കോവിഡ്-19 രോഗത്തിനെതിരെ യുഎസ് കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠനം. ഒഫ്താല്‍മിക് എപ്പിഡെമിയോളജി എന്ന പിയര്‍-റിവ്യൂഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വാക്സിന് കണ്ണിന് സാരമായ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത്. ഫൈസര്‍-ബയോണ്‍ടെക് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച 64 രോഗികളുടെ 128 കണ്ണുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
ഒറ്റയടിക്ക് കാഴ്ച നഷ്ടപ്പെടുക പോലുള്ള അതിവേഗത്തിലുണ്ടാകുന്ന പ്രശ്നങ്ങളല്ല വാക്സിനെടുത്തവരിലുണ്ടായത്. മറിച്ച് വാക്സിനെടുത്തവരുടെ കോര്‍ണിയയുടെ കട്ടി കൂടി എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഫൈസര്‍ വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരുടെ കോര്‍ണിയുടെ കട്ടി ശരാശരി 528 മുതല്‍ 542 വരെ മൈക്രോമീറ്റര്‍ വര്‍ധിച്ചുവെന്നാണ് പഠനത്തില്‍ പറയുന്നത്. കൂടാതെ എന്ഡോതീലിയല് കോശങ്ങള്‍ കുറയുന്നതായും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഒരു മില്ലിമീറ്റര്‍ സ്ക്വയറില്‍ 2597 കോശങ്ങളെന്നത് 2378 ആയാണ് ഇത് കുറയുന്നത്. അതായത് ഏകദേശം എട്ട് ശതമാനത്തിന്റെ കുറവ്.
ആരോഗ്യമുള്ള കണ്ണുള്ളവരില്‍ ഈ ചെറിയ മാറ്റങ്ങള്‍ കാഴ്ചയെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഭാവിയില്‍ കോര്‍ണിയ വീക്കം, മങ്ങിയ കാഴ്ച എന്നീ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാന്‍ സാധ്യതയുണ്ട്. നേരത്തേ തന്നെ കണ്ണിന് പ്രശ്നങ്ങളുള്ളവര്‍, കോര്‍ണിയ മാറ്റിവെച്ചവര്‍ തുടങ്ങിയവരെയാണ് ഇത് കൂടുതലായി ബാധിക്കുക. തുര്‍ക്കിയില്‍ നിന്നുള്ള ഡോ. ഫാത്ത്മ സുമര്‍, ഡോ. സെവ്ഗി സുബാസി എന്നിവരാണ് ഈ പഠനം നടത്തിയത്.
Content Highlights: Scientists discover Pfizer-BioNTech COVID-19 vaccine linked to major eye damage
Published: 20 Jul 2025, 09:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented