
ന്യൂ ഓര്‍ലിയന്‍സ്: യു.എസിലെ ന്യൂ ഓര്‍ലിയന്‍സ് ലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗത്തില്‍ ട്രക്കോടിച്ചുകയറ്റിയ സംഭവത്തില്‍ മരണം 15ആയി. 35ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കന്‍ പൗരനും മുന്‍ സൈനികനുമായ ഷംസുദ്ദീന്‍ ജബ്ബാറാണ് അക്രമിയെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഇയാള്‍ ഓടിച്ച വാഹനത്തില്‍ ഭികരസംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ പതാക കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
വിനോദസഞ്ചാരകേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റിനടുത്ത് പ്രാദേശികസമയം പുലര്‍ച്ചെ 3.15-നാണ് സംഭവം. ആള്‍ക്കൂട്ടത്തിലേക്ക് അക്രമി ഫോര്‍ഡ് പിക്ക് അപ്പ് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അമിത വേഗതയിലായിരുന്ന ഈ വാഹനം നിരവധി ആളുകളെ ഇടിച്ചിട്ടു. ശേഷം ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഐ.ഇ.ഡി. എന്നു സംശയിക്കുന്ന വസ്തു വാഹനത്തില്‍നിന്നു കണ്ടെടുത്തിരുന്നു. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് എഫ്.ബി.ഐ നിഗമനം. അക്രമിയെ ഐ.എസ് ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചു.
താന്‍ ഐ.എസിനെ പിന്തുണയ്ക്കുന്നതായി പറയുന്ന വീഡിയോ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്തിയ ജബ്ബാര്‍ (42) ടെക്‌സാസില്‍ താമസിക്കുന്ന യുഎസ് പൗരനാണ്. അപകടത്തിനായി ഉപയോഗിച്ച ട്രക്ക് മോഷ്ടിച്ച് കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പ് മെക്‌സിക്കോയില്‍ നിന്ന് ടെക്‌സസിലെ ഈഗിള്‍ പാസ് വഴി യുഎസിലേക്ക് കടത്തിയതാണ്. സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സ് ഉപയോഗിച്ചാണ് ജബ്ബാര്‍ വാഹനമോടിച്ചത്.
ലാസ് വേഗസില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് സമീപം ഒരു ടെസ്‌ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചതും എഫ്.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഈ അപകടത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് സംഭവങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും എഫ്.ബി.ഐ പരിശോധിക്കും.
Content Highlights: new orleans attack At least 15 killed
Published: 02 Jan 2025, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented