മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം.കെ. കൃഷ്ണകുമാറിന്റെ 'പത്രത്തിന്റെ പണിപ്പുര' എന്ന പുസ്തകത്തെ കുറിച്ച് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ എഴുതുന്നു.

To advertise here,

പത്രം പതിവായി വായിക്കുന്നയാളാണ് ഞാന്‍. എന്നെക്കുറിച്ചും ഞാന്‍ അവതരിപ്പിക്കുന്ന പരിപാടികളെ കുറിച്ചും വരുന്ന വാര്‍ത്തകള്‍ താല്‍പര്യത്തോടെ വായിക്കാറുണ്ടെന്നതും സത്യമാണ്. പത്രത്തില്‍ പടം അച്ചടിച്ചുവരുന്നത് എനിക്കിഷ്ടമാണ്. എനിക്കിതിലൊന്നും താല്‍പര്യമില്ലെന്ന് ജാഡ പറയാന്‍ ഞാനൊരുക്കമല്ല. അങ്ങനെയിരിക്കെയാണ് എന്റെ മുന്നില്‍ 'പത്രത്തിന്റെ പണിപ്പുര' എന്നൊരു പുസ്തകം വരുന്നത്. വായിച്ചു. ഒറ്റയിരുപ്പിന് എന്ന് അതിശയോക്തി പറയുന്നില്ല. സമയം കിട്ടിയതിനനുസരിച്ച്  മൂന്നു നാല് ഇരുപ്പിന് വായിച്ചുതീര്‍ത്തു.

ചില ഭാഗങ്ങളെല്ലാം എനിക്ക് മനഃപാഠമായിട്ടുണ്ട്. അതെല്ലാം ഞാന്‍ വീണ്ടും വായിച്ചു. ''മുഖപ്രസംഗങ്ങള്‍ വായിക്കാതെ പോകരുത്. അവ നിങ്ങളോട് ചിലത് പറയുന്നുണ്ട്. നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതോ അറിയാന്‍ ആഗ്രഹിച്ചതോ ആയിരിക്കാം അത്'' എന്ന് ഒരു അധ്യായത്തിന്റെ ആമുഖമായി പറയുന്നതാണ് അതിലൊന്ന്. എന്തായാലും ഞാനിനി മുഖപ്രസംഗം വായിക്കും.
  
'സ്റ്റോറി', 'ഡെസ്‌ക്', 'ഡെഡ്‌ലൈന്‍', 'ഇന്‍ട്രോ' എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും ശരിയായി മനസ്സിലാക്കിയത് ഇപ്പോഴാണ്. വാര്‍ത്തകളില്‍ 'മഴ' എങ്ങനെയെല്ലാം മാറി വരുന്നു എന്ന വിവരണമാണ് ഏറെ കൗതുകകരമായി തോന്നിയ മറ്റൊന്ന്. ആരും വാര്‍ത്തയാക്കാതിരുന്ന 'മഴ'യാണ് ഇപ്പോള്‍ എല്ലാ ദിവസവും വലിയ വാര്‍ത്തയാകുന്നത്! കൃഷിയും പ്രാദേശിക പേജുകളില്‍ സ്ഥിരം വാര്‍ത്തയായത് ഇക്കാലത്താണല്ലോ എന്നും ഞാനോര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ഇന്നൊരു വാര്‍ത്തയല്ല. അവര്‍ നമ്മുടെ കൊയ്ത്തുപാടത്തുവരെ സ്ഥിരം കാഴ്ചയാണ്. അവരുടെ നാട്ടിലെ കൊയ്ത്തു പാട്ടാണ് ഇപ്പോള്‍ കേരളത്തിന്റെ കൊയ്ത്തു പാട്ട്. എന്നാല്‍, പെരുമ്പാവൂരിലെ അയല്‍ ദേശ തൊഴിലാളികളെ കുറിച്ച് വാരാന്തപ്പതിപ്പില്‍ ഒരു ഫീച്ചര്‍തന്നെ പ്രസിദ്ധീകരിച്ച കാലമുണ്ടായിരുന്നു എന്നത് ഈ പുസ്തകം രസകരമായി നമ്മെ ഒര്‍മിപ്പിക്കുന്നു.
 
ഫീച്ചറുകള്‍ മറ്റ് പലരേയും പോലെ എനിക്കും ഇഷ്ടമാണ്. എന്നാല്‍, എന്തെല്ലാം തരം ഫീച്ചറുകളാണ് ഉള്ളത്, അതെല്ലാം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. മാതൃഭൂമിയിലെ ഫീച്ചറുകള്‍ മാത്രമല്ല, മലയാള മനോരമയിലെ ഫീച്ചറുകളും ഈ പുസ്തകത്തില്‍ കാണുന്നുണ്ട്. തലക്കെട്ടുകളാണ് എന്നെ ഏറെ രസിപ്പിച്ച മറ്റൊരു ഭാഗം. നല്ല തലക്കെട്ട് കണ്ടാല്‍ ഞാനും ശ്രദ്ധിക്കാറുണ്ട്. ഗംഭീരമായ കുറേ തലക്കെട്ടുകളെ കുറിച്ചും 'പണിപ്പുര'യില്‍ പറയുന്നുണ്ട്.
 
കാലാവസ്ഥാമാറ്റത്തെ കുറിച്ച് മാതൃഭൂമിയില്‍ മുമ്പ് പ്രസിദ്ധീകരിച്ച, 'മായുന്ന മാമ്പഴക്കാലം' എന്ന പരമ്പരയും വനത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച് വാരാന്തപ്പതിപ്പില്‍ വന്ന 'കാട്ടിലെ കൊല' എന്ന ഫീച്ചറും എഴുതാനിടയായ സാഹചര്യം പുസ്തകത്തില്‍ പറയുന്നുണ്ട്. ദുര്‍മന്ത്രവാദത്തെ കുറിച്ചുള്ള 'കേരളം കൂടോത്രക്കളത്തില്‍'എന്ന പരമ്പരയുടെ പിന്നാമ്പുറങ്ങളും അതീവ രസകരമായി തോന്നി. 
  
പത്രത്തെ കുറിച്ചാവുമ്പോള്‍ എഴുത്ത് ഗൗരവത്തിലാവും എന്ന് ഞാന്‍ സംശയിച്ചിരുന്നു. എന്നാല്‍, നല്ല നര്‍മം ചേര്‍ത്താണ് പല ഭാഗങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. ലളിതമായി പറയുന്ന, സരസമായി പറയുന്ന ലേഖകന്റെ ശൈലിക്ക് കൈയടിക്കാതെ വയ്യ. അതുകൊണ്ടുതന്നെ ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കെന്ന പോലെ പൊതുജനത്തിനെല്ലാം രസത്തോടെ വായിക്കാം. മുഷിയില്ല. 

പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ് കണ്ടെത്തിയതുമായ ചില അബദ്ധങ്ങളാണ് എന്നെ കൂടുതല്‍ ചിരിപ്പിച്ചത്. ഈ പുസ്തകത്തിന്റെ മറ്റൊരു ഗുണമായി തോന്നിയത്, ഏത് അധ്യായത്തില്‍ നിന്നും ഈ പുസ്തകം വായിച്ച് തുടങ്ങാം എന്നതാണ്. ഇക്കാര്യം പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുമുണ്ട്. ഓരോ അധ്യായങ്ങളും ഓരോരോ വിഷയങ്ങളെ കുറിച്ചാണ്.

അവരവര്‍ക്ക് താല്‍പര്യമുള്ള ഭാഗം ആദ്യം വായിക്കാന്‍ കഴിയും. അതുകൊള്ളാമെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ സ്റ്റേജ് പരിപാടികള്‍ നടത്തുമ്പോള്‍ തുടക്കം മിന്നിക്കണമെന്ന് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ സംഗതി കൈവിട്ടുപോകും. തുടക്കം നന്നായാല്‍ പകുതി ജയിച്ചു എന്നാണ് പറയുക. ഈ പുസ്തകത്തിലെ ഭാഗങ്ങള്‍ ഓരോന്നും ഓരോ തുടക്കമാണ്. അതോരോന്നും മിന്നിക്കാന്‍ ലേഖകന് കഴിഞ്ഞിട്ടുണ്ട്.