കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്ത് റോപ്പ് വേ നിര്‍മിക്കുന്നത് പരിഗണനയില്‍. ടൂറിസംവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള സ്ഥലപരിശോധന നടക്കുകയാണെന്ന് കേരള സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു. നിലവില്‍ കണ്ടെത്തിയ സ്ഥലം വനംവകുപ്പിന്റെ കീഴിലുള്ളതായതിനാല്‍ അവരുടെ അനുമതി ആവശ്യമാണ്.
ഇക്കാര്യം വനംവകുപ്പിന്റെ പരിഗണനയിലാണ്. അവരുടെ അനുമതി കിട്ടിയാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ. പൊതുമേഖലാ സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തോടെ കൂടുതല്‍ സാഹസിക ടൂറിസം പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്ന കാര്യവും പരിഗണനയിലാണ്-അദ്ദേഹം പറഞ്ഞു. ജില്ലയിലെ സാഹസിക ടൂറിസം സാധ്യതകളെക്കുറിച്ച് ഡിടിപിസി ഹോട്ടല്‍ സിറ്റി ടവറില്‍ നടത്തിയ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു സൊസൈറ്റി സിഇഒ.
കാസര്‍കോടിന് വന്‍ സാധ്യത
സാഹസികടൂറിസത്തിന് കാസര്‍കോടിന് സാധ്യതകളേറെ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചുള്ള സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. കരയിലും വെള്ളത്തിലും വായുവിലുമുള്ള സാഹസിക ടൂറിസത്തിന് ജില്ലയില്‍ സാധ്യതയേറെയാണ്. തീരപ്രദേശങ്ങളില്‍ പാരാസെയിലിങ്, സ്‌കൂബാ ഡൈവിങ്, സര്‍ഫിങ്, വാട്ടര്‍ബോട്ട്, ഫണ്‍റൈഡ് തുടങ്ങിയവയ്ക്കും പുഴകളില്‍ കയാക്കിങ്, റാഫ്റ്റിങ് തുടങ്ങിയവയ്ക്കും കുന്നിന്‍പ്രദേശങ്ങളില്‍ ട്രെക്കിങ്ങിനും പാരാഗ്ലൈഡിങ്ങിനുമുള്ള സാധ്യതയുണ്ട്. ഇതില്‍ ഏതൊക്കെ പ്രായോഗികമാണെന്ന് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ടൂറിസം വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ശ്രമം.
ആദ്യം മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത് കേരളം
രാജ്യത്താദ്യമായി സാഹസികടൂറിസത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത് കേരളമാണ്. ഓരോ സാഹസിക ടൂറിസം പദ്ധതിയും നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി പുറത്തിറക്കിയിട്ടുണ്ട്.
സാഹസികടൂറിസം ജില്ലയില്‍
ജില്ലയില്‍ സാഹസികടൂറിസം പ്രൊമോഷന്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുള്ള സാഹസിക ടൂറിസം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമായും കരയിലും വെള്ളത്തിലുമുള്ള സാഹസിക ടൂറിസം യൂണിറ്റുകളാണുള്ളത്. കയാക്കിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ടെന്റ് ക്യാമ്പിങ്, സിപ്പ് ലൈന്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഗോവയില്‍ പോയാല്‍ വാട്ടര്‍സ്‌പോര്‍ട്‌സ് പഠിക്കാം
കേന്ദ്ര ടൂറിസം വകുപ്പിന് കീഴില്‍ ഗോവയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാര്‍ട്ടര്‍ സ്‌പോര്‍ട്‌സില്‍ പോയാല്‍ വാട്ടര്‍സ്‌പോര്‍ട്‌സ് ആന്‍ഡ് ലൈഫ് ഗാര്‍ഡിങ് മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ ഹ്രസ്വകാല കോഴ്‌സുകള്‍ പഠിക്കാം. ലൈഫ് സേവിങ് ടെക്‌നിക്‌സ്-വാട്ടര്‍ സ്‌പോര്‍ട്‌സ് ഓപ്പറേറ്റര്‍, സര്‍ഫ് ലൈഫ് സേവിങ് ടെക്‌നിക്‌സ്, പവര്‍ബോട്ട് ഹാന്‍ഡ്ലിങ് (ടില്ലര്‍, റിമോട്ട് കണ്‍ട്രോള്‍ഡ്), പേഴ്‌സണല്‍ വാട്ടര്‍ ക്രാഫ്റ്റ്, പാരാസെയിലിങ് ഓപ്പറേഷന്‍സ്, വാട്ടര്‍ സര്‍ഫിങ്, സെയ്ലിങ്, വാട്ടര്‍ സ്‌കീയിങ്, കയാക്കിങ്, സ്‌നോര്‍ക്കലിങ്, വൈറ്റ് വാട്ടര്‍ റിവര്‍ റാഫ്റ്റിങ് തുടങ്ങിയവയാണ് കോഴ്‌സുകള്‍.
ശില്പശാല മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി. കെഎടിഫ് അംഗം ജാക്‌സണ്‍ പീറ്റര്‍, ക്യാപ്റ്റന്‍ പ്രതീഷ് നമ്പ്യാര്‍, ബിആര്‍ഡിസി മാനേജര്‍ യു.എസ്. പ്രസാദ്, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ രഞ്ജിത്ത് സിങ്, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട് പാക്കേജിന്റെ ഭാഗമായി കാസര്‍കോട് വികസനപാക്കേജിന്റെ കീഴിലാണ് ശില്പശാല സംഘടിപ്പിച്ചത്.
സാഹസിക ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും
കാസര്‍കോട്ട് നിലവില്‍ റാണിപുരം റിസോര്‍ട്ട് നവീകരണ പദ്ധതി അവസാനഘട്ടത്തിലാണ്. മഞ്ഞംപൊതിക്കുന്ന് ആസ്ട്രോണമി ടൂറിസം, ചെമ്പരിക്ക ബീച്ച് ടൂറിസം, ബാവിക്കര, അഴിത്തല ബീച്ച് ടൂറിസം തുടങ്ങിയ പദ്ധതികള്‍ പുരോഗമിക്കുന്നു. സഹസിക ടൂറിസം സാധ്യത ഉപയോഗിച്ച് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷികാന്‍ നടപടി സ്വീകരിക്കും.
പി.എ. മുഹമ്മദ് റിയാസ്, ടൂറിസം, പൊതുമരാമത്ത് മന്ത്രി
Content Highlights: Kasaragod Explores Ropeway Project to Boost RaniPuram Tourism
Published: 25 Jun 2025, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented