വലിയ ആശ്വാസത്തിലാണ് മാനന്തവാടി പിലാക്കാവിലെ പഞ്ചാരക്കൊല്ലിയിലെ നാട്ടുകാര്‍. പ്രദേശവാസിയായ രാധയെ കൊല്ലുകയും ദിവസങ്ങളോളം പ്രദേശത്തെ മുള്‍മുനയിലാക്കുകയും ചെയ്ത കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ വാര്‍ത്ത ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ചത്തത് നരഭോജി തന്നെയാണെന്ന് വനംവകുപ്പും ആര്‍.ആര്‍.ടി സംഘവും സ്ഥിരീകരിച്ചതോടെ ഭീതിയുടെ പിടിയില്‍ നിന്ന് ഈ നാട് മോചിപ്പിക്കപ്പെടുകയാണ്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് നാട് സന്തോഷവാര്‍ത്തയെ വരവേറ്റത്. 

To advertise here,

അതേസമയം വനമേഖലയായതിനാൽ ഇനിയും കടുവകൾ ഉണ്ടായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ നരഭോജി കടുവ ചത്തതിനാൽ പണിക്ക് പോകുമ്പോൾ തൊഴിലാളികൾക്ക് ചെറിയൊരു ആശ്വാസമുണ്ടാകുമെന്നും നാട്ടുകാരിൽ ഒരാൾ പറയുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും കടുവ ആളെക്കൊന്ന സംഭവം ഇവിടെയാദ്യമാണ്. പഞ്ചാരക്കൊല്ലിയില്‍ സ്വകാര്യ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയ മീന്‍മുട്ടി താറാട്ട് രാധയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പതിവ് മാവോയിസ്റ്റ് പരിശോധനയ്ക്കായി കാടുകയറിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് കടുവ തിന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.