ഫോണിൽ ഏതെങ്കിലുമൊരു പേയ്മെ‍ന്റ് ആപ്പ് തുറന്ന്, സ്കാൻ ചെയ്ത്, പിൻ നമ്പറടിച്ച് പെയ്മെന്റ് നടത്തുന്നതൊക്കെ ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? എന്നാൽ യുപിഐ വഴി പണമയക്കാൻ ഇനി ഫോണോ പിന്‍നമ്പറോ ഫിംഗര്‍പ്രിന്റോ ഒന്നും വേണ്ട. 'സ്മാർട്ട് ഗ്ലാസ്' എന്നറിയപ്പെടുന്ന കണ്ണടകൾ ഉപയോഗിച്ച് ക്യുആർകോഡ് സ്ലാൻ ചെയ്ത് എത്ര രൂപയാണ് നൽകേണ്ടതെന്നു പറഞ്ഞാൽ മതി, പെയ്മെന്റ് ചെയ്യാം. യുപിഐ ലൈറ്റിൽ വാലറ്റ് വഴി പരമാവധി 1,000 രൂപവരെ ഇങ്ങനെ അയക്കാം.

To advertise here,

പിൻ നമ്പർ ഇല്ലാതെ യുപിഐ ഇടപാട് നടത്താൻ മറ്റൊരു സംവിധാനം കൂടെ നാഷണൽ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊണ്ടുവന്നിട്ടുണ്ട്. പിൻ നമ്പറിന് പകരം ഫിംഗര്‍പ്രിന്റോ ഫേസ് ഐഡിയോ ഉപയോഗിച്ച് പെയ്മെന്റ് നടത്താം. ആധാറുമായി ബന്ധിപ്പിച്ച നമ്മുടെ ബയോമെട്രിക് വിവരങ്ങളാണ് യുപിഐ ഇതിനായി ഉപയോഗിക്കുക. തുടക്കത്തില്‍ പരമാവധി 5000 രൂപ വരെ മാത്രമേ ഇങ്ങനെ അയക്കാനാവൂ. പിന്നീട് ഇതില്‍ മാറ്റം വന്നേക്കും. ഇതുവഴി ഓരോ തവണയും പിന്‍ നമ്പര്‍ നല്‍കേണ്ടിയും ഓർത്തിരിക്കേണ്ടിയും വരില്ല. പിന്‍ നമ്പറുകള്‍ എളുപ്പത്തില്‍ അപഹരിക്കപ്പെടാം. ബയോമെട്രിക് വിവരങ്ങളാവുമ്പോൾ ആ ടെൻഷൻ കുറവാണ്. അതുപോലെ തെറ്റായ പിന്‍ നമ്പര്‍ നല്‍കിയാലോ മറന്നുപോയാലോ പെയ്മെന്റ് ഫെയിൽ ആവുന്നതും ഇതുവഴി ഒഴിവാക്കാം.

മാറ്റങ്ങൾ ഇനിയുമുണ്ട്. ജോയിന്റ് അക്കൗണ്ടുകളില്‍ നിന്ന് യുപിഐ പെയ്മെന്റ് നടത്താന്‍ ഇനി ഒന്നോ അതിലധികമോ ഉടമകളുടെ അനുമതി വേണ്ടിവരും. ബിസിനസ് പാട്ണേഴ്സിനും ബന്ധുക്കള്‍ക്കും ഇത് ഉപകാരപ്പെടും.