കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. കഴിഞ്ഞ ദിവസം സമൂഹിക മാധ്യമങ്ങളില്‍ വന്ന ചില പോസ്റ്റുകളിലായിരുന്നു ഇങ്ങനെയൊരു പ്രചാരണം ആദ്യമെത്തിയത്. അധികംവൈകാതെ ഇക്കാര്യം സ്ഥിരീകരിച്ച് ദേശീയ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു. പിന്നാലെ വിവാദങ്ങളും.....

To advertise here,

കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കിയതാണ് ശ്രദ്ധേയമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകളും ഉയര്‍ന്നു. ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രി തല ഊരുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് മോദിയുടെ ചിത്രം നീക്കിയതെന്ന വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നുവെന്നും ആദ്യരണ്ടു ഘട്ട വോട്ടെടുപ്പ് വേളയില്‍ എന്തുകൊണ്ട് മോദിയുടെ ചിത്രം നീക്കിയില്ല എന്ന ചോദ്യമാണ് പിന്നാലെ ഉയര്‍ന്നത്. പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് ഇപ്പോള്‍ മോദിയുടെ ചിത്രം നീക്കുന്നത് കോവിഷീല്‍ഡ് പാര്‍ശ്വഫലം സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയല്ലേ എന്ന ആക്ഷേപവും ശക്തമാണ്.