തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നിശ്ചിതതുക പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി (അഷ്വേഡ് പെൻഷൻ പദ്ധതി) ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒട്ടേറെ കാര്യങ്ങളിൽ തീരുമാനമാകാനുണ്ട്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്താലേ ചിത്രം വ്യക്തമാകൂ.

To advertise here,

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്.) എന്നപോലെ ഇതിലും ജീവനക്കാർ വിഹിതം നൽകണം. അതിനൊപ്പം സർക്കാർ വിഹിതംകൂടി ചേർത്ത് സംസ്ഥാനസർക്കാരിനു കീഴിൽ പുതിയതായി തുടങ്ങുന്ന പെൻഷൻ ഫണ്ടിലേക്കു മാറ്റും. ജീവനക്കാരും സർക്കാരും നിലവിൽ എൻ.പി.എസിൽ നൽകിവരുന്നത് 10 ശതമാനം വീതമാണ്. ആ നിരക്ക് പുതിയ പദ്ധതിയിലും തുടരാനാണ് തീരുമാനം.

അഞ്ചുലക്ഷത്തോളംവരുന്ന സർക്കാർ ജീവനക്കാരിൽ 45 ശതമാനവും ഇപ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ്. 2.22 ലക്ഷത്തോളം വരുന്ന ഇവർക്കാണ് പെൻഷൻ പദ്ധതിയിലെ മാറ്റം പ്രയോജനപ്പെടുക.

2013-ൽ ഉമ്മൻചാണ്ടി സർക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. 2013 ഏപ്രിൽ ഒന്നുമുതൽ നിയമിതരായ ജീവനക്കാർക്കാണ് ഇത് ബാധകമാക്കിയത്. അതിനുമുൻപ്‌ നിയമിതരായ ഇപ്പോൾ സർവീസിലുള്ളവർക്ക് പഴയരീതിയിൽ സ്റ്റാറ്റ്യൂട്ടറി പെൻഷനാണ് ലഭിക്കുക. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ് ഇവർക്ക് ലഭിക്കുക.

പുതിയതായി നടപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതിയിലും ഇതേ ആനുകൂല്യമാണ് ലഭിക്കുക. ജീവനക്കാർ വിഹിതം നൽകണമെന്നത് മാത്രമാണ് വ്യത്യാസം. ജീവനക്കാരുടെ ക്ഷാമബത്തയ്ക്ക് തുല്യമായി പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും അനുവദിച്ചിട്ടുണ്ട്. അതിനാൽ ക്ഷാമബത്ത അനുവദിക്കുന്നതനുസരിച്ച് പെൻഷനും കൂടും.

2013-നുശേഷം നിയമിതരായി ഇതിനകം വിരമിച്ച ആറായിരത്തോളംപേർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഇപ്പോൾ തുച്ഛമായ പെൻഷനേ ലഭിക്കുന്നുള്ളൂ. ഇവരെ അഷ്വേഡ് പെൻഷൻ പദ്ധതിയിൽ എങ്ങനെ ഉൾപ്പെടുത്തണമെന്നും വിഹിതം വാങ്ങണമോയെന്നുമൊക്കെ ചർച്ച നടക്കുകയാണ്.

എൻ.പി.എസ്. പൂർണമായി പിൻവലിക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. ഏറ്റവും ഒടുവിൽ അഷ്വേഡ് പെൻഷൻ നടപ്പാക്കിയ തമിഴ്‌നാട്ടിൽ എൻ.പി.എസ്. നിലനിർത്തിയിട്ടുണ്ട്. എൻ.പി.എസിൽ ഇതുവരെ അടച്ച പണം പിൻവലിക്കില്ല. ജീവനക്കാർ വിരമിക്കുമ്പോൾ അവർക്ക് ഇതുവരെ എൻ.പി.എസിൽ അടച്ചതിന്റെ അടിസ്ഥാനത്തിൽ കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം സംസ്ഥാനത്തിന്റെ പെൻഷൻ ഫണ്ടിലേക്ക്‌ മാറ്റണമെന്ന നിർദേശം പരിഗണിക്കുന്നുണ്ട്.

എൻ.പി.എസ്. പെൻഷൻ പ്രായം 60 ആണ്. പുതിയ പദ്ധതിയിലും 60 തന്നെയായിരിക്കും. പെൻഷൻകാർ മരിച്ചാൽ കുടുംബപെൻഷൻ എത്രശതമാനം നൽകണമെന്നതും ഇനി തീരുമാനിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിൽ അത് അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനമാണ്.