തൃശ്ശൂർ ഭാഷയിലൊരു നർമ്മം കലർന്ന താളമുണ്ടെന്നും തൃശ്ശൂർക്കാരെല്ലാം ഓരോ കഥാപാത്രങ്ങളാണെന്നും തിരിച്ചറിഞ്ഞ് വേദിയിലെത്തിച്ച കലാകാരനാണ് ജയരാജ് വാര്യർ. അഭിനയത്തിലും സംഗീതത്തിലും സംഘാടനത്തിലും കൈയൊപ്പ് ചാർത്തിയ കലാകാരൻ. അദ്ദേഹത്തിന്റെ നാടായ പനമുക്കിനെ കുറിച്ചും അവിടെ നിന്നും തുടങ്ങിയ കലാജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.

To advertise here,

'സിനിമ കണ്ട് വീട്ടിൽ വന്ന് കണ്ണാടിക്കു മുന്നിൽ നിന്ന് നടൻമാരെ അനുകരിച്ചാണ് ഞാൻ അഭിനയം പഠിച്ച് തുടങ്ങിയത്. അങ്ങനെ അഭിനയരീതിയിലേക്ക് വന്നുവെന്നും പറയാം. പക്ഷേ, അച്ഛൻ കരുതി ഞാൻ വഴിതെറ്റി പോകുമെന്ന്. അതുകൊണ്ട് ഫാർമസി പഠിപ്പിച്ച് ആ രംഗത്തേക്ക് വിട്ടു. അതിനായി വീടിനോട് ചേർന്ന് ഒരു കടമുറി തന്നെ പണിതു. ഫാർമസിസ്റ്റ് ആയി കുറേ നാൾ ജോലി ചെയ്തു. എന്നാൽ, അവിടെ അധികം തുടരാൻ എനിക്കായില്ല. ജോസ് ചിറമ്മൽ എന്നെ വിളിച്ച് മുദ്രാരാക്ഷസം നാടകത്തിലേക്ക് കൊണ്ടു പോയി. അങ്ങനെ വീണ്ടും കലയിലേക്ക് വന്നു. എന്നാൽ ഫാർമസിയോട് എനിക്കിപ്പോഴും ഇഷ്ടമാണ്. ഇപ്പോഴും മരുന്നുകളുടെ കോമ്പൗണ്ടുകൾ ഞാൻ ചോദിച്ച് മനസ്സിലാക്കാറുണ്ട്. മരുന്ന് എന്റ നർമ്മത്തിലും വരാറുണ്ട്', ജയരാജ് വാര്യർ പറഞ്ഞു

'ഞാൻ ആദ്യം കണ്ട ആദ്യ നടൻ വെളിച്ചപ്പാടാണ്. സംഭാഷണത്തിന്റെ വ്യത്യാസം, ഭാവമാറ്റം എല്ലാം വെളിച്ചപ്പാടിൽ പ്രകടമാണ്. പരകായപ്രവേശമാണത്. കളം പാട്ട് മറ്റൊരു കലാപ്രകടനമാണ്. വേണുവാശാൻ എന്നൊരു തുള്ളൽ കലാകാരനെ വീട്ടിലേക്ക് വിളിച്ച് അച്ഛനെന്നെ തുള്ളൽ പഠിപ്പിച്ചു. ഓട്ടൻതുള്ളൽ പഠിച്ചത് എന്റെ അഭിനയത്തെ സഹായിച്ചിട്ടുണ്ട്. ഈ വട്ടപ്പിന്നി ക്ഷേത്രത്തിലെ വൃക്ഷത്തറയിലാണ് ഞാൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. അമ്പലത്തിലെ കഴകക്കാരന്റെ മകനാണ് ഞാൻ. പൂട്ടും താക്കോലുമില്ലാത്ത ക്ഷേത്രമായിരുന്നു ഇത്. കുട്ടിക്കാലത്ത് ചില ദിവസങ്ങളിൽ ഞാൻ വന്നാണ് നട തുറക്കുക. മൈക്കിൽ പാട്ടു വെക്കും. ക്ഷേത്രത്തിൽ ഇലത്താളം വായിക്കാൻ യാദൃശ്ചികമായി അവസരം കിട്ടിയപ്പോൾ കുറേനാൾ അത് തുടർന്നു. താളബോധത്തെ നിശ്ചയിക്കുന്നതായി അതും.'

'വട്ടപ്പിന്നി ക്ഷേത്രവും പരിസരവും ഇവിടത്തെ ജീവനക്കാരും നാട്ടുകാരുമാണ് എന്നിൽ കലയുടെ വിത്തുവിതച്ചതെന്നു പറയാം. ഈ ഊരിൽ ജനിച്ചതു കൊണ്ടാണ് ഞാനൊരു കലാകാരനായതെന്ന് വിശ്വസിക്കുന്നു. എന്നെ നർമ്മത്തിന്റെ കലാകാരനാക്കിയത് നാട്ടുകാരുമായി ഇടപെഴകലാണ്. ഈ പരിസരത്ത് ഇരുന്നാണ് സാധാരണക്കാരായ ആളുകളെ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നത്. ഏറ്റവും കൂടുതൽ മിന്നാമിന്നികളെ ഞാൻ കണ്ടത് ആ ക്ഷേത്ര പരിസരത്താണ്.'

'വ്യത്യസ്ഥതക്കുവേണ്ടിയുള്ള ആലോചനയിലാണ് ഭാഷയുടെ വൈവിധ്യത്തെ അവതരിപ്പിച്ചത്. ദാ, എവിട്യാസ്റ്റാ, എന്തൂട്ട് തേങ്ങ്യാദ്...ഒരു ചുക്കുംല്യാ.. തുടങ്ങിയ  ശൈലികൾ തൃശ്ശൂർക്കാരന്റെ സ്വന്തമാണ്. തൃശ്ശൂർ പൂരത്തെ കുറിച്ച് ചാനലിനുവേണ്ടി പറയുമ്പോൾ പലരും ഈ ശൈലിയിലാണ് എന്നോട് പ്രതികരിക്കാറുള്ളത്.” ദേ, ജയരാജേട്ടൻ തൊടങ്ങീട്ടാ..” എന്നവർ പറയും. കൂർക്കഞ്ചേരി പൂരത്തിന് അവസാന കാവടി എടുത്ത പോലെ എന്ന ശൈലി തൃശ്ശൂർക്കാരുടെ സ്വന്തമാണ്. അവസാനം ഉത്തരവാദിത്തം ആരും ഏറ്റെടുക്കില്ലെന്നാണ് ഇതിന്റെ അർഥം.'

'ഇപ്പോൾ അഭിനയത്തിന് കഴിയുന്നില്ല. ജോസ് ചിറമ്മലാണ് എനിക്ക് ധാരാളം അവസരം തന്നത്. ജയപ്രകാശ് കൂളൂരാണ് പിന്നെ എന്നെ വളർത്തിയത്. നാടകം പ്രധാനമായും നടന്റെ കലയാണ്. സിനിമയെന്നാൽ സംവിധായകൻ പറയുന്നത് മാത്രം ചെയ്യലാണ്. അത് സുഖമാണ്. വലിയ പണിയില്ല. ഞാൻ നാടകത്തിലേക്ക് തിരിച്ചു വരും', ജയരാജ് വാര്യർ പറഞ്ഞു. 

Inshort: Jayaraj Variyar, a Thrissur-based artist, discusses his life, career, and the influence of his hometown`s unique culture on his art.