സിനിമക്കഥയെ തോല്‍പിക്കുന്ന  മധുര പ്രതികാരത്തിന്റെ കഥയുടെ പശ്ചാത്തലം കുറിച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്. കോവിഡ് പ്രതിസന്ധി കാലം.  2020- 21 വര്‍ഷങ്ങളില്‍ വൈദ്യുതി കുടിശ്ശിക മൂലം ബില്‍ അടക്കാന്‍ ബുദ്ധിമുട്ടിയ സമയം. ഫ്യൂസൂരാന്‍ ഒരുങ്ങിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് സ്‌കൂള്‍ പിടിഎയും അധ്യാപകരും സംസാരിച്ചാണ് അന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. എന്നാല്‍ സ്‌കൂളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കുടിശികപ്രശ്‌നത്തിന് വിരാമമിട്ടു സ്‌കൂള്‍ അധികൃതര്‍.

To advertise here,

ജില്ലാ പഞ്ചായത്ത് പദ്ധതി വഴി 10 ലക്ഷം രൂപ ചെലവഴിച്ചാണ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചത്.  സോളാര്‍ പാനല്‍ സ്ഥാപിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിച്ച കോട്ടയം കുറിച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  മിച്ചം വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് വില്‍ക്കാനൊരുങ്ങുകയാണ് ഇന്ന്. ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖാണ് സ്‌കൂളിന്റെ അതിജീവനത്തിന് കരുത്ത് പകര്‍ന്നത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് വൈദ്യുതി ബില്ലിന്റെ ഷോക്ക് എങ്ങനെ ഒഴിവാക്കാമെന്ന മാതൃകയാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍ കാണിച്ചു തരുന്നത്.