അന്തസ്സോടെ ജീവിക്കാനുള്ള അവകാശം പോലെതന്നെ പ്രധാനമാണ് അന്തസ്സോടെ മരിക്കാനുള്ള അവകാശവും. ആ അവകാശം ഉറപ്പുനൽകുന്നതാണ് ‘ലിവിങ് വിൽ’ സഹായ കൗണ്ടർ. സുഖപ്പെടില്ലെന്ന് ഉറപ്പായിട്ടും യന്ത്രസഹായത്തോടെ ജീവൻ നിലനിർത്താൻ താത്പര്യമില്ലാത്തവർക്ക് ലിവിങ് വിൽ ഉപയോഗപ്പെടുത്താം. 2018-ലെ സുപ്രീംകോടതി നിർദേശപ്രകാരം നടപ്പിലാക്കുന്ന ലിവിങ് വിലിന് പ്രത്യേക അപേക്ഷാ പത്രമുണ്ട്. 18 വയസ്സു കഴിഞ്ഞ ആർക്കും രോഗമില്ലാത്ത അവസ്ഥയിൽ ഇതിന് അപേക്ഷിക്കാം. ഇതിനായി വ്യക്തിയും ഒരു കുടുംബാംഗം ഉൾപ്പെടെ രണ്ട് സാക്ഷികളും ഒരു ഗസറ്റഡ് ഓഫീസറുടേയോ നോട്ടറിയുടേയോ സാന്നിധ്യത്തില്‍ ഒപ്പിടണം. വ്യക്തിയെ നിർബന്ധിച്ചു ചെയ്യിക്കുന്നതല്ലെന്ന് ഉറപ്പാക്കാൻ ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ സാക്ഷ്യപത്രവും വേണം. മരണ താത്പര്യപത്രത്തിന്റെ ഒരു പകർപ്പ് വീട്ടിൽ സൂക്ഷിക്കണം. മറ്റൊന്ന് തദ്ദേശസ്ഥാപനത്തിലേക്ക് രജിസ്റ്റേഡായി അയക്കണം.

To advertise here,

രക്ഷപ്പെടില്ലെന്ന് ഉറപ്പായിട്ടും വെന്റിലേറ്റർ തുടങ്ങിയവ ഉപയോഗിക്കാൻ നിർദേശം ലഭിച്ചാൽ രോഗിയുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ മരണപത്രം ആശുപത്രിക്കു കൈമാറാം. അതനുസരിച്ച് 48 മണിക്കൂറിലെ ആരോഗ്യസ്ഥിതി പ്രാഥമിക മെഡിക്കൽ ബോർഡ് വിലയിരുത്തും. ജനറല്‍ മെഡിസിന്‍, ന്യൂറോളജി, സൈക്യാട്രി, ഓങ്കോളജി, കാര്‍ഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന 20 വര്‍ഷത്തില്‍കുറയാത്ത പ്രവൃത്തിപരിചയമുള്ള മൂന്ന് വിദഗ്ധരടങ്ങുന്ന ബോര്‍ഡായിരിക്കും ലിവിങ് വില്‍ പരിശോധിച്ച് അംഗീകരിക്കാവുന്നതാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ചികിത്സയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന ആശുപത്രിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ജില്ലാ കളക്ടറുടെ അനുമതി തേടേണ്ടതുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറും മൂന്ന് വിദഗ്ധഡോക്ടര്‍മാരുമടങ്ങുന്ന ഒരു മെഡിക്കല്‍ ബോര്‍ഡിനെ ജില്ലാ കളക്ടര്‍ നിയോഗിക്കും. ആശുപത്രിയുടെ തീരുമാനം മെഡിക്കല്‍ ബോര്‍ഡ് അംഗീകരിക്കുന്ന മുറയ്ക്ക് അന്തിമതീരുമാനമെടുക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ വിവരമറിയിക്കും.

ഒരിക്കൽ പത്രമെഴുതിയാൽ പിന്നീടു മാറ്റാനോ പിൻവലിക്കാനോ തടസ്സമില്ല. നിയമപരമായി എഴുതിവെക്കുന്നതിനാൽ രോഗികളുടെ അബോധാവസ്ഥയിൽ കുടുംബത്തിനോ ബന്ധുക്കൾക്കോ നിർബന്ധ ചികിത്സയിലൂടെ മരണം നീട്ടിവെപ്പിക്കാനാകില്ല. മക്കളും ബന്ധുക്കളും തമ്മിലുള്ള തർക്കങ്ങളും ഒഴിവാക്കാം. കഴിഞ്ഞ നവംബർ ഒന്നിന് പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്തെ ആദ്യ ലിവിങ് വിൽ തുടങ്ങുന്നത്. ഇതുവരെ മൂന്നൂറോളം പേരാണ് ഈ കൗണ്ടറിന്റെ സഹായം തേടിയതായാണ് വിവരം. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലും ലിവിങ് വിൽ സഹായ കൗണ്ടർ തുടങ്ങിയിട്ടുണ്ട്.