‘ഞാൻ അവളെ വെട്ടിക്കൊന്നു’ - സജിതയെന്ന അയൽവാസിയെ കൊലപ്പെടുത്തിയ ശേഷം ഒട്ടും കുറ്റബോധമില്ലാതെ ചെന്താമര സഹോദരനെ വിളിച്ചുപ്പറഞ്ഞത് അങ്ങനെയായിരുന്നു. വെറും അന്ധവിശ്വസത്തിന്റെ പേരിലുണ്ടായ പക സജിതയുടെ ജീവനിലും അവസാനിച്ചില്ല. പരോളിനിടെ അയാൾ പകയുടെ കണക്ക് തീർക്കാൻ വീണ്ടുമെത്തി, നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ. അന്നും അയാൾക്ക് കൂസലുണ്ടായില്ല. ഇന്ന് ആദ്യ കേസിൽ ഇരട്ടപര്യന്തം ശിക്ഷ വിധിച്ചപ്പോഴും ആ ഭാവത്തിൽ മാറ്റമില്ല. ചെന്താമര സ്ഥിരം കുറ്റവാസനയുള്ളയാളാണെന്നും നല്ലവനാകുമെന്ന പ്രതീക്ഷയില്ലെന്നും കോടതിയും വ്യക്തമാക്കി. എന്തായിരുന്നു ചെന്താമരയുടെ പ്രതികാരത്തിന് കാരണം? എങ്ങനെയാണ് ചെന്താമര നാട്ടുകാർക്ക് പേടിസ്വപ്നമായത്?
ഭാര്യയും മകളും അടങ്ങുന്നതായിരുന്നു പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് നഗറിലെ ചെന്താമരയുടെ കുടുംബം. ഭാര്യ പിണങ്ങിപ്പോയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കടുത്ത അന്ധവിശ്വാസിയായിരുന്നു ചെന്താമര. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബ വഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി പറഞ്ഞതോടെ സംശയം അയൽവാസിയായ സജിതയായി. ഈ സംശയം പിന്നീട് പകയായി, സജിതയുടെ വീട്ടുക്കാരോടും വെെരാഗ്യമായി. സജിതയെയും കുടുംബത്തെയും ഇയാൾ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നുമെങ്കിലും ജീവനെടുക്കുന്നതിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല.

To advertise here,

2019 ഓഗസ്റ്റ് 31-ന് അയാൾ പകയുടെ കണക്ക് തീർക്കാനൊരുങ്ങി. സജിതയുടെ ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്ന ആ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ സജിതയുടെ വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ ചെന്താമര അകത്തുക്കയറി. സജിതയെ ആഞ്ഞു വെട്ടി. കഴുത്തിന്റെ പിൻഭാഗത്തും തോളിലും മാരമായി പരിക്കേറ്റ സജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരണം ഉറപ്പാക്കിയ ശേഷം വീട്ടിൽതിരിച്ചുവന്ന് ചെന്താമര വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയിൽ ഒളിപ്പിച്ചു. രക്തക്കറ പുരണ്ട ഷർട്ട് കത്തിച്ചു. തുടർന്ന് പോത്തുണ്ടി വനമേഖലയിൽ ഒളിച്ചു. രണ്ട് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് പോലീസ് ചെന്താമരയെ പിടികൂടുന്നത്. കുറ്റകൃത്യവും ആസൂത്രണവുമെല്ലാം നടത്തിയത് ഒരാൾ തന്നെ.
68 സാക്ഷികൾ, നിരവധി തെളിവുകൾ

സജിത വധക്കേസി‍ന്റെ ആദ്യത്തെ എഫ്ഐആറിൽ പ്രതി ആരെന്നു വ്യക്തമല്ലായിരുന്നു. സജിതയുടെ കുടുംബത്തോട് ചെന്താമരയ്ക്ക് പകയുള്ളതായി വിവരം ലഭിച്ചിരുന്നു. കൊലപാതകം നടന്ന സമയത്ത് ചെന്താമര അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടതായി മൊഴികളും ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സജിതയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും രക്തക്കറ പുരണ്ട ആയുധവും ചെന്താമരയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ചോരപുരണ്ട വസ്ത്രങ്ങൾ, കൊലയ്ക്ക് ഉപയോഗിച്ച ആയുധം എന്നിവ ഇയാളുടെ ഭാര്യ തിരിച്ചറിഞ്ഞു. ശാസ്ത്രീയ തെളിവുകളും ഇതിനെ പിന്തുണച്ചു. കൊലയ്ക്കു ശേഷം, ‘ഞാൻ അവളെ വെട്ടിക്കൊന്നു’ എന്നു പ്രതി സഹോദരനെ വിളിച്ചറിയിച്ചിരുന്നു. സഹോദരന്റെ മൊഴി നിർണായകമായി. ഈ ഫോ‍ൺ രേഖകളും ലഭിച്ചു. ചെന്താമര ലോറി ഡ്രൈവറായി പ്രവർത്തിച്ചിരുന്നപ്പോൾ ക്ലീനറായിരുന്ന വ്യക്തിയോടും കൊലപാതകത്തിനു മുൻപും ശേഷവും ഇതേക്കുറിച്ചു സൂചിപ്പിച്ചിരുന്നു. ആകെ 68 സാക്ഷികളുണ്ടായിരുന്ന കേസിൽ ആരും കൂറുമാറിയില്ല. 2020ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ച് 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ തുടങ്ങി 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. നെന്മാറ ഇൻസ്പെക്ടറായിരുന്ന എ.ദീപകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാർ ഹാജരായി.
നടുക്കിയ ഇരട്ട കൊലപാതകം

സജിതയെ കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കുമ്പോഴും ചെന്താമരയുടെ പകയടങ്ങിയില്ല. സജിതയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലണമെന്ന ചിന്തയിലാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കൾ പിന്നീട് ആരോപിച്ചിരുന്നു. ചെന്താമര തങ്ങളുടെ ഉപദ്രവിക്കുമെന്ന് ഭയപ്പെട്ട സജിതയുടെ കുടുംബം ഡിസംബർ 29-ന്‌ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഡിസംബർ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തി. ശേഷം കൃത്യമായ ആസൂത്രണത്തോടെ സുധാകരൻറെ വീടിനു മുന്നിൽവച്ച് സജിതയുടെ ഭർത്താവ് സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി. സുധാകരൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അമ്മയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. മലമുകളിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാൻ വയ്യാതായതോടെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്‌ക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു.
ഒടുവിൽ ശിക്ഷ

സജിത വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി ചെന്താമരയ്ക്ക് വിധിച്ചത്. നാലേകാൽ ലക്ഷംരൂപപിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്. ചെന്താമരയുടെ പേരിൽ പ്രോസിക്യൂഷൻ ആരോപിക്കുന്ന, കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കൽ(201), അതിക്രമിച്ച് കടക്കൽ(449) തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
ഭയമില്ലാതെ ചെന്താമര

കൊല നടത്തിയ സമയത്തോ ഇന്ന് ശിക്ഷ വിധിച്ചപ്പോഴോ ചെന്താമരയുടെ മുഖത്ത് കുറ്റബോധത്തിന്റെ ഒരംശം പോലുമുണ്ടായിരുന്നില്ല. തൂക്കുകയറുൾപ്പെടെ ഒരു ശിക്ഷാവിധിയെയും ഭയക്കുന്നയാളല്ലെന്ന് ചെന്താമര മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ‘എന്റെ കുടുംബം നശിപ്പിച്ചാൽ ആരായാലും ഞാൻ തൊലയ്ക്കും.' എന്നായിരുന്നു മറ്റൊരുവസരത്തിൽ ചെന്താമര വിളിച്ച് പറഞ്ഞത്. കൊലപാതക കേസിൽ ജയിലിൽ പോയ ആൾ ജാമ്യത്തിലിറങ്ങി വീണ്ടും കൊല ചെയ്യുന്നത് അപൂർവ്വ സംഭവമാണ്. ഇയാൾ നന്നാകുമെന്ന്‌ പ്രതീക്ഷയിയില്ല എന്നാണ് ഇന്ന് കോടതി പോലും പ്രസ്താവിച്ചത്. ഏതേലും ഘട്ടത്തിൽ ഇയാൾക്ക് പരോൾ നൽകേണ്ട സാഹചര്യം വന്നാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശിച്ചതും അതുകൊണ്ടാണ്.
അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി പറഞ്ഞെങ്കിലും ചെന്താമര നാടിനൊരു പേടിസ്വപ്നം തന്നെയാണ്. ഇനിയും ചിലരെക്കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്ന ചെന്താമരയുടെ ഭീഷണി അവരെ ഭയപ്പെടുത്തുന്നുണ്ട്. ഇരട്ടകൊലപാതക കേസിന്റെ ശിക്ഷാവിധി വധശിക്ഷയായിക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരന്റെയും സജിതയുടെയും ബന്ധുക്കൾ.