ഏഴ് വര്‍ഷം.. മീറ്റൂ മൂവ്‌മെന്റിന്റെ ഭാഗമായി തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് ചിന്മയി ശ്രീപദയെന്ന ഗായികയെ തമിഴ് സിനിമ വിലക്കിയിട്ട് ഏഴു വര്‍ഷം പിന്നിട്ടു. എന്നാല്‍ വിലക്കുകള്‍ക്കെല്ലാം അപ്പുറം തമിഴകത്ത് ചിന്മയിയുടെ പേര് വീണ്ടും ഉയര്‍ന്നുകേള്‍ക്കുകയാണ്. ചിന്മയിയെ തമിഴ് സിനിമയില്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി വിലക്കിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമറിയിക്കുന്നത്.

To advertise here,

മണിരത്‌നം ചിത്രം തഗ്‌ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ചിത്രത്തിലെ മുത്ത മഴൈ എന്ന ഗാനത്തിന്റെ തമിഴ് വേഴ്ഷന്‍ ചിന്മയി ആലപിച്ചിരുന്നു. തമിഴ് പതിപ്പില്‍ ധീ പാടിയ ഗാനം ധീയുടെ അഭാവത്തില്‍ ചിന്മയി പാടുകയായിരുന്നു. ചിത്രത്തിന്റെ തെലുഗു ഹിന്ദി പതിപ്പുകളില്‍ ഇതേ ഗാനം ചിന്മയിയാണ് പാടിയത്. ഓഡിയോ ലോഞ്ചിലെ മുത്തമഴയുടെ ചിന്മയി വേര്‍ഷന്‍ ഒറിജിനലിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതോടെ ബ്രിങ് ബാക്ക് ചിന്മയി മൂവ്‌മെന്റ് ട്രെന്‍ഡിങ്ങായി.

2018ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്.  2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. ഇത് തമിഴ് സംഗീതമേഖലയെത്തന്നെ പിടിച്ചുലച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചുവെങ്കിലും അദ്ദേഹം കള്ളംപറയുകയാണെന്ന് ചിന്മയി മറുപടിയായി പറഞ്ഞിരുന്നു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി.
വൈരമുത്തുവിനെതിരെയുള്ള ആരോപണത്തേത്തുടര്‍ന്നാണ് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുന്നത്. 96-ആണ് ചിന്മയി അവസാനമായി പാടിയ തമിഴ് ചിത്രം.
ഇക്കാലയളവിലൊന്നും കിട്ടാതിരുന്ന പിന്തുണയാണ് ഓഡിയോ ലോഞ്ചിലെ ഒറ്റ ഗാനം കൊണ്ട് ചിന്മയിക്ക് ലഭിച്ചത്. വിലക്ക് ചിന്മയിയുടെ നഷ്ടമല്ലെന്നും മറിച്ച് തമിഴ് സിനിമയുടെ നഷ്ടമാണെന്നുമായിരുന്നു ആരാധകരുടെ അഭിപ്രായം. ചിന്മയിയെന്ന പേര് നിങ്ങള്‍ക്ക് റദ്ദ് ചെയ്യാമായിരിക്കും പക്ഷേ ആ ശബ്ദത്തെ അടിക്കിനിര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ലെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.

In Short: Chinmayi Sripaada, once banned from Tamil cinema after her 2018 MeToo allegations against lyricist Vairamuthu, has made a powerful return. At the Thug Life audio launch, her version of the song Muththamazhai went viral, reigniting fan support and the Bring Back Chinmayi movement. Though sidelined by industry unions, her comeback has sparked debates about justice and talent in Tamil cinema.