.