ജനുവരി 1. പുതുവത്സരദിനത്തിൽ യുഎസിൽ നടന്ന രണ്ട് സംഭവഎൻവങ്ങൾ. ഒന്ന് ന്യൂ ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ. പുതുവത്സരം ആഘോഷിക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഒരാൾ യാതൊരു കൂസലുമില്ലാതെ വണ്ടി ഇടിച്ചുകയറ്റി. പിന്നാലെ വെടിയുമുതിർത്തു. പത്തുപേർ മരിച്ചു, രണ്ടാം ​ദിവസം മരണസംഖ്യ വീണ്ടും ഉയർന്ന് 15 ആയി. 30 പേർക്ക്‌ പരിക്കേറ്റു. രണ്ടാമത്തേത് ലാസ് വെഗാസിലാണ്. അവിടെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്തുണ്ടായിരുന്ന സൈബർട്രക്ക് പൊട്ടിത്തെറിച്ചു. ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. സത്യത്തിൽ ഇത് രണ്ടും ഭീകരാക്രമണമായിരുന്നോ? രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? 

To advertise here,

ന്യൂ ഓർലിയൻസിലെ ആക്രമണം 

വിനോദസഞ്ചാരകേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റിനടുത്ത് പ്രാദേശികസമയം പുലര്‍ച്ചെ 3.15-നാണ് പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അക്രമി ഫോര്‍ഡ് പിക്ക് അപ്പ് ട്രക്ക് ഓടിച്ചുകയറ്റിയത്. അമിത വേഗതയിലായിരുന്ന ഈ വാഹനം നിരവധി ആളുകളെ ഇടിച്ചിട്ടു. ശേഷം ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഇടിച്ചുതകർന്ന വണ്ടിയിലിരുന്ന് അക്രമി രണ്ടുപോലീസുകാരെ വെടിവെച്ച് പരിക്കേൽപ്പിച്ചു. ഒടുക്കം സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അയാള്‍ കൊല്ലപ്പെട്ടു. സംഭവം ഭീകരാക്രമണമാണെന്ന് ന്യൂ ഓർലിയൻസ് മേയർ ലടോയ കാന്റ്‌റെലും അല്ലെന്ന് എഫ്.ബി.ഐ.യും പറഞ്ഞു. 

13 വർഷം യു.എസ് സൈന്യത്തിൽ സേവനം ചെയ്ത ടെക്‌സസ് സ്വദേശിയായ ഷംസുദ്ദീന്‍ ജബ്ബാര്‍ എന്ന 42-കാരനാണ് അക്രമിയെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. 2007 മുതല്‍ 2020 വരെയാണ് ഇയാള്‍ സൈന്യത്തില്‍ സേവനം നടത്തിയത്. സൈന്യത്തില്‍ ഐടി-എച്ച് ആര്‍ വിദഗ്ധനായിരുന്നു ഷംസുദ്ദീന്‍. 2009-ല്‍ അഫ്ഗാനിസ്താനില്‍ വിന്യസിച്ച സൈന്യത്തിന്റെ ഭാഗമായി. 2015-നു ശേഷം ആര്‍മി റിസേര്‍വിലേക്ക് മാറി. 2020-ലാണ് ഔദ്യോഗികമായി വിരമിക്കുന്നത്. അതിനു ശേഷം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായി ജോലി നോക്കുകയായിരുന്നു. സജീവ സൈനിക സേവനത്തില്‍ നിന്നുമാറിയ ശേഷം ജോര്‍ജിയ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയിരുന്നു. ഷംസുദ്ദീൻ ഇത്തരത്തിലൊരു പാതകം ചെയ്യുമെന്നത് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു സുഹൃത്തുക്കളുടെ പ്രതികരണം. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്നായാളായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു. ഷംസുദ്ദീനും സഹോദരങ്ങളും ചെറുപ്പത്തിൽ ഇസ്ലാം മതം സ്വീകരിച്ചതാണ്.

ഷംസുദ്ദീന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്ന് എഫ്.ബി.ഐ. വ്യക്തമാക്കുന്നു. രണ്ടു തവണ വിവാഹം ചെയ്തു. രണ്ടും വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു. വിവാഹമോചനത്തിനായുള്ള കാരണമായി ഷംസുദ്ദീന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതും സാമ്പത്തികബുദ്ധിമുട്ടാണ്. ഇയാൾ ബോധപൂർവം നടത്തിയ ആക്രമണമാണെന്ന് വ്യക്തമാണെന്നും പരമാവധി ആളുകളെ കൊല്ലാൻ ശ്രമം നടത്തിയെന്നും എഫ്ബിഐ വക്താക്കൾ പറയുന്നു

ഭീകരാക്രമണ സാധ്യത 

ആളുകളെ ഇടിച്ചിട്ട വാഹനത്തില്‍ ഭികരസംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ പതാക കണ്ടെത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഐ.ഇ.ഡി. എന്നു സംശയിക്കുന്ന വസ്തുവും വാഹനത്തില്‍നിന്നു കണ്ടെടുത്തിരുന്നു. സംഭവം ഭീകരാക്രമണം തന്നെയാണെന്നാണ് എഫ്.ബി.ഐ നിഗമനം. ന്യൂ ഓര്‍ലിയന്‍സില്‍ അക്രമം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഐഎസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അക്രമം നടത്താനൊരുങ്ങുന്നതെന്ന് വ്യക്തമാക്കിയിരുന്നു എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കൂടാതെ ഇയാള്‍ മുമ്പ് പങ്കുവെച്ച വീഡിയോകളില്‍ വിവാഹമോചനത്തെ പറ്റിയും കുടുംബത്തെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായും ഇതിനു പകരമായാണ് ഐഎസില്‍ ചേര്‍ന്നതെന്നും പരാമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം എഫ്ബിഐ പരിശോധിച്ചു വരികയാണ്. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

സൈബര്‍ട്രക്ക് പൊട്ടിത്തെറി

പുതുവത്സരദിനത്തിൽ തന്നെയാണ് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിക്കുന്നത്. അപകടത്തിൽ ട്രക്ക് ഡ്രൈവർ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗ്യാസ് കാനിസ്റ്ററും ഫയർവർക്ക് മോർട്ടറുകളും ഉണ്ടായിരുന്ന വാഹനമാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ നഗരത്തിലെത്തിയ വാഹനം ഹോട്ടലിന്റെ പ്രവേശന കവാടത്തിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. വാഹനത്തില്‍നിന്ന് ആദ്യം പുക ഉയര്‍ന്നശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. 

ടെസ്‌ല ട്രക്കാണ് പൊട്ടിത്തെറിച്ചതെങ്കിലും സ്‌ഫോടനത്തിന് വാഹനവുമായി ബന്ധമില്ലെന്നാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് അറിയിച്ചത്. വാഹനത്തിനകത്തുണ്ടായിരുന്ന സ്ഫോടകവസ്തുക്കളോ ബോംബോ ആകാം കാരണമെന്നാണ് അദ്ദേഹം പറയുന്നത്. നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ച വ്യക്തിയാണ് മസ്‌ക്. നിലവിൽ ട്രംപിനൊപ്പം ഇലോൺ മസ്‌ക് പ്രവർത്തിക്കുന്നുമുണ്ട്. ഇതിനിടെയാണ് ട്രംപ് മേധാവിയായ ടെസ്‌ലയുടെ വാഹനം ട്രംപിന്റെ ഹോട്ടലിനു പുറത്ത് വെച്ച് പൊട്ടിത്തെറിക്കുന്നതും. അതിനാൽ അപകടം എഫ്.ബി.ഐ അന്വേഷിക്കുന്നുണ്ട്. സംഭവം വൈറ്റ് ഹൗസ് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിരുന്നു. 

ന്യൂ ഓര്‍ലിയന്‍സിലെ സ്ഫോടനവുമായി ബന്ധമുണ്ടോ? 

ന്യൂ ഓർലിയൻസ് ഭീകരാക്രമണവും സൈബർട്രക്ക് സ്‌ഫോടനവും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടില്ല. എങ്കിലും ടുറോ ആപ്പ് വഴി വാടകയ്ക്ക് എടുത്ത കാറുകളാണ് ഉപയോ​ഗിച്ചതെന്ന കാര്യം പരിശോധിക്കുന്നുണ്ട്. ബർബൺ സ്ട്രീറ്റ് ആക്രമണത്തിന് ഉപയോഗിച്ച പിക്കപ്പ് ട്രക്കും സ്ഫോടനത്തിൽ ഉൾപ്പെട്ട ടെസ്‌ല ട്രക്കും ട്യൂറോ വഴിയുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. 

സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിശ്വസ്തരായവരിൽ നിന്ന് ഉപയോക്താക്കൾക്ക് വാഹനങ്ങൾ വാടകയ്‌ക്കെടുക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ട്യൂറോ. ലൊക്കേഷൻ നൽകിയാൽ ആ പ്രദേശത്ത് ലഭ്യമാകുന്ന സ്‌പോർട്‌സ് കാറുകൾ മുതൽ മിനിവാനുകൾ വരെ കാറുകളുടെ നീണ്ടനിര തന്നെ കാണിക്കും. 

രണ്ട് കേസുകളും ഒരുപക്ഷേ ഏതെങ്കിലും വിധത്തിൽ ബന്ധിപ്പെട്ടിരിക്കാം എന്നാണ് എലോൺ മസ്‌കും എക്‌സിൽ എഴുതിയത്. ഇതൊരു ഭീകരപ്രവർത്തനമായി തോന്നുന്നു. ഈ സൈബർട്രക്കും ന്യൂ ഓർലിയാൻസിലെ എഫ്-150 ചാവേർ ബോംബ് ട്യൂറോയിൽ നിന്ന് വാടകയ്‌ക്കെടുത്തതായിരിക്കാമെന്നും എക്‌സിലെ മറ്റൊരു പോസ്റ്റിൽ മസ്‌ക് എഴുതിയിരുന്നു. എന്തായാലും രണ്ട് സംഭവങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും എഫ്.ബി.ഐ പരിശോധിക്കും. 

Inshort: Two attacks on New Year`s Day in the US left 16 dead and dozens injured.  One in New Orleans involved a vehicle and shooting; another, a Tesla Cybertruck explosion in Las Vegas. FBI investigating.