90% കുന്നുകൾക്കും സംരക്ഷണപദവി നഷ്ടമാകും, 'ഹരിത ശ്വാസകോശം' ഖനന ഭീഷണിയിൽ: ഇല്ലാതാകുമോ ആരവല്ലി?
ഹിമാലയത്തേക്കാൾ പഴക്കമുള്ള ആരവല്ലിയിലെ കുന്നുകൾ ഇനിമുതൽ കുന്നുകളല്ല. തീരുമാനിച്ചത് സുപ്രീംകോടതിയാണ്. ഡൽഹി മുതൽ രാജസ്ഥാൻ വരെയായി 700 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന വടക്കൻ മേഖലയുടെ സംരക്ഷണകവചം, ഹരിതശ്വാസകോശമെന്നറിയപ്പെടുന്ന ആരവല്ലി മലനിരകൾ പ്രതിസന്ധിയിലാണ്. സുപ്രീം കോടതി അംഗീകരിച്ച ഈ നിർവചനം ആരവല്ലിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമോ എന്ന ഭീതിയിലാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. എന്താണ് ആരവല്ലി വിവാദം? വിശദമായി പരിശോധിക്കാം.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ. വിനോദ്ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് അംഗീകരിച്ചത്. ഭൂനിരപ്പിന് 30 മീറ്റർ ഉയരത്തിലുള്ള, നാല് ഡിഗ്രി ചരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സുപ്രീം കോടതി അംഗീകരിച്ച ഉത്തരവ് അനുസരിച്ച് ഭൂനിരപ്പിൽ നിന്ന് നൂറ് മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലുള്ളവ മാത്രമേ ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വരൂ. ഈ നിർവചനത്തിൽപ്പെടാത്തവയൊന്നും ആരവല്ലി കുന്നുകളായി കണക്കാക്കില്ല. ആരവല്ലിയുടെ കുന്നുകളിൽ ഭൂരിഭാഗവും നൂറുമീറ്ററിൽ താഴെ മാത്രം ഉയരത്തിലുള്ളവയാണ്. ആ സാഹചര്യത്തിൽ ഈ നിർവചനം ഖനനത്തിന് വഴിതുറക്കുന്നു എന്നതാണ് ഉയരുന്ന ആശങ്ക.
എഫ്എസ്ഐയുടെ ആഭ്യന്തര വിലയിരുത്തൽ പ്രകാരം, രാജസ്ഥാനിലെ 15 ജില്ലകളിലായി 20 മീറ്ററിൽ കൂടുതൽ ഉയരമുള്ള 12,081 കുന്നുകൾ ഉണ്ട്. ഇതിൽ 1,048 കുന്നുകൾ മാത്രമേ 100 മീറ്ററിൽ കൂടുതൽ ഉയരമുള്ളൂ. അതായത് പുതിയ മാനദണ്ഡങ്ങൾ പ്രകാരം ആരവല്ലി കുന്നുകളുടെ ഏകദേശം 90% ത്തിനും സംരക്ഷിത പദവി നഷ്ടപ്പെടും. ബാക്കിയുള്ളവയെല്ലാം ഖനനത്തിനും കെട്ടിട നിർമ്മാണത്തിനുമായി വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകർ.
രാജസ്ഥാനിൽ ആരവല്ലിയുടെ സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തി പരിസ്ഥിതിസ്‌നേഹികൾ തെരുവിലിറങ്ങിയിട്ടുണ്ട്. ആരവല്ലിയെ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിലും നിരവധി ക്യാമ്പയിനുകൾ നടക്കുന്നു. ആരവല്ലിയെ സംരക്ഷിക്കണമെന്ന ആഹ്വാനമുയർത്തി വൻപ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നതും.
ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ആരവല്ലി മലനിരകൾ് വ്യാപിച്ചു കിടക്കുന്നു. മരുവത്കരണം വടക്കൻ ഇന്ത്യയിലേക്ക് വ്യാപിക്കുന്നത് തടയുന്ന ഒരു സ്വാഭാവിക മതിലാണ് ആരവല്ലി. ഥാർ മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റിനെയും തടഞ്ഞുനിർത്തുന്നു. കൂടാതെ, ദശലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളം നൽകുന്ന ഭൂഗർഭജല സ്രോതസ്സുകൾ നിലനിർത്തുന്നതിലും ഈ മലനിരകൾ പ്രധാന പങ്കുവഹിക്കുന്നു. സരിസ്‌ക ദേശീയോദ്യാനം ഉൾപ്പെടെയുള്ള നിരവധി വന്യജീവി സങ്കേതങ്ങൾ ഇതിന്റെ ഭാഗമാണ്. ചമ്പൽ, സാബർമതി, ലൂനി നദികളിൽ നീരുറവ നിലനിർത്തുന്നതും ആരവല്ലി മലനിരകളാണ്. 200-ലധികം അപൂർവ സസ്തനികളുടേയും വന്യജീവികളുടേയും ആവാസകേന്ദ്രവുമാണ് ആരവല്ലി.
പുതിയ നിർവചനം വഴി വിസ്തൃതിയുടെ 90 ശതമാനം വരെ സംരക്ഷണാവകാശങ്ങൾ നഷ്ടപ്പെടാൻ ഇടയാകുമെന്നതാണ് പരിസ്ഥിതിപ്രവർത്തകരുടെ മുന്നറിയിപ്പ്. അതോടെ ഖനനം, റിയൽ എസ്റ്റേറ്റ് കൈയ്യേറ്റങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കും. തിരിച്ചു പിടിക്കാനാവാത്ത പരിസ്ഥിതിനാശം ഉണ്ടാകുകയും ചെയ്യും. ഇതിന്റെ ഫലമായി മരുവത്കരണം വ്യാപിക്കുകയും ഭൂഗർഭജല റീച്ചാർജിങ് ഗുരുതരമായി തകരുകയും, ഇതിനകം തന്നെ മലിനീകരണവും ജലക്ഷാമവും മൂലം ശ്വാസംമുട്ടുന്ന ഈ പ്രദേശത്തിലെ ജൈവവൈവിധ്യം നാശത്തിന്റെ വഴിയിലാകുകയും ചെയ്യും. ആരവല്ലിയുടെ ശോഷണം വലിയ കാലാവസ്ഥാദുരന്തങ്ങൾക്കും ഗുരുതരമായ വരൾച്ചയ്ക്കും വഴിയൊരുക്കും.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ആരവല്ലിയുടെ 35 ശതമാനം പ്രദേശവും തകർന്നതായി പരിസ്ഥിതിവാദികൾ ചൂണ്ടിക്കാട്ടുന്നു. ആരവല്ലി കുന്നുകളെ തകർക്കുന്ന ഖനന ഇളവുകൾ ഉണ്ടാകില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. രാജസ്ഥാനിൽ 2006 മുതൽ നടപ്പാക്കിവരുന്ന ക്രമീകരണമാണ് പുതിയ നിർവചനമെന്നാണ് വാദം. ഇതനുസരിച്ച് കേവലം 100 മീറ്റർ ഉയരത്തിലുള്ള കുന്നിനുമാത്രമല്ല സംരക്ഷണം കിട്ടുകയെന്നും അതിനോട് ചേർന്നുള്ള താഴ്വരപ്രദേശമാകെയും സംരക്ഷിക്കപ്പെടുമെന്നും കേന്ദ്രം പറയുന്നു. 500 മീറ്റർ പരിധിയിലെ രണ്ട് കുന്നുകൾ മാത്രമല്ല, അവയ്ക്കിടയിൽ വരുന്ന പ്രദേശമാകെ സംരക്ഷണപരിധിയിൽ വരും. മാത്രമല്ല, സുസ്ഥിരഖനനം സാധ്യമാക്കാനും ഒരു നിയന്ത്രണവുമില്ലാതെ തുടർന്നുവന്ന ഖനനത്തിന് തടയിടാനും ശാസ്ത്രീയപരിശോധന അവലംബിക്കാനാണ് ഇങ്ങനെയൊരു നിർവചനമാനദണ്ഡം സുപ്രീംകോടതി നിർദേശിച്ചത്. അതായത്, ഖനനാനുമതിയുടെ കാര്യത്തിൽ മാത്രമാകും നിർവചനം ബാധകമാകുകയെന്നർഥം.
ആരവല്ലിമേഖലയിൽ 0.19 ശതമാനം ഭാഗത്തുമാത്രമാണ് ഇപ്പോൾ ഖനന ഇളവെന്നും ബാക്കിയെല്ലാം അതുപോലെ സംരക്ഷിക്കപ്പെടുമെന്നുമാണ് വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് പറയുന്നത്. മാത്രമല്ല, സുപ്രീംകോടതി ഉത്തരവ് ആരവല്ലിക്ക് കൂടുതൽ സംരക്ഷണകവചം തീർക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സുസ്ഥിരഖനനാനുമതി നൽകുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷൻ മുഖേന സമഗ്രമായ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി സമർപ്പിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ പുതിയ ഖനനാനുമതിയൊന്നുമില്ല. ഡൽഹിയുടെ പരിധിയിൽപ്പെടുന്ന ആരവല്ലി മലനിരകളിൽ ഇപ്പോൾത്തന്നെ ഖനന ഇളവുകളില്ലെന്നും അത് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
ആരവല്ലിയുടെ നിർവചനത്തിലെ അവ്യക്തത നീക്കാൻ സമിതി രൂപവത്കരിക്കാൻ 2024 മേയിലാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇതേത്തുടർന്ന് പരിസ്ഥിതിമന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിൽ നാല് സംസ്ഥാനങ്ങളിലെയും പരിസ്ഥിതിസെക്രട്ടറിമാരും ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സുപ്രീംകോടതി നിർദേശപ്രകാരമുള്ള ഉന്നതാധികാരസമിതി എന്നിവയുടെ പ്രതിനിധികളുമുൾപ്പെട്ട സമിതിക്ക് രൂപം നൽകി.
സമിതി വിശദമായ ചർച്ചകൾ നടത്തിയാണ് 2006 മുതൽ രാജസ്ഥാൻ ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്ന നിർവചനം പിന്തുടരാൻ തീരുമാനിച്ചത്. നാല് സംസ്ഥാനങ്ങളും രാജസ്ഥാൻ മാതൃക അംഗീകരിക്കാൻ സമ്മതിച്ചതിനെത്തുടർന്നാണ് വിദഗ്ധസമിതി ഈ ശുപാർശ സുപ്രീംകോടതിയിൽ സമർപ്പിച്ചതും കോടതി അത് അംഗീകരിച്ചതും. ഏത് ഖനന തീരുമാനത്തിനും മുൻപായി കുന്നുകളുടെ മാപ്പിങ് നടത്താനും സർവേ ഓഫ് ഇന്ത്യയുടെ ഭൂപടം പരിശോധിച്ച് കൃത്യത വരുത്താനും നിർദേശമുണ്ട്. സംരക്ഷിതവനമേഖല, പരിസ്ഥിതിലോല മേഖല, കടുവസങ്കേതങ്ങൾ, നീർത്തടങ്ങൾ, ഇവയോടെല്ലാം ചേർന്നുനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഖനനം നിരോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
എന്തായാലും നിലവിലെ ആരവല്ലിയുടെ അവസ്ഥ ഭീകരമാണ്. ഖനനം മൂലം പലയിടത്തും ഭൂഗർഭജലനിരപ്പ് 2000 അടി വരെ താഴേക്ക് പോയി. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ മൂലം ആളുകൾക്ക് ശ്വാസകോശ രോഗങ്ങൾ പടരുകയാണ്. ഇതിനോടകം തന്നെ പല കുന്നുകളും ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്ന് മുൻപ് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുമുണ്ട്.
പീപ്പിൾ ഓഫ് ആരവല്ലിസ് കളക്ടീവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും ഹരിയാണ സർക്കാരിനും ഇക്കഴിഞ്ഞ മേയിൽ സമർപ്പിച്ച സിറ്റിസൺസ് റിപ്പോർട്ടിൽ ആരവല്ലി കടന്നുപോകുന്ന ഹരിയാണയിലെ ഏഴ് ജില്ലകളിൽ ചർഖി ദാദ്രി, ഭിവാനി ജില്ലകളിൽ ഖനനംമൂലം ആരവല്ലി വനമേഖല പൂർണമായും ക്ഷയിച്ചുപോയതായി കണ്ടെത്തി. 2009-ൽ സുപ്രീംകോടതി ഖനനം നിരോധിച്ചെങ്കിലും അതിനുശേഷവും അനധികൃത ഖനനത്തിന് കുറവൊന്നുമില്ല. മഹേന്ദ്രഗഢ് ജില്ലയിൽ പലയിടങ്ങളിലും ഭൂഗർഭ ജലനിരപ്പിൽ വൻതോതിലുള്ള ശോഷണമുണ്ടായി. രാജസ്ഥാനിലെ അജ്‌മേർ ഝുൻഝുനു ജില്ലകളിലും തെക്കൻ ഹരിയാണയിലെ മഹേന്ദ്രഗഢിലും പന്ത്രണ്ടിടത്താണ് നിയമലംഘനം.
ഇപ്പോൾത്തന്നെ ജലക്ഷാമം കാരണം രാജസ്ഥാനിലെയും തെക്കൻ ഹരിയാണയിലെയും പലമേഖലകളിലും കാർഷികപ്രതിസന്ധിയാണ്. വൻതോതിലുള്ള ഖനനവും ക്രഷറുകളുടെ അനിയന്ത്രിതപ്രവൃത്തിയും വിളകളെ ബാധിച്ചിട്ടുണ്ട്. അതിനിയും കൂടും. പ്രധാനപ്പെട്ട ജൈവവൈവിധ്യ കേന്ദ്രം കൂടിയായ ആരവല്ലി 200-ലധികം അപൂർവപക്ഷികളുടെയും ഒട്ടേറെ സസ്തനികളുടെയും വന്യജീവികളുടെയും ആവാസകേന്ദ്രമാണ്. ഈ അപൂർവ വനസമ്പത്തിനെയാകും പുതിയ നിർവചനം തകർത്തെറിയുക.
Content Highlights: The Supreme Court–approved redefinition of the Aravalli hills has triggered fears that nearly 90% of this ancient mountain range could lose legal protection, opening the door to mining and irreversible ecological damage.
Published: 23 Dec 2025, 10:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented