
ഷാര്‍ജ: മലയാളകവിതകള്‍ കാച്ചിക്കുറുക്കി പുതിയ രൂപത്തില്‍ കവിതാസ്വാദകരിലെത്തിക്കുകയാണ് 'കാവ്യനടന' ത്തിലൂടെയെന്ന് നടനും കരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ പറഞ്ഞു.
ഞായറാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ അരങ്ങേറുന്ന കാവ്യനടനം പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രവാസലോകത്ത് അപൂര്‍വമായാണ് ഇത്തരത്തില്‍ മലയാളകവിതയെ പുതിയ രൂപത്തിലും ഭാഷയിലും അവതരിപ്പിക്കുന്നത്.
പാട്ടും പാശ്ചാത്യ മേളവും തമാശയും മാത്രമല്ല കലാവേദി, അവിടെ മലയാളകവിതകള്‍ക്കും ഇടമുണ്ടെന്ന് കാവ്യനടനം ഓര്‍മ്മിപ്പിക്കുന്നു.
പ്രാചീനകവികള്‍ മുതല്‍ വയലാറും പി. ഭാസ്‌കരനും തിരുനെല്ലൂര്‍ കരുണാകരനും ഒ.എന്‍.വി.യും അക്കിത്തവുമെന്നുവേണ്ട മലയാള കവിതാലോകത്ത് വസന്തം വിരിയിച്ചവര്‍ അനവധിയാണ്.
അവരെയെല്ലാം പ്രവാസലോകത്ത് ഓര്‍മ്മിക്കുന്ന വേദികൂടിയാണ് ഞായറാഴ്ചത്തെ കാവ്യനടനം പരിപാടിയെന്നും ജയരാജ് വാര്യര്‍ പറഞ്ഞു.
വയലാറിന്റെ മകനും മലയാള സിനിമാഗാനമേഖലയിലെ വേറിട്ട രചനാശൈലിയുടെ ഉടമയുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ, ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖാ വാര്യര്‍, മകന്‍ സാരംഗ്, കവി എന്‍.എസ്. സുമേഷ് കൃഷ്ണന്‍ എന്നിവരും കാവ്യനടനം പരിപാടിയില്‍ അതിഥികളായി കേരളത്തില്‍നിന്നുമെത്തിയിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണി മുതലാണ് ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ കവിതകള്‍ ആലപിച്ചും കവിതകളുടെ നൃത്താവിഷ്‌കാരം തത്സമയം അവതരിപ്പിച്ചും കാവ്യനടനം അരങ്ങേറുക. യു.എ.ഇ.യിലെ നൃത്ത കലാകാരന്മാരും പങ്കെടുക്കും. രാജീവ് പിള്ള ആന്‍ഡ് ഫ്രണ്ട്സ്, ഷാര്‍ജ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം എന്നിവ സംയുക്തമായാണ് പരിപാടിയുടെ സംഘാടകര്‍.
Content Highlights: jayaraj warrier indulekha warrier sarang valayar saratchandra varma poetic language
Published: 08 Dec 2024, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented