കള്ളുചെത്തി കുടുംബം നോക്കുന്ന പെണ്ണുണ്ട് കണ്ണൂരിൽ. പേര് ഷീജ കണ്ണവം. ഭർത്താവ് ജയകുമാറിന് വാഹനാപകടം സംഭവിച്ച് കിടപ്പിലായപ്പോൾ മറ്റ് നിർവാഹമില്ലാതെയാണ് അന്ന് ഷീജ തെങ്ങുകയറാനിറങ്ങിയത്. ചെത്തിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ച അനിയന്റെ ഓർമ്മകളും, ഒരു ഉൾനാടൻ ഗ്രാമത്തിൽ ഒരു പെണ്ണ് കള്ള് ചെത്താൻ തെങ്ങ് കയറുന്നുവെന്നറിഞ്ഞാൽ ആളുകളെന്ത് പറയുമെന്ന് ആകുലതയുമെല്ലാം പട്ടിണിയെന്ന മൂന്നക്ഷരത്തിന് മുന്നിൽ അവർ മാറ്റിവെച്ചു.

To advertise here,

ആളുകളെ കാണുമ്പോൾ മറഞ്ഞിരുന്നു, തലചുറ്റുമ്പോൾ തെങ്ങിനെ അള്ളിപ്പിടിച്ചും അവർ കയറിപ്പഠിച്ചു. 2018-ൽ മാതൃഭൂമി ഷീജയുടെ കഥ വീഡിയോ ഫീച്ചർ ചെയ്യുമ്പോൾ ഇതായിരുന്നു അവർ. എന്നാൽ വാർത്ത കണ്ട നാട് അവരെ പരിഹസിച്ചില്ല. സ്‌നേഹപുരസരം നെഞ്ചേറ്റി, ആദരിച്ചു. കള്ള് ചെത്ത് തൊഴിലാളിക്കുള്ള ലൈസൻസ് നൽകി സർക്കാർ ഷീജയെ ചേർത്ത് നിർത്തി. അങ്ങനെ കേരളത്തിലെ ആദ്യ വനിതാ കള്ള് ചെത്ത് തൊഴിലാളിയായി. ഇന്ന് കണ്ണവത്തിന്റെ അഭിമാനമാണ് ഷീജ. | mathrubhumi throwback