ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് താമസിയാതെ ഫീസ് ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഉയർന്ന തുകയുടെ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമല സീതാരാമനാണ് ഇതുസംബന്ധിച്ച 'പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്' ഭേദഗതി അവതരിപ്പിച്ചത്. എന്നാൽ യുപിഐ ഇടപാടുകളിൽ ഉടനടി ഫീസ് ഈടാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതല്ല ഈ ബില്ല്. വരുംകാലങ്ങളിൽ ആവശ്യമെങ്കിൽ 'മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' (എംഡിആർ) ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ഒരു നിയമപരമായ ചട്ടക്കൂടാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും തുടരുന്നതേയുള്ളൂ. അന്തിമ തീരുമാനം വരുന്നത് വരെ നിലവിലെ രീതിയിൽ തന്നെ യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും.
സൗജന്യ യുപിഐ സേവനങ്ങൾ നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ബാധ്യതയാണെന്നാണ് പേയ്മെന്റ് സേവന രംഗത്തുള്ള കമ്പനികളുടെ വാദം. യുപിഐ വഴി വരുമാനം ലഭിക്കാത്തതിനാൽ ഈ രംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും സാധിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ജൂലായിൽ മാത്രം യുപിഐ വഴി 29.9 ലക്ഷം കോടി രൂപയുടെ 2,360 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളാണ് ഇതിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.
അതേസമയം ഇങ്ങനെയൊരു ഫീസ് നിലവിൽ വന്നാൽ അത് വൻകിട വ്യാപാരികളെയാവും ബാധിക്കുക. സാധാരണ ഉപഭോക്താക്കൾക്കോ ചെറുകിട കച്ചവടക്കാർക്കോ അധിക പണം നൽകേണ്ടിവരില്ല. 2,000 രൂപയ്ക്ക് മുകളിലുള്ള വലിയ പെയ്മെന്റുകൾക്കായിരിക്കും ഫീസ് ഈടാക്കുക. ഇത്തരം ഉയർന്ന ഇടപാടുകൾക്ക് 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ എംഡിആർ ഏർപ്പെടുത്താനാണ് ആലോചന.
വ്യാപാരികൾക്കുള്ള യുപിഐ പേമെന്റുകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ളവ എണ്ണത്തിൽ നാല് ശതമാനം മാത്രമാണെന്നാണ് ഫിനാൻഷ്യൽ കമ്പനിയായ ജെഫറീസിന്റെ വിലയിരുത്തൽ. ചെറിയൊരു തുക ഫീസായി ഈടാക്കുന്നതിലൂടെ പ്രതിവർഷം 5,000 കോടി മുതൽ 10,000 കോടി രൂപ വരെ അധിക വരുമാനം ഉണ്ടാക്കാൻ ഇടനിലക്കാരായ കമ്പനികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർഷിക വിറ്റുവരവ് 1.5 കോടി രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളെ മാത്രമായിരിക്കും ഇതിന്റെ പരിധിയിൽ കൊണ്ടുവരിക. അല്ലെങ്കിൽ കച്ചവടക്കാരുടെ വാർഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
Content Highlights: The Indian government has introduced a bill in Parliament to establish a legal framework allowing Merchant Discount Rates (MDR) on high-value UPI transactions exceeding ₹2,000, though everyday personal transactions will remain completely free.
Published: 05 Aug 2026, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented