2004-ൽ നടപ്പാക്കിയ ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്.) പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും പെൻഷൻ ലഭിക്കുംവിധം പദ്ധതിയിൽ മാറ്റംവരുത്തുമെന്നാണ് സൂചന. വിഷയം പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിലും എൻ.പി.എസ്. വലിയ രാഷ്ട്രീയവിഷയമായത് കൊണ്ടാണ് പെൻഷൻ പരിഷ്കരിക്കാൻ സർക്കാർ നീങ്ങുന്നതെന്നാണ് കരുതുന്നത്. രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിയത്. കഴിഞ്ഞവർഷം നടന്ന ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഭരണം നഷ്ടപ്പെടാൻ കാരണമായ വിഷയങ്ങളിലൊന്ന് എൻ.പി.എസാണ്. പഴയ പെൻഷൻ പദ്ധതി നടപ്പാകുമെന്നായിരുന്നു അവിടെ അധികാരമേറിയ കോൺഗ്രസിന്റെ മുഖ്യവാഗ്ദാനം. 
ഈവർഷം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കും അടുത്തവർഷം ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എൻ.പി.എസ്. തിരിച്ചടിയാകാതിരിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.

To advertise here,