വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് സാധു. പേരുപോലെ തന്നെ പരമ സാധുവായ പുതുപ്പള്ളിക്കാരന്‍. കഴിഞ്ഞ ദിവസം തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടാനയുടെ കുത്തേറ്റ് കാടുകയറിയ സാധുവിനെ വലിയ ബുദ്ധിമുട്ടുകളില്ലാതെ തിരിച്ചെത്തിക്കാന്‍ സാധിച്ചതും അവന്റെ പാവത്താന്‍ സ്വഭാവം കൊണ്ടു തന്നെയാണ്.

To advertise here,

ഉത്സവ കേരളത്തിലെ എണ്ണം പറഞ്ഞ തിടമ്പാനകളില്‍ പ്രധാനിയാണ് സാധു. ശാന്ത സ്വഭാവം കൊണ്ട് ശ്രദ്ധേയന്‍. അസംകാരനായ സാധുവിനെ 1998 ജനുവരി മാസത്തില്‍ കോട്ടയം പാപ്പാല പറമ്പില്‍ പോത്തന്‍ വര്‍ഗീസാണ് കേരളത്തിലേക്കെത്തിക്കുന്നത്. അക്കാലത്ത് അസം അരുണാചല്‍ മേഖലകളില്‍ നിന്ന് കേരളത്തിലേക്കെത്തിച്ച ആനകളില്‍ ഏറ്റവും ഉയരുമുണ്ടായിരുന്ന ആനകളില്‍ ഒന്ന് സാധുവായിരുന്നു. അസമിലെ കാര്‍ബി ആംങ്‌ലോങ് ജില്ലയിലെ രാംബഹാദൂര്‍ പൗഡല്‍ ഛേത്രി എന്ന ആനയുടമയില്‍ നിന്നാണ് വര്‍ഗീസ് ഇവനെ സ്വന്തമാക്കുന്നത്. അസമീസ് ഭാഷയില്‍ സന്യാസി എന്നര്‍ഥം വരുന്ന സാധു എന്നാണ് ഉടമയായിരുന്ന രാംബഹാദൂര്‍ ഇവനെ വിളിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് പുതുപ്പള്ളി സാധുവായെന്ന് മാത്രം. 

പേരുപോലെ തന്നെ പാപ്പാന്‍മാരുടെ അടിമേടിക്കാത്ത സല്‍സ്വഭാവിയായ ആന എന്നാണ് സാധുവിനെ കുറിച്ച് പൊതുവെ പറയാറ്. ഒരു പാപ്പാന്‍ മാറി മറ്റൊരു പാപ്പാന്‍ ചുമതലയേല്‍ക്കുമ്പോള്‍ കെട്ടിയഴിക്കല്‍ എന്ന പീഡനമുറ ആവശ്യമില്ലാത്ത ആന. ഇന്ന് തൃശൂര്‍ പൂരമടക്കം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രധാന ഉത്സവങ്ങളിലെയെല്ലാം നിറ സാന്നിധ്യമാണ് സാധു. ഒപ്പം മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ വിവിധ സിനിമകളില്‍ വേഷമിടുകയും ചെയ്തിട്ടുണ്ട് ഈ കോട്ടയംകാരന്‍.

വിജയ് ദേവരകൊണ്ട നായകനായ സിനിമയുടെ ചിത്രീകരണണത്തിനിടെയാണ് സാധു കാടുകയറിപ്പോകാനുള്ള സാഹചര്യമുണ്ടായത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് റേഞ്ചിനടുത്ത് നടന്ന ചിത്രീകരണത്തിനായി അഞ്ച് ആനകളെയാണ് എത്തിച്ചത്. ചിത്രത്തിന്റെ ഭാഗമായി കാടിനകത്തുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ആനകളെ തിരികെ ലോറിയില്‍ കയറ്റുന്നതിനിടെയാണ് തടത്താവിള മണികണ്ഠന്‍ എന്ന ആന സാധുവിനെ കുത്തുന്നത്. ഇതോടെ വിരണ്ട ആന കാടുകയറുകയായിരുന്നു. 

ആനയ്ക്കായി വെള്ളിയാഴ്ച തന്നെ തിരിച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവും മഴയും തടസമായി നിന്നു. കാട്ടാനകള്‍ ഇറങ്ങുന്ന മേഖലയായതിനാല്‍ ഏറെ വൈകി തിരച്ചില്‍ നടത്താനുള്ള സാഹചര്യവുമായിരുന്നില്ല. ഒടുവില്‍ ശനിയാഴ്ച രാവിലെ നടന്ന തിരച്ചിലിനിടെ ഫോറസ്റ്റ് വാച്ചര്‍മാരാണ് തുണ്ടം ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ പഴയ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് വനത്തിനുള്ളില്‍ ആനയെ കണ്ടെത്തുന്നത്. ഉടനെ പാപ്പാന്‍മാരെ വിവരമറിയിച്ചു. പാപ്പാന്‍മാരെത്തി ആനയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു.