കോട്ടയത്തെ പായ നെയ്ത്തു ഗ്രാമം ചെമ്മനത്തുകര ഇന്നും നെയ്യുന്നു അഴകുള്ള തഴപായകള്
വൈക്കം: വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കത്തിനടത്തുള്ള ചെമ്മനത്തുകര എന്ന കൊച്ചുഗ്രാമത്തിലേക്ക് രാത്രിയില്‍ എത്തിയാല്‍ വീടിന്റെ ഉമ്മറത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ തഴപായ നെയ്യുന്ന സ്ത്രീകളെ കാണാമായിരുന്നു. ഇന്നും അത്തരമൊരു പതിവ് തുടരുകയാണ് ചെമ്മനത്തുകരക്കാര്‍. ഒരു വ്യത്യാസം മാത്രം, മണ്ണെണ്ണ വിളക്കിന് പകരം വൈദ്യുതി എത്തി.
കാലം മാറി തഴപായക്ക് പകരം പ്ലാസ്റ്റിക്കിന്റെ പായ സ്ഥാനം പിടിച്ചെങ്കിലും ഇന്നും ചെമ്മനത്തുകരക്കാരുടെ തഴപായകള്‍ക്ക് വന്‍ ഡിമാന്റാണ്.
പുത്തന്‍ തറയില്‍ ഓമന പ്രകാശന്‍, ജലജ സോമന്‍, ശാന്തമ്മ വാസു, കമലാലയത്തില്‍ കമലാക്ഷി കുഞ്ഞന്‍, കരിയില്‍ തങ്കമ്മ സുരേന്ദ്രന്‍, മുരുത്തല്ലിത്തറയില്‍ ലക്ഷ്മികുട്ടി പങ്കജാക്ഷന്‍ തുടങ്ങിയവരെ പോലെ അന്‍പതിലധികം സ്ത്രീകള്‍ ഇന്നും ചെമ്മനത്തുകരയുടെ യശ്ശസുയര്‍ത്തി തഴപായ നെയ്യുകയാണ്.
സുവര്‍ണകാലഘട്ടം
ഒരു കാലഘട്ടത്തില്‍ ചെമ്മനത്തുകരയിലുള്ള എല്ലാ വീട്ടിലെയും സ്ത്രീകള്‍ക്ക് പായ നെയ്ത്ത് അറിയാമായിരുന്നു. തോടിന്റെ വരമ്പത്ത് നില്‍ക്കുന്ന തഴചെടിയുടെ ഓല ചെത്തി, മുള്ള് കളഞ്ഞ് വൃത്താകൃതിയില്‍ ചുരുട്ടി വെയിലത്ത് വെച്ച് ഉണക്കും. ഇതാണ് ആദ്യഘട്ടം. നന്നായി ഉണങ്ങിയാല്‍ പ്രത്യേക തരത്തിലുള്ള കത്തി ഉപയോഗിച്ച് (തഴക്കത്തി) ഓല കീറും. പിന്നെ കോണ്‍ കുത്തി പായ നെയ്യാന്‍ തുടങ്ങും.
കാല്‍ പാദത്തിന്റെ ചുവട് കണക്കാക്കിയാണ് പായയുടെ അളവ്. മൂന്ന് ചുവടാണ് ഏറ്റവും ചെറിയ അളവ്. ആറ് ചുവട്, ഏഴരചുവട് എന്നിങ്ങനെയാണ് മറ്റു അളവുകള്‍.
സമയം ലഭിക്കുന്ന മുറയ്ക്കാണ് പായ നെയ്യുന്നത്. വൈകുന്നേരമാകുമ്പോള്‍ വൈക്കം ഫൊറോന പള്ളിക്ക് സമീപമുള്ള റോഡരികിലോ കെ.വി.കനാലിന് സമീപമുള്ള ശ്രീമൂലം മാര്‍ക്കറ്റിലോ നെയ്ത പായകള്‍ കൊണ്ടുവന്നുവെയ്ക്കും. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ എത്തി പായ പണം നല്‍കി വാങ്ങും. ഈ പണവുമായി വൈക്കം ടൗണിലെത്തി വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി തിരികെ വരുന്നതായിരുന്നു പതിവ്. ഇത് ചെമ്മനത്തുകരക്കാരുടെ ദിനചര്യതന്നെയായിരുന്നു.
ഇന്നും വന്‍ ഡിമാന്റ്
ചെമ്മനത്തുകരക്കാരുടെ പായയ്ക്ക് ഇന്നും വന്‍ ഡിമാന്റാണ്. നെയ്ത്തുകാരുടെ എണ്ണം കുറഞ്ഞതും ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതും പ്രതീക്ഷയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. റോഡരികിലെയും ചന്തയിലെയും കച്ചവടം വിസ്മൃതിയിലാണ്ടപ്പോള്‍ പായ നെയ്യുന്നവരുടെ വീടുകളില്‍ വന്നാണ് കച്ചവടക്കാര്‍ സാധനങ്ങള്‍ വാങ്ങുന്നത്. വലുപ്പത്തിനും നിറത്തിനും അനുസരിച്ചാണ് പണം. 100 രൂപ മുതല്‍ 250 രൂപ വരെയാണ് ഇപ്പോള്‍ ഒരു പായയ്ക്ക് ലഭിക്കുന്നത്. ആഴ്ചയില്‍ ആറു മുതല്‍ ഏഴ് പായ വരെ ഒരാള്‍ നെയ്തെടുക്കും. പ്രത്യേക സമയം ആവശ്യമില്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും നെയ്ത്ത് ജോലിയില്‍ ഏര്‍പ്പെടാം.
വര്‍ഷങ്ങള്‍ക്കിപ്പുറം പാടങ്ങള്‍ ചെറുതായി. നാട്ടുതോടുകള്‍ ഇല്ലാതായി. വേലികള്‍ക്ക് പകരം മതിലുകള്‍ വന്നു. ഇതോടെ തിരഞ്ഞ് കണ്ടെത്തേണ്ട ചെടിയെന്ന അവസ്ഥയിലേക്ക് കൈത മാറി. എന്നാല്‍ ചെമ്മനത്തുകരയില്‍ കൈത സുലഭമാണ്. കൂടാതെ 50 രൂപ നല്‍കിയാല്‍ ഒരു കെട്ട് കൈത ഓല ലഭിക്കും. ഒരു കെട്ടുകൊണ്ട് ഒരു പായ നെയ്യാം.
തഴകൊണ്ട് പായ നെയ്ത് ഉപജീവനം നടത്തിയവരാണ് ചെമ്മനത്തുകരയിലുള്ളവരിലേറെയും. ഇവിടെ മാത്രമല്ല, വെച്ചൂര്‍, ഉല്ലല തുടങ്ങിയ പ്രദേശങ്ങളിലും പായ നെയ്യുന്നവരുണ്ടായിരുന്നു. പുതുതലമുറ ഇതിനോട് മുഖം തിരിക്കുന്നുവെന്നതാണ് നിലവില്‍ പായ നെയ്യുന്നവരുടെ സങ്കടം.
Content Highlights: farmers weaving kaitha plant
Published: 28 Feb 2024, 11:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented