അടിമാലി: മാമലക്കണ്ടം എളംബ്ലാശ്ശേരി ഉന്നതിയിൽ യുവാവ് തൂങ്ങിമരിച്ചതിന് പിന്നാലെ സമീപവാസിയായ യുവതിയും തൂങ്ങിമരിച്ചനിലയിൽ. ഉന്നതിയിൽ താമസിക്കുന്ന വാസുവിന്റെ മകൻ വിജയ് (19), ദേവയാനിയുടെ കൊച്ചുമകൾ അമൃത (18) എന്നിവരാണ് രണ്ടുദിവസത്തെ വ്യത്യാസത്തിൽ മരിച്ചത്.
ഇരുവരും ഏതാനുംനാളുകളായി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി കഴിഞ്ഞ ദിവസം വിജയ്യുടെ വീട്ടിൽ പ്രശ്നമുണ്ടായി. പിന്നീട് വിജയ്യുടെ മാതാവ് അയൽവീട്ടിൽ പോയപ്പോൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിജയ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് ഉന്നതിയിൽ വിജയ്യുടെ സംസ്കാര ചടങ്ങുകൾ നടന്നത്. മരണവിവരം അറിഞ്ഞത് മുതൽ അമൃത മാനസികദുഃഖത്തിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ അമൃത വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, 500 മീറ്റർ അകലെയുള്ള സ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ഉന്നതി നിവാസികൾ കണ്ടെത്തിയത്.
വ്യാഴാഴ്ച കോതമംഗലത്തെ താലൂക്കാശുപത്രിയിൽ അമൃതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച ഉന്നതിയിലെ ശ്മശാനത്തിൽ സംസ്കരിക്കും. വിജയ് വിദ്യാഭ്യാസം കഴിഞ്ഞ് കൂലിവേലയുമായി കഴിയുകയായിരുന്നു. അമൃത പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം കോതമംഗലത്ത് ടി.ടി.സി.ക്ക് പഠിക്കുകയായിരുന്നു. ചെറുപ്രായത്തിൽ മാതാവ് മരിച്ചുപോയ അമൃത മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Published: 27 Nov 2026, 08:23 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented