കല്ലറകളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കും,ഒരുമിച്ച് നൃത്തം ചെയ്യും; മരിച്ചവരോടൊപ്പമുള്ള കുടുംബസംഗമം
ജീവിച്ചിരിക്കുന്നവർക്കൊപ്പം മരിച്ചവരും പങ്കെടുക്കുന്ന കുടുംബസംഗമം. ആഘോഷത്തിലേക്ക് മരണപ്പെട്ടവരെ ക്ഷണിക്കുന്നതിനായി ബന്ധുക്കൾ കല്ലറകൾ തുറക്കും. പുറത്തെടുത്ത മൃതദേഹങ്ങളെ പുതുവസ്ത്രമണിയിക്കും. പിന്നെ പാട്ടും നൃത്തവുമായി ആഘോഷത്തിന്റെ രാവാണ്. വിചിത്രമായി തോന്നുമെങ്കിലും മഡഗാസ്കറിൽ ഇന്നും ആഘോഷിക്കപ്പെടുന്ന ആചാരമാണ് ഫാമാദിഹാന.
നമ്മളൊക്കെ കടം വാങ്ങിയാണെങ്കിലും ലക്ഷങ്ങൾ ചിലവഴിച്ച് വീട് വെക്കുമ്പോൾ മഡഗാസ്കറിലെ മലഗാസി വിഭാഗക്കാർ പണം ചിലവഴിക്കുന്നത് കല്ലറകളുണ്ടാക്കാനാണ്. വീട് മണ്ണും വൈക്കോലും ഉപയോഗിച്ച് നിർമ്മിക്കും. കല്ലറ കോൺക്രീറ്റും ഗ്രാനൈറ്റും കൊണ്ട് ഉണ്ടാക്കും. വീട് വീണ്ടും പുതുക്കിപണിയാം, പക്ഷേ കല്ലറകൾ എല്ലാകാലത്തും നിലനിൽക്കാനുള്ളതല്ലേ എന്നാണ് മരിച്ചവരെ അത്രമേൽ സ്നേഹിക്കുന്ന മലഗാസിക്കാരുടെ മറുപടി.
ഇനി ഫാമാദിഹാനയെക്കുറിച്ച് പറയാം. അഞ്ച് മുതൽ ഏഴ് വർഷത്തിനിടെയാണ് ഫാമാദിഹാന നടത്തുന്നത്. കുടുംബത്തിലെ മുതിർന്നൊരാളിൽ മരിച്ചുപോയ പൂർവികന്റെ ആത്മാവ് പ്രത്യക്ഷപ്പെടും. തനിക്ക് തണുക്കുന്നുണ്ട്, പുതിയ വസ്ത്രം വേണമെന്ന് ആത്മാവ് പറയും. അപ്പോഴാണ് ചടങ്ങ് നടത്താൻ തീരുമാനിക്കുക. ഏത് ദിവസമാണ് കല്ലറ തുറക്കേണ്ടതെന്നെല്ലാം തീരുമാനിക്കുന്നത് ഓംബിയാസി എന്നറിയപ്പെടുന്ന ഒരു പരമ്പരാഗത ജ്യോതിഷിയാണ്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമൊന്നും കല്ലറ തുറക്കാൻ പാടില്ലെന്നാണ് വിശ്വാസം. സാധാരണ ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിലാണ് ചടങ്ങ് നടത്താറുള്ളത്. ഇതെല്ലാം പരിഗണിച്ച് ജ്യോതിഷി തിയ്യതി കുറിക്കും. പക്ഷേ ചടങ്ങ് നടത്തണമെങ്കിൽ സർക്കാറിന്റെ അനുമതി വാങ്ങണം.
ബന്ധുക്കളും അതിഥികളുമൊക്കെയെത്തുന്ന രണ്ട് ദിവസത്തെ വലിയൊരാഘോഷമാണ് ഫാമാദിഹാന. അതിഥികൾ പണമോ മദ്യമോ ഒക്കെ സമ്മാനമായി കൊണ്ടുവരും. ബാന്റ്മേളമൊക്കെയായി ആഡംബരമായി തന്നെയാണ് ചടങ്ങ് നടത്തുക. അതിഥികൾക്കുള്ള ഭക്ഷണവും മദ്യവുമെല്ലാം ചടങ്ങ് നടത്തുന്ന കുടുംബത്തിന്റെ വകയാണ്. ചോറും പോർക്കുമാണ് സാധാരണ നൽകാറുള്ളത്. ചില കുടുംബക്കാർ രണ്ടും മൂന്നും ദിവസം ഗ്രാമത്തിലുള്ളവർക്ക് ഭക്ഷണവും ബന്ധുക്കൾക്ക് യാത്രാചിലവുമെല്ലാം നൽകും. പണം ലാഭിക്കാനായി ചെറിയ രീതിയിൽ ചടങ്ങ് നടത്തുന്നവരുമുണ്ടെങ്കിലും മലഗാസികാർക്ക് അത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. മരിച്ചവർക്കുവേണ്ടി ചെയ്യുന്നത് ആർഭാടമായി തന്നെ ചെയ്യണമെന്നാണ് ഇവർ പറയുക.
മരിച്ചവരോടുള്ള സ്നേഹവും ആദരവും കാണിക്കുന്നതിന് വേണ്ടി മാത്രമല്ല, കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന് കൂടിവേണ്ടിയാണ് ഈ ചടങ്ങ്. ഒരു കുടുംബത്തിൽ തന്നെ പത്തും പതിനഞ്ചും കുട്ടികളുണ്ടാകും. പിന്നീട് ഇവർക്കും ഇത്രതന്നെ കുട്ടികളുണ്ടാവും. അങ്ങനെ വലിയ കുടുംബമാകുമ്പോൾ എല്ലാവരും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതുമെല്ലാം ഈ ചടങ്ങിന് വരുമ്പോഴാണ്. ജനിച്ച കുട്ടികൾ മുതൽ കല്യാണം കഴിഞ്ഞ് പുതുതായി കുടുംബത്തിലേക്ക് എത്തിയവരൊക്കെയായി ഒരുപാട് പേരെ ഇങ്ങനെ പരിചയപ്പെടാനുണ്ടാവും. ചടങ്ങിന് തലേദിവസം തന്നെയെത്തി ബന്ധുക്കളെല്ലാം ഈ പരിചയപ്പെടലാണ്.
പിന്നെ പാട്ടും വർത്തമാനവും മദ്യസൽക്കാരവും അടുത്ത ദിവസത്തേക്കുള്ള ഭക്ഷണം തയ്യാറാക്കലുമൊക്കെയായി ആഘോഷം അന്നേ തുടങ്ങും. മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി തയ്യാറാക്കുന്നതുമെല്ലാം കുടുംബത്തിലെ പുരുഷന്മാരാണ്. ഇറച്ചിയൊക്കെ എല്ലാവർക്കും കൊടുക്കുമെങ്കിലും കരൾ പുതുതായി വന്ന മരുമക്കൾക്ക് മാത്രമാണ്.
അടുത്ത ദിവസമാണ് കല്ലറകൾ തുറക്കുക. ഓരോ കല്ലറകളായി തുറന്ന് മൃതദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കും. പലതും ദ്രവിച്ച് എല്ലുകൾ മാത്രമായിട്ടുണ്ടാവും. മനുഷ്യശരീരങ്ങളെന്ന് പോലും കണ്ടാൽ പറയില്ല. എന്തായാലും കല്ലറകളിൽ നിന്ന് ഓരോന്നായി പുറത്തെടുത്ത് നിരത്തിവെക്കും. എന്നിട്ട് പുതിയ സിൽക്ക് തുണികൾ കൊണ്ട് ഈ മൃതദേഹങ്ങൾ പൊതിയും. സത്യത്തിൽ ഈ തുണികൾ തന്നെ കുടുംബത്തിന് വലിയൊരു ചിലവാണ്. ചുറ്റിയ തുണിക്ക് മുകളിൽ മരിച്ചവരുടെ പേര് എഴുതും. പിന്നീട് ഈ മൃതദേഹങ്ങളോടൊപ്പം സമയം ചിലവഴിക്കലാണ്. ചിലര്‍ മരിച്ചവരോട് കഥ പറയും, പ്രായമായവർ കുടുംബത്തിലെ കുട്ടികൾക്ക് മരിച്ചയാളെ കുറിച്ച് പറഞ്ഞുകൊടുക്കും, പിന്നെ കുടുംബാംഗങ്ങളിൽ കുറച്ചുപേർ ചേർന്ന് മൃതദേഹത്തെ ഉയർത്തിപിടിച്ച് നൃത്തം ചെയ്യും, പാട്ടുപാടും. പക്ഷേ ചിലർ മാത്രം മരിച്ചുപോയവരെ ഓർത്ത് വികാരഭരിതരാവും.
മരിച്ചുപോയവരെ നന്നായി പരിപാലിച്ചാൽ അവർ കുടുംബത്തിലുള്ളവരെ അനുഗ്രഹിക്കുമെന്നും രക്ഷിക്കുമെന്നുമാണ് ഇവിടുള്ളവരുടെ മറ്റൊരു വിശ്വാസം. ഗർഭിണികളാവാത്ത സ്ത്രീകൾ ഫാമാദിഹാന ദിവസം മൃതദേഹം പൊതിഞ്ഞ തുണിയുടെ കഷ്ണമെടുത്ത് അതവരുടെ കിടക്കയ്ക്കടിയിൽ സൂക്ഷിക്കും. അതുവഴി പൂർവികരുടെ അനുഗ്രഹം ലഭിക്കുമെന്നും കുട്ടികളുണ്ടാവുമെന്നുമെന്നും ഇവർ വിശ്വസിക്കുന്നുണ്ട്.
മൃതദേഹങ്ങൾ വേഗത്തിൽ ദ്രവിക്കാനും മരണാനന്തര ജീവിതത്തിലേക്ക് മരിച്ചവരുടെ ആത്മാവിനെ നയിക്കാനുമാണ് ഈ ആചാരം നടത്തുന്നതെന്നാണ് മറ്റൊരു വിശ്വാസം. ഇങ്ങനെ മരിച്ചുപോയവരെ ബഹുമാനിക്കുന്നത് ഒരു കടമയും സന്തോഷവുമായാണ് ഇവർ കാണുന്നതും. പക്ഷേ ചില ക്രിസ്ത്യൻ വിശ്വാസികളുടെ എതിർപ്പും ചടങ്ങ് നടത്താനാവശ്യമായ ഭാരിച്ച ചിലവും കാരണം ഇന്ന് ചിലയിടത്തെല്ലാം ഫാമാദിഹാന നടത്തുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. എങ്കിലും പൂർണമായി ഇതൊന്നും അവസാനിക്കുകയില്ല. ഇതവരുടെ വിശ്വസമാണ്, സ്വത്വത്തിന്റെ ഭാഗമാണ്.
Inshort: Famadihana, a Madagascan tradition, involves exhuming ancestors, rewrapping them, and celebrating with family. Learn about this unique ritual.
Producer: Aswathi Ayanikkal
Camera : Shaheer CH
Editing: Saran Kumar Bare
Content Highlights: Madagascar`s Famadihana: A Unique Funeral Ritual
Published: 04 Dec 2024, 06:00 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented