തിരക്കുകള്‍ക്കിടയില്‍ മടുപ്പും സമ്മര്‍ദ്ദവും അനുഭവിയ്ക്കാത്തവര്‍ കുറവായിരിക്കും. ഇതില്‍ നിന്നെല്ലാം ബ്രേക്ക് എടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരിക്കും നമ്മളില്‍ പലരും. എങ്കില്‍ ഫോറസ്റ്റ് ബാത്തിങ് നടത്തുന്നത് ഗുണം ചെയ്യും. ഫോറസ്റ്റ് ബാത്ത് എന്നത് ഒരു ജാപ്പനീസ് സമ്പ്രദായമാണ്. ജപ്പാന്‍കാരുടെ ഈ ഷിന്റ്‌റിന്‍ -യോകു  സമ്പ്രദായം നിസാരമെന്ന് കരുതരുത്.നമ്മുടെ ശാരീരികവും മാനസികവുമായി ക്ഷേമം കൂട്ടുന്നതിനായി വനാന്തരീക്ഷത്തില്‍ സമയം ചെലവിടുന്നതിനെയാണ് ഫോറസ്റ്റ് ബാത്തിങ്ങ് എന്നു പറയുന്നത്.

To advertise here,

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഷിന്റ്‌റിന്‍ -യോകു സമ്പ്രദായങ്ങള്‍ ഉള്‍പ്പെടുന്ന ഫോറസ്റ്റ് തെറാപ്പിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

കാഴ്ച, കേള്‍വി, രുചി, മണം, സ്പര്‍ശനം എന്നിങ്ങനെ പ്രകൃതിയെ അറിയുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി ഒരു സ്ഥലം കണ്ടെത്തിയാല്‍ മൊബൈലും ഫോണും ക്യാമറയും മാറ്റിവെച്ചിട്ടുവേണം ഫോറസ്റ്റ് ബാത്തിനായി ഇറങ്ങേണ്ടത്.കാടിന്റെ ഗന്ധവും  പക്ഷികളുടെ പാട്ടും കാറ്റും സൂര്യപ്രകാശവുമെല്ലാം കാട്ടരുവിയുമെല്ലാം തുറന്ന മനസോടെ ആസ്വദിക്കാം. അപരിചിതമായ സ്ഥലങ്ങളില്‍ പരിശീലനം നേടിയ ഗൈഡിനൊപ്പം യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണം.

ഇതിനായ് പ്രത്യേക കാലവസ്ഥയോ സമയമോ തിരഞ്ഞെടുക്കേണ്ടതില്ല. പ്രകൃതിയുമായി ചേര്‍ന്ന് സമയം ചെലവഴിയ്ക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിയ്ക്കുന്നത്. വലിയ വനമില്ലെങ്കിലും  കുറച്ച് മരങ്ങള്‍ മാത്രമുളളയിടത്തും ഇത് ചെയ്യാന്‍ സാധിക്കും. ഇത് നമ്മളില്‍ ഊര്‍ജവും ഉന്മേഷവും നിറയ്ക്കും.