ഏഷ്യയിലെ ഏറ്റവും നീളമേറിയ റോപ് വേ ഷിംലയിലൊരുങ്ങുന്നു. 13.79 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ ഈ സഞ്ചാരപാതയിലൂടെ ടൂറിസം മേഖലയുടെ വികസനവും ഗതാഗതക്കുരുക്കിന്റെ ലഘൂകരണവുമാണ്  ലക്ഷ്യമിടുന്നത്. താരാദേവി-ഷിംല റോപ് വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 1,734.40 കോടി രൂപയാണ് പദ്ധതിച്ചെലവ്. 

To advertise here,

ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനമായ റോപ് വേ ആന്‍ഡ് റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഡിവലപ്‌മെന്റ് കോര്‍പറേഷനാണ് പാതയുടെ നിര്‍മാണമേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ റോപ് വേയാകും ഈ പാത. ബൊളീവിയയിലെ റോപ് വേയാണ് ലോകത്തിലെ ഏറ്റവും നീളമേറിയത്. 32 കിലോമീറ്റര്‍ സഞ്ചാരസൗകര്യമാണ് ഈ പാത ലഭ്യമാക്കുന്നത്. 

മാ താരാദേവിയ്ക്കും സഞ്ജൗലിയ്ക്കും ഇടയില്‍ ഏകദേശം 60 കിലോമീറ്റര്‍ പ്രദേശത്തോളം റോപ് വേയുടെ സേവനം ലഭ്യമാകും. ഷിംലയ്ക്കും സമീപപ്രദേശങ്ങളിലുമായി 15 പ്രധാന സ്റ്റേഷനുകളെ ഈ പാത ബന്ധിപ്പിക്കും. ഓരോ മണിക്കൂറും പുറപ്പെടുന്ന ട്രിപ്പില്‍ ഇരുദിശകളിലും 2000 യാത്രക്കാരെ അനുവദിക്കും. 

660 ക്യാബിനുകള്‍ ഉണ്ടാകും. ഓരോ ക്യാബിനിലും 8-10 പേര്‍ക്ക് സഞ്ചരിക്കാനാകും. രണ്ട്- മൂന്ന് മിനിറ്റ് ഇടവേളയില്‍ സ്‌റ്റേഷനുകളില്‍ ക്യാബിനുകളെത്തും. ക്യാബിനുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ബോര്‍ഡിങ് പോയന്റില്‍ 90 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കും. ബ്രിക്സ് രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ന്യൂ ഡിവലപ്‌മെന്റ് ബാങ്കാണ് പദ്ധതിയുടെ 80 ശതമാനം ചെലവ് വഹിക്കുന്നത്, ബാക്കി 20 ശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. 

പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ പാത മനോഹരമായ യാത്രാനുഭവം പകരും. കൂടാതെ നഗരത്തിലെ ഗതാഗതക്കുരുക്കിനും കുറവുണ്ടാകും. ആധുനികവും പ്രകൃതി സൗഹാര്‍ദപരവുമായ പദ്ധതി അന്തരീക്ഷമലിനീകരണം കുറയ്ക്കുകയും ഷിംലയുടെ ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റവും ടൂറിസം മേഖലയ്ക്ക് ഉണര്‍വും പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.