പകുതി കൂലിക്ക് തോളെല്ല് തേയുന്ന പണി; എന്നിട്ടും മായാത്ത ചിരിയോടെ മലക്കപ്പാറയിലെ തൊഴിലാളികൾ
നല്ല തണുപ്പുണ്ട് മലക്കപ്പാറയിലിപ്പോൾ. എങ്കിലും രാവിലെ ഏഴിനു മുമ്പേ തന്നെ തേയില നുള്ളുന്ന സ്ത്രീകൾ ലയങ്ങളിൽ നിന്നിറങ്ങി. പലരുടേയും തുണി മാറാപ്പിൽ ഉറക്കം വിട്ടുണരുന്ന കുഞ്ഞു കണ്ണുകൾ. കമ്പനിയുടെ ക്രഷുകളിൽ കുഞ്ഞുങ്ങളെ ഏൽപ്പിച്ചു വേണം ജോലി തുടങ്ങാൻ. നടക്കാൻ തുടങ്ങിയ കുട്ടികൾ അമ്മമാരുടെ വിരൽതുമ്പു പിടിച്ച് പോകുന്നു. മാറാപ്പിനൊപ്പം ഇല നുള്ളിയിടാനുള്ള സഞ്ചികളും ഇടനേരത്തെ വിശപ്പടക്കാനുള്ള ഭക്ഷണമുള്ള പാത്രങ്ങളും. രാവിലെ ഒഴിഞ്ഞ വയറുമായാണ് എല്ലാവരുമിറങ്ങുന്നത്. ശരീരത്തിന്റെ ഭാഗമെന്ന പോലെ രണ്ട് ഉപകരണങ്ങൾ കൂടി അവരോടൊപ്പമുണ്ട്. ഇലകള് വെട്ടാനുള്ള കത്രികയും വെട്ടുമ്പോൾ നിരപ്പ് അറിയാൻ ഒരു നീണ്ട ഈറ്റക്കോലും.
ദിവസം മുഴുവൻ നീളുന്ന അധ്വാനം; അതും ചെരിവിൽ നിന്നു കൊണ്ട്. മഴ പെയ്താൽ തലയിലൂടെ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ടുകൊണ്ട് ജോലി തുടരും. തേയിലത്തോട്ടത്തിനപ്പുറം മറ്റൊരു ജീവീതമില്ലാത്തവരാണ് ഈ സ്ത്രീകൾ. ആസ്ബസ്റ്റോസ് ഷീറ്റുകളോ അലുമിനിയം ഷീറ്റുകളോ മേഞ്ഞ ഇവരുടെ വീടുകൾ അടച്ചുകെട്ടിയ തൊഴുത്തുകൾ പോലെ. പണിയെടുക്കാനായി മാത്രം ജീവിക്കുന്നവർ. ഞായറാഴ്ചകളിലെ ടെലിവിഷൻ കാഴ്ച മാത്രമാണ് വിനോദം. മലക്കപ്പാറക്ക് താഴെ സംഭവിക്കുന്നതൊന്നും അവരറിയുന്നില്ല.
മലക്കപ്പാറയിലെ ടീ എസ്റ്റേറ്റിൽ ഇപ്പോൾ കൂടുതലും തമിഴ് നാട്ടുകാരും ജാർഖണ്ഡുകാരുമാണ്. പലരും ചെറു പ്രായത്തിൽ അമ്മമാരായവർ.
ഫാക്ടറിയിൽ നിന്ന് എട്ടുമണിയുടെ സൈറൺ മുഴങ്ങി. സ്വിച്ച് ഇട്ടാലെന്ന പോലെ സ്ത്രീകൾ ജോലി തുടങ്ങി. ട്രൗസറും ഷൂസും തൊപ്പിയും ധരിച്ച് പരുക്കൻ ഭാവത്തിൽ സൂപ്പർവൈസർ ധനശേഖരൻ അവർക്ക് നിർദ്ദേശങ്ങൾ നൽകുന്നു.
34 കൊല്ലമായി മുത്തമരിസെൽവി ഈ ജോലി ചെയ്യുന്നു. തേയിലച്ചെടികളിലെ മഞ്ഞുതുള്ളികളുടെ തണുപ്പും ഇലഞ്ഞെട്ടുകളുടെ മുറുക്കവുമേറ്റ് വിരലുകള് മുറിഞ്ഞ കാലം. പിന്നീട് റബ്ബർ വിരലുറകൾ വന്നു. ഇപ്പോൾ വലിയ കത്രികകളും. വേഗത്തിൽ തേയില നുള്ളാൻ കത്രികകൾ സഹായിക്കും. പക്ഷേ, ഇരുകൈകളും ഉപയോഗിച്ചുള്ല ജോലി ഇവരുടെ തോളെല്ലുകളിൽ തേയ്മാനവും നീർക്കെട്ടും ഉണ്ടാക്കുന്നുണ്ട്. എങ്കിലും, “എന്റെ മക്കൾ പുറത്ത് പഠിച്ച് ജോലി ചെയ്യുന്നു” എന്നതിൽ മുത്തമരി അഭിമാനിക്കുന്നു. 53 വയസ്സുള്ള ലത 25 കൊല്ലമായി ഇതേയിടത്ത് ഇതേ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ടെലിവിഷനിലല്ലാതെ ഒരു സിനിമ കാണുന്നതു പോലും ഇവർക്ക് അന്യമാണ്. പുതിയ രുചികൾ,യാത്രകൾ ഒന്നും ഇവർക്കുള്ളതല്ല. ചില തോട്ടങ്ങളിൽ പന്നിയും കാട്ടുപോത്തും മുതൽ ആനയും പുലിയും വരെ ഉണ്ടാവും. അവ ആക്രമിച്ച സംഭവങ്ങളും ചുരുക്കമല്ല.
ദിവസം 21 കിലോ ഇല നുള്ളിയാൽ 450 രൂപയാണ് കൂലി. തൂക്കം കുറഞ്ഞാൽ കൂലിയും കുറയും. കൂടിയാൽ നേരിയ വർധനയുണ്ടാവും. കേരളത്തിലെ ശരാശരി കൂലിയുടെ പകുതിയോളം.
എങ്കിലും ഇവരുടെ മുഖത്ത് നിരാശയോ മടുപ്പോ കാണുന്നില്ലെന്നത് അദ്ഭുതമായി തോന്നി. കാമറക്കു മുന്നിൽ അവർ തുറന്ന് ചിരിച്ചു. അതിനുത്തരം പറഞ്ഞത് തൊഴിലാളികളുടെ പ്രിയപ്പെട്ട ‘തങ്കമ്മേച്ചി’യാണ്. 18 കൊല്ലം തേയില നുള്ളിയിരുന്ന തങ്കമ്മ മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. ഇപ്പോൾ ഇവിടെ ചെറിയ കട നടത്തുന്നു. “ ഇവരെന്നും ഒറ്റകെട്ടാണ്. ഒരാൾക്ക് തേയില തൂക്കം കുറഞ്ഞാൽ മറ്റുള്ളവർ നൽകും. ഭക്ഷണം പങ്കിടും. പണിസ്ഥലത്ത് അവർ സന്തോഷം കണ്ടെത്തുന്നു . ശക്തരാണവർ ”
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനും വോട്ടു ചെയ്യാനും വലിയ ആവേശമായിരുന്നു ഇവർക്കെന്ന് തങ്കമ്മ പറഞ്ഞു. കൊടികളും പോസ്റ്ററുകളും തെരുവിലിപ്പോഴുമുണ്ട്. ബാലറ്റിൽ മലയാളത്തിലുള്ള പേര് വായിക്കാനറിയാത്തവരാണ് മിക്കവരുമെങ്കിലും അവർക്ക് ചിഹ്നം മതിയായിരുന്നു.
മൺവഴി കടന്ന് റോഡിലെത്തി. തണുപ്പു മാറ്റാൻ കടുപ്പത്തിലൊരു ചായ . കുടിച്ചു തീരും മുമ്പേ, തേയിലത്തോട്ടത്തെ ചുറ്റി വന്ന മഞ്ഞുകാറ്റിൽ അത് തണുത്തു.
Content Highlights: Discover the challenging yet resilient lives of women tea pluckers in Malakkappara`s estates. Their daily struggles, sacrifices, and spirit of unity.
Published: 23 Dec 2025, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented