ഒരു നാടിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ കഥയുണ്ട് അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന് പറയാൻ. നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് കരിപ്പയാറിന് നടുവിൽ ഒറ്റപ്പെട്ടുപോയ തൊടുമല ഗ്രാമവാസികളുടെ വർഷങ്ങളായുള്ള ദുരിതമാണ് പാലം വന്നതോടെ അവസാനിച്ചത്. അതുകൊണ്ട് തന്നെയാണ് കരിപ്പയാറിനു കുറുകേ നാടിനെയും ഊരിനെയും ചേർത്തുകെട്ടിയ പാലത്തിന്റെ ഉദ്ഘാടനം നാടിന് ആഘോഷമാകുന്നത്.

To advertise here,

253.4 മീറ്റർ നീളം. 11 മീറ്റർ വീതി. ഇതിൽ 8 മീറ്റർ റോഡും ബാക്കി ഇരുവശത്തുമുള്ള നടപ്പാതകളുമാണ്. സംസ്ഥാനത്ത് നദിയ്ക്ക് കുറുകെ നിർമ്മിച്ച ഏറ്റവും നീളം കൂടിയ പാലം കൂടിയാണിത്. ഒരു നാടിന്റെ കാലങ്ങളായുള്ള ആവശ്യം കണ്ടറിഞ്ഞ് 'മാതൃഭൂമി' തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ചുവപ്പുനാടയുടെ തടസ്സങ്ങളെല്ലാം നീങ്ങി പാലത്തിനായി കല്ലിട്ടപ്പോഴും ഇടയ്ക്കു പണി നിലച്ചപ്പോഴുമെല്ലാം അമ്പൂരിക്കാർക്കായി 'മാതൃഭൂമി' ശബ്ദിച്ചു.

നാടിന് ഉത്സവംപോലെയായിരുന്നു ബുധനാഴ്ചയിലെ ഉദ്ഘാടനം. ദിവസങ്ങളായി കാത്തിരിപ്പിലായിരുന്നു പ്രദേശവാസികൾ. ഫ്‌ലാഷ്മോബ്, ശിങ്കാരിമേളം, പൂക്കാവടി തുടങ്ങി ഘോഷയാത്രയ്ക്ക് ആവേശം നൽകുന്നതരത്തിലുള്ള ഒരുക്കങ്ങളാണ് കുമ്പിച്ചൽക്കടവ് പാലത്തിൽ ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് പാലം സമർപ്പിക്കുന്നത് കാണാൻ നാട്ടുകാർ ഒഴുകിയെത്തി. കരിപ്പയാറിലൂടെ കടത്തുവള്ളത്തിലേറിവരുമ്പോൾ അവർ കണ്ട സ്വപ്നമായിരുന്നു ഊരിലേക്കൊരു പാലം. മലമടക്കിലേക്കു വിരിച്ചിട്ട ആ മനോഹരമായ പാലത്തിലൂടെ ആഘോഷമായി അവർ നടന്നുനീങ്ങി.