എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി, ടി.സി.എസ്... വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരുകള്‍. ഏതാണ്ടൊക്കെ അറിയാമെങ്കിലും എന്താണ് ഈ സംവിധനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എങ്ങനെയാണ് ഇവയുടെ പ്രവര്‍ത്തനം... വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേള്‍ക്കുന്ന എ.ബി.എസില്‍ നിന്ന് തുടങ്ങാം. 

To advertise here,

എ.ബി.എസ്. (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം)

എബിഎസ് എന്നാല്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം. വേഗത്തില്‍ വരുന്നൊരു വാഹനം സഡന്‍ ബ്രേക്ക് ഇടുകയാണെന്ന് കരുതൂ. ആ ഫോഴ്‌സില്‍ ടയറുകളുടെ കറക്കം നിന്നാലും വാഹനം നില്‍ക്കണമെന്നില്ല. തെന്നിനീങ്ങാം. ഈ സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ചെയ്യുമ്പോള്‍ എബിഎസ്,  ടയറുകളിലേക്ക് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്യും. ഇത് വാഹനം തെന്നി നീങ്ങുന്നത് തടയുകയും മെച്ചപ്പെട്ട ബ്രേക്കിങ് നല്‍കുകയും ചെയ്യും

എബിഎസ് ഇല്ലാത്ത വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും അതുവഴി സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യും. എന്നാല്‍ എബിഎസ്, ടയറിന്റെ ചലനം പൂര്‍ണ്ണമായി നിലയ്ക്കുന്നതു തടഞ്ഞ് മെച്ചെപ്പട്ട സ്റ്റിയറിങ് നിയന്ത്രണം ഉറപ്പാക്കും.. ടയറിന്റെ പ്രവര്‍ത്തനം മനസിലാക്കാനുള്ള സെന്‍സറുകള്‍, ഇലക്ട്രോണിക്ക് കണ്‍ട്രോള്‍ യൂണിറ്റ്, ഹൈഡ്രോളിക്ക് വാല്‍വുകള്‍, പമ്പ് എന്നിവ അടങ്ങിയതാണ് എബിഎസ്. ടയറുകളുടെ ചലനം സെന്‍സറുകളുടെ സഹായത്തോടെ ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് തിരിച്ചറിയും. ബ്രേക്കിന്റെ ഫോഴ്സ് നിയന്ത്രിക്കുന്നത് വാല്‍വുകളാണ്. പമ്പുകളാണ് ഹൈഡ്രോളിജ് ബ്രേക്കുകളിലെ പ്രഷര്‍ നിലനിര്‍ത്തുന്നത്. ഇവ എല്ലാം നിയന്ത്രിക്കുന്നതും കണ്‍ട്രോള്‍ യൂണിറ്റാണ്. 

ഇ.ബി.ഡി. (ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷന്‍)

എ.ബി.എസുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇ.ബി.ഡി. എ.ബി.എസുള്ള ഒട്ടുമിക്ക വാഹനങ്ങളിലും ഇതുമുണ്ടാകും. ചക്രങ്ങളിലേക്ക് ബ്രേക്ക്ഫോഴ്സ് കൃത്യമായി എത്തിക്കുകയാണ് ഇ.ബി.ഡി.യുടെ ധര്‍മം. വാഹനം ഓടുമ്പോള്‍, പ്രത്യേകിച്ച് നിരപ്പല്ലാത്ത പ്രതലത്തില്‍ എല്ലാ ചക്രങ്ങളിലും ഒരേ തരത്തിലുള്ള കരുത്തായിരിക്കില്ല. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കലാണ് ഇ.ബി.ഡി.യുടെ ദൗത്യം.

എബിഎസിന് സമാനമായാണ് ഇ.ബി.ഡിയുടേയും പ്രവര്‍ത്തനം. ടയറുകളില്‍ നല്‍കിയിട്ടുള്ള സെന്‍സറാണ് വേഗത നിരീക്ഷിക്കുന്നത്. ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകളുടെ വേഗത അനുസരിച്ച് ബ്രേക്ക് ഫോഴ്സ് ചക്രങ്ങളിലേക്ക് നല്‍കുന്നതുമാണ് പ്രവര്‍ത്തന രീതി. ടയറുകളുടെ വേഗത, എന്‍ജിന്‍ ആര്‍പിഎം, റോഡിന്റെ അവസ്ഥകള്‍, വാഹനത്തിലെ ലോഡ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ വേഗത ഇ.ബി.ഡി. കണക്കാക്കുന്നത്. 

ഇ.എസ്.പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം)

വാഹനത്തിന്റെ നിയന്ത്രണം പോകുമ്പോഴാണ് ഇ.എസ്.പി. റോള്‍ വരുന്നത്. വേഗം വര്‍ധിക്കുമ്പോള്‍ ചക്രങ്ങളില്‍ അമിതമായി കരുത്തെടുക്കുന്നത് തടയലാണ് ഇ.എസ്.പിയുടെ ജോലി. ഓരോ ചക്രത്തിലും ഇതു പ്രത്യേകമായാണ് ഘടിപ്പിക്കുന്നത്. സ്റ്റിയറിങ്ങ് തിരിയുന്നതിന് അനുസരിച്ച് ചക്രങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്യുമ്പോഴുമാണ് ഇ.എസ്.പി. പ്രവര്‍ത്തിക്കുക. ഈ സമയം ഓട്ടോമാറ്റിക് ആയി എന്‍ജിന്‍ ടോര്‍ക്ക് കുറച്ചോ ആവശ്യമെങ്കില്‍ ഓരോ ചക്രത്തിലും പ്രത്യേകം ബ്രേക്ക് ഫോഴ്സ് നല്‍കിയോ ഇ.എസ്.പി. വാഹനം നിയന്ത്രിക്കും

ടി.സി.എസ്. (ട്രാക്ഷന്‍ കണ്‍ട്രോള്‍)
 
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന്റെ സെക്കന്ററി ഫങ്ഷന്‍ എന്ന വിശേഷിപ്പിക്കാവുന്ന സുരക്ഷ ഫീച്ചറാണ് ട്രാക്ഷന്‍ കണ്‍ട്രോള്‍ അല്ലെങ്കില്‍ ടി.സി.എസ്. വാഹനത്തിന്റെ വീല്‍ സ്പീന്‍ കുറയ്ക്കുകയോ തടയുകയോ ചെയ്യുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ദൗത്യം. എ.ബി.എസ്. സെന്‍സറുകളുടെ സഹായത്തോടെ തന്നെയാണ് ട്രാക്ഷന്‍ കണ്‍ട്രോളും പ്രവര്‍ത്തിക്കുന്നത്. നാല് ടയറുകളില്‍ ഒരെണ്ണം കൂടുതല്‍ വേഗത്തില്‍ കറങ്ങുന്നത് ട്രാക്ഷന്‍ നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്. സെന്‍സര്‍ ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ആ വീലിലേക്കുള്ള പവര്‍ കുറയ്ക്കുകയോ ടയറുകളിലേക്ക് ചെറിയ അളവില്‍ ബ്രേക്ക് ഫോഴ്സ് നല്‍കുകയോ ചെയ്യും. വഴുവഴുപ്പുള്ള പ്രതലങ്ങളിലൂടെയുള്ള ഡ്രൈവിങ്ങിലും നനഞ്ഞ റോഡുകളിലുമെല്ലാമാണ് ഈ സംവിധാനം ഉപയോഗപ്പെടുന്നത്.