രണ്ടാം ബഹിരാകാശ മത്സരത്തിനൊരുങ്ങി അമേരിക്ക. ചന്ദ്രനില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതി വേഗത്തിലാക്കാനാണ് നീക്കം. യുഎസ് ഗതാഗത സെക്രട്ടറിയും ഇപ്പോള്‍ നാസയുടെ ആക്ടിംഗ് തലവനുമായ ഷാണ്‍ ഡഫി പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. നാസ തലവനെന്ന നിലയില്‍ ഡഫിയുടെ ആദ്യത്തെ സുപ്രധാന നീക്കമാണിത്.

To advertise here,

ചന്ദ്രനില്‍ ആണവ റിയാക്ടറിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നീക്കത്തെ രണ്ടാം ബഹിരാകാശ മത്സരം എന്നാണ് അദ്ദേഹംതന്നെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ മാധ്യമമായ പൊളിറ്റിക്കോ ആണ് ഇതേപ്പറ്റി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2030-ഓടെ ചന്ദ്രോപരിതലത്തില്‍ 100 കിലോവാട്ട് ആണവ റിയാക്ടര്‍ സ്ഥാപിക്കുക എന്ന നാസയുടെ ലക്ഷ്യത്തിന് പദ്ധതി ഊര്‍ജ്ജം പകരും. മുന്‍ പദ്ധതികള്‍ ലക്ഷ്യമിട്ടിരുന്ന ഊര്‍ജ്ജ ഉത്പാദനത്തിന്റെ ഏകദേശം മൂന്നിരട്ടിയാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മനുഷ്യന് അറിയുന്നതില്‍ വെച്ച് ഏറ്റവും കഠിനമായ സാഹചര്യങ്ങളിലൊന്നായ ചന്ദ്രനിലെ വാസസ്ഥലങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാനും, ബഹിരാകാശയാത്രികരെ പിന്തുണയ്ക്കാനും, ശാസ്ത്ര-വ്യവസായ സംരംഭങ്ങള്‍ക്ക് ഇന്ധനമാകാനും സഹായിക്കുന്ന ഒരു സ്ഥിരം ഊര്‍ജ്ജ കേന്ദ്രമായി ഈ റിയാക്ടര്‍ പ്രവര്‍ത്തിക്കും. ചൈനയുടെയും റഷ്യയുടെയും സംയുക്ത ചാന്ദ്ര ദൗത്യങ്ങളെ പ്രതിരോധിക്കാന്‍ വാഷിംഗ്ടണിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അടിയന്തിര നീക്കങ്ങളുടെ ഉദാഹരമമാണ് പദ്ധതി.

എന്നാല്‍ പദ്ധതി ചന്ദ്രനിലെ വിഭവസമ്പന്നമായ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം യുഎസ് തടയുന്ന സാഹചര്യം ഭാവിയില്‍ ഉണ്ടാക്കുമോ എന്ന ആശങ്കയുണ്ട്. മറ്റുരാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത മേഖലകള്‍ ഭാവിയില്‍ ചന്ദ്രനില്‍ ഉണ്ടാകാന്‍ ഇടയാക്കുമോ എന്നും ആശങ്കയുണ്ട്. ഇത് രണ്ടാം ബഹിരാകാശ മത്സരത്തില്‍ വിജയിക്കേണ്ടതിനെക്കുറിച്ച് ഒരു നാസ ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിക്കുകയും ചെയ്തുവെന്ന് പൊളിറ്റിക്കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രനില്‍ ഒരു ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് നാസ പണ്ടേ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഏജന്‍സി കടുത്ത ബജറ്റ് വെട്ടിക്കുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോഴും ഈ പുതിയ പദ്ധതിക്ക് വ്യക്തമായ സമയക്രമമുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലോണ്‍ മസ്‌കുമായുള്ള തര്‍ക്കത്തിന് പിന്നാലെ ജൂലായില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഡഫിയെ നാസയുടെ ഇടക്കാല മേധാവിയായി നിയമിച്ചത്.

കാലപ്പഴക്കം ചെന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വേഗത്തില്‍ ഒരു പകരക്കാരനെ കണ്ടെത്തണമെന്നും ഡഫി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും നാസയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. ഈ ശ്രമങ്ങളെല്ലാം ചേര്‍ന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള അമേരിക്കയുടെ മുന്നേറ്റം വേഗത്തിലാക്കാന്‍ ലക്ഷ്യമിടുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചന്ദ്രനിലും ചൊവ്വയിലും ആധിപത്യം സ്ഥാപിക്കാന്‍ ചൈനയും മത്സരിക്കുന്നുണ്ട്.

ചന്ദ്രനില്‍ ഒരു ആണവ റിയാക്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള കൃത്യമായ ചെലവ് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഇതിന് കോടിക്കണക്കിന് ഡോളര്‍ വേണ്ടിവരുമെന്ന് ഉറപ്പാണ്. 2022-ല്‍ നാസ 5 മില്യണ്‍ ഡോളറിന്റെ മൂന്ന് കരാറുകള്‍ നല്‍കിയിരുന്നു. ഓരോ വാണിജ്യ പങ്കാളിയോടും റിയാക്ടര്‍, അതിന്റെ വിശദാംശങ്ങള്‍, പ്രതീക്ഷിക്കുന്ന ചെലവ്, നിര്‍മാണത്തിന്റെ സമയക്രമം എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാഥമിക രൂപരേഖ വികസിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നാസയുടെ പദ്ധതി, ഏകദേശം 93 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കപ്പെടുന്ന വലിയ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമാണെന്നാണ് ലൈവ് സയന്‍സ് റിപ്പോര്‍ട്ടുചെയ്യുന്നത്.