ശ്രീനാരായണഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച കഴിഞ്ഞ് 100 വര്‍ഷമായി. അപൂര്‍വമായിരുന്നു ആ കൂടിക്കാഴ്ച. ശാന്തമായാണ് അവര്‍ സംസാരിച്ചത്. സങ്കീര്‍ണമായ പ്രശ്‌നങ്ങളായിരുന്നെങ്കിലും ലളിതമായ ചെറിയ വാചകങ്ങള്‍. പക്ഷേ, ഓരോ വാക്കിനുപിന്നിലും കോടാനുകോടി മനുഷ്യരുടെ ദുരിതത്തിന്റെയും പ്രത്യാശയുടെയും നെഞ്ചിടിപ്പുകളുണ്ടായിരുന്നു. അയിത്തവും അനാചാരവും ആത്മീയതയും മതവും അന്‍പും അലിവുമെല്ലാം സംസാരത്തില്‍ കടന്നുവന്നു. അന്ന് അവര്‍ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ക്ക് പിന്നെ  എന്തുസംഭവിച്ചു? കാലത്തിന്റെ പരിണാമത്തില്‍ മനുഷ്യര്‍ എത്രത്തോളം മാറി? ആ കൂടിക്കാഴ്ചയുടെ ശതാബ്ദി വര്‍ഷത്തില്‍ ആ ദിശയില്‍ ഒരു അന്വേഷണത്തിനായി മാതൃഭൂമി വേദിയൊരുക്കി. സംസാരിക്കാനെത്തിയത് പ്രമുഖ പ്രഭാഷകരായ സുനില്‍ പി. ഇളയിടവും ഷൗക്കത്തുമാണ്.

To advertise here,

അയിത്തത്തില്‍ ഒതുങ്ങില്ല

സുനില്‍:
ഗാന്ധിജിയും ഗുരുവുമായുള്ള അന്നത്തെ കൂടിക്കാഴ്ചയില്‍ വൈക്കം സത്യാഗ്രഹത്തോട് ബന്ധപ്പെട്ട ആശയങ്ങളാണ് മുഖ്യമായി ചര്‍ച്ചയായത്. അധഃകൃതരെന്ന് വിളിക്കപ്പെടുന്നവരുടെ മോചനത്തിന് അയിത്തോച്ചാടനമല്ലാതെ എന്തെല്ലാം വേണമെന്ന് ഗാന്ധിജി ചോദിക്കുമ്പോള്‍ ഗുരു എടുത്തുപറയുന്നത് വിദ്യാഭ്യാസവും സമ്പത്തും എന്നാണ്. ജാതിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക അനീതിയെന്നതില്‍ ഗാന്ധിജിക്കോ ഗുരുവിനോ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍, അത് പരിഹരിക്കാന്‍ ഗാന്ധിജി മുന്നോട്ടുവെച്ച അയിത്തോച്ചാടനം പര്യാപ്തമാകില്ലെന്നകാര്യം ഗുരു ഉറപ്പിച്ചുപറയുന്നുണ്ട്.

ഷൗക്കത്ത്:
ഗാന്ധിജിയെയും ഗുരുവിനെയും കാണുന്നത് വ്യക്തികളായിട്ടുമാത്രമല്ല. ലോകചരിത്രം പരിശോധിച്ചാല്‍ മനുഷ്യസമൂഹങ്ങളെല്ലാം ഞങ്ങളെന്നും നിങ്ങളെന്നും പിരിഞ്ഞാണ് ജീവിച്ചിരുന്നത്. അവിടെയൊക്കെ ഇണക്കമുണ്ടാക്കാന്‍ ചിന്തയും വാക്കും പ്രവൃത്തിയുംകൊണ്ട് നിരന്തരം പരിശ്രമിച്ചിട്ടുള്ള മനുഷ്യരെ എല്ലാ സമൂഹത്തിലും നമുക്ക് കാണാം.

മതം, മതാതീതം

സുനില്‍:
ഹിന്ദുമതം എന്നതിന് ഇതര മതങ്ങളെയപേക്ഷിച്ച് സവിശേഷമായ ഒരു ഊന്നല്‍ നല്‍കാന്‍ ഗുരു തയ്യാറാകുന്നില്ല. ഒപ്പം, ലൗകികസ്വാതന്ത്ര്യമില്ലാത്ത ആധ്യാത്മികമോക്ഷമെന്നതിന് സാധ്യതയില്ലെന്നും ഗുരു പറയുന്നുണ്ട്. ഇന്ന് തിരിഞ്ഞുനോക്കിയാല്‍ ഗാന്ധിജി അന്ന് വെച്ചുപുലര്‍ത്തിയിരുന്ന പ്രത്യാശയെക്കാള്‍ ഗുരുവിന്റെ കരുതലുകളാണ് കൂടൂതല്‍ പ്രസക്തം. ഗാന്ധിജിയുടെ നിലപാടുകള്‍ കാലംചെല്ലുമ്പോള്‍  മാറിയിട്ടുണ്ട്. 1924-ലെ ഗാന്ധിജിയല്ല 1948-ലെ ഗാന്ധിജി. 1936 ആകുമ്പോഴേക്കും ഗാന്ധിജി ജാതിയെക്കുറിച്ചുള്ള തന്റെ അക്കാദമികമായ നിരീക്ഷണങ്ങള്‍ മാറ്റി. മതവും രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകാന്‍പാടില്ലെന്ന് ഖണ്ഡിതമായി പറയുന്ന, ആധുനിക മതേതര  രാഷ്ട്രീയക്കാരന്റെ ഭാഷയില്‍ സംസാരിക്കുന്ന ഗാന്ധിജിയെയാണ് നമ്മള്‍ 1946-ല്‍ കാണുന്നത്. ഗാന്ധിജിക്ക് മതം അതിന്റെ ഔപചാരിക രൂപങ്ങളൊന്നുമല്ല. ക്ഷേത്രങ്ങളില്‍ പോകുന്ന ആളല്ല, പ്രത്യക്ഷത്തില്‍ ആരാധനകളൊന്നും നടത്തുന്നില്ല. ദൈവികമെന്ന് വിളിക്കുന്ന സ്ഥാനങ്ങളിലൊന്നും അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. ഗാന്ധിജിക്ക് മതമെന്നും ദൈവമെന്നും പറയുന്നത് വലിയ ചില ധാര്‍മികമൂല്യങ്ങളുടെ ഒരു ആവിഷ്‌കാരമാണ്. ഗാന്ധിജിയുടെ ഇത്തരത്തിലുള്ള ആലോചനകളെ രൂപപ്പെടുത്തുന്നതില്‍ ഒരു പ്രത്യേക ചിന്താപാരമ്പര്യത്തിന് പങ്കുണ്ട്. ഗാന്ധിജി 1889-ല്‍ ലണ്ടനിലെത്തി മൂന്നുവര്‍ഷം ബാരിസ്റ്റര്‍ബിരുദത്തിനായി പഠിക്കുന്നുണ്ട്. തിരിച്ചുവരുന്ന ഘട്ടത്തിലാണ് ഒരുകൂട്ടം ചിന്തകരെ വായിക്കുകയും അവരുമായി ആശയപരമായി ചേരുകയും ചെയ്യുന്നത്. അങ്ങനെ ആധുനികമായ ഒരു മൂല്യവ്യവസ്ഥയെ സ്വാംശീകരിച്ചതിനുശേഷമാണ് ഗാന്ധിജി വീണ്ടും മതത്തിലേക്ക് തിരിച്ചുവരുന്നത്.

തൊഴിലിന്റെ അന്തസ്സ്, മനുഷ്യന്റെ തുല്യത, അഹിംസ ഇത്തരത്തിലുള്ള വളരെ ആധുനികമായ മൂല്യങ്ങളെ മതത്തില്‍നിന്ന് കണ്ടെടുക്കുകയും മതത്തെ ആന്തരികമായി നവീകരിക്കുകയും ചെയ്യുകയായിരുന്നു ഗാന്ധിജി. അതില്‍  വിജയിച്ചുവെന്ന് പറയാനാകില്ല. പക്ഷേ, ഗാന്ധിജിയുടെ ശ്രമം അതായിരുന്നു.
 
വിഭജനം യാഥാര്‍ഥ്യമായിയെന്നുവരുന്ന സമയത്ത് ഗാന്ധിജി പറയുന്ന വാക്യം, ''ഒരൊറ്റദിവസത്തേക്ക് ഞാനീ രാജ്യത്തിന്റെ പരമാധികാരിയായാല്‍ മതത്തെയും രാഷ്ട്രീയത്തെയും ഞാന്‍  സമ്പൂര്‍ണമായി വേര്‍പെടുത്തു''മെന്നാണ്. ഇതേ ഗാന്ധിജി 1920-ല്‍ പറഞ്ഞത് മതമില്ലാത്ത രാഷ്ട്രീയം അധാര്‍മികമായിരിക്കും എന്നായിരുന്നു. ഗുരുവാകട്ടെ, 1925-ല്‍ത്തന്നെ ഈ സവിശേഷമായ സംഗതികള്‍ കണ്ടിരുന്നു.

ഷൗക്കത്ത്:
നാരായണഗുരുവിന് മതമുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ നാരായണഗുരുവിന് മതമില്ല. പക്ഷേ, ഗുരുവിനെ സംബന്ധിച്ചിടത്തോളം ഒരു മതത്തിനും എതിരല്ല. മതത്തിന്റെ ആളുമല്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍.

'മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനു മറ്റൊരു വേല ചെയ്തിടേണ്ട
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ
മനുവുരുവിട്ടുമിരിക്കില്‍ മായ മാറും'

ഗുരുദര്‍ശനമാണിത്. മനസ്സാകുന്ന മലര്‍കൊണ്ട്, ഉള്ളിലുള്ള സമാധാനംകൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് മതമൊന്നും പ്രമാണമല്ല. അയാളൊന്നും ചെയ്യേണ്ടതില്ല. അങ്ങനെ സമാധാനത്തില്‍ ജീവിക്കുന്നൊരാള്‍ക്ക് ഒന്നും ആവശ്യമില്ല. പക്ഷേ, ഒരാള്‍ കാട്ടില്‍പ്പോയി പൂവ് പറിച്ചുകൊണ്ടുവന്ന് ഒരു ദേവനെയും ദേവിയെയും മുന്നില്‍വെച്ച് അതില്‍ അര്‍പ്പിക്കുന്നതിലൂടെ അയാള്‍ക്ക് സമാധാനം ലഭിക്കുന്നുണ്ടെങ്കില്‍ ഗുരു എതിരല്ല. ഇനി അതല്ല മന്ത്രങ്ങളുരുവിട്ട് ജീവിക്കുകയാണെങ്കില്‍ അതിനും എതിരല്ല. ദൈവമുണ്ടോ ഇല്ലയോ എന്നത് നാരായണഗുരുവിന് ഒരു വിഷയമല്ല. സഹോദരന്‍ അയ്യപ്പന് ദൈവത്തില്‍ വിശ്വാസമില്ല. ദൈവത്തില്‍ വിശ്വാസമില്ലാത്ത സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ ശിഷ്യനാണ്. ഒരാള്‍ ദൈവത്തില്‍ വിശ്വാസിയായിട്ട് നില്‍ക്കുമ്പോള്‍ ഗുരുവിന് അതില്‍ വിരോധമില്ല. കാലങ്ങളായി മനുഷ്യര്‍ പേറിക്കൊണ്ടുനടക്കുന്ന ദൈവസങ്കല്പത്തെ ഗുരു മൂല്യനവീകരണംചെയ്ത് അവതരിപ്പിക്കുകയായിരുന്നു.  

ഗുരു ദൈവമുണ്ടെന്ന് പറയുമ്പോള്‍ അത് സത്യമാണ്, ജ്ഞാനമാണ്, ആനന്ദമാണ്, വര്‍ത്തമാനവും ഭൂതവും ഭാവിയുമായിരിക്കുന്നതാണ്. ഈ പറയുന്ന വാക്കും ദൈവം തന്നെയാണ്. ഏറ്റവും വിശാലമായ അര്‍ഥത്തിലേക്ക്, സങ്കുചിതമായി മനുഷ്യമനസ്സിലുള്ള ആ ദൈവസങ്കല്പത്തെ പുനഃപ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയത്തിലെ തെളിച്ചം

സുനില്‍:
ഗാന്ധിജിയെ സംബന്ധിച്ച് മൂന്നുകാര്യങ്ങളാണ് ചരിത്രപരമായി പരമപ്രധാനം. ഒന്നാമതായി, ഏറക്കുറെ   മതാധിഷ്ഠിതമായിരുന്ന ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ മതനിരപേക്ഷകേന്ദ്രമാക്കി. 1920 വരെ അവിടെ  ആരെയെടുത്താലും മതമായിരുന്നു അവരുടെ ദേശീയഭാവനയുടെ അടിസ്ഥാനം. അതിനെ തിരുത്തി മതനിരപേക്ഷമെന്ന തലത്തിലേക്ക് വഴിതിരിച്ചുവിട്ടത് ഗാന്ധിജിയാണ്. ഗാന്ധിജി ഒറ്റയ്ക്ക് ചെയ്തുവെന്നല്ല. അതിന്റെ കേന്ദ്രം ഗാന്ധിജിയായിരുന്നു. മധ്യവര്‍ഗക്കാരുടെയും വിദ്യാഭ്യാസം ലഭിച്ച ഉന്നതവര്‍ഗക്കാരുടെയും രാഷ്ട്രീയാഭിലാഷം എന്നതില്‍നിന്ന് സാധാരണ ജനതയുടെ സ്വാഭിമാനം, അന്തസ്സ് എന്നതിലേക്ക് സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ മാറ്റി. ഏറ്റവും അവസാനത്തെ മനുഷ്യനും ദേശീയതാസങ്കല്പത്തിന്റെ കേന്ദ്രത്തിലേക്ക് വരുന്നത് ഗാന്ധിജി വഴിയാണ്. മൂന്നാമതായി വിഭജനം യാഥാര്‍ഥ്യമാകുന്നുവെന്ന് അറിഞ്ഞതോടെ ഗാന്ധിജി വര്‍ഗീയതയ്‌ക്കെതിരേ എടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലാണത് അവസാനിക്കുന്നത്. ഈ മൂന്നുകാര്യങ്ങളും  ഇന്നും വളരെ പ്രധാനമാണ്. ഇവയാണ്  ഗാന്ധിജിയില്‍നിന്ന് നമ്മള്‍ ഏറ്റെടുക്കേണ്ടത്.

ഷൗക്കത്ത്:
മനുഷ്യരുടെ പക്ഷത്തുനിന്ന് ചിന്തിച്ചവരാണ് അവര്‍ രണ്ടുപേരും. അവരുടെ ചിന്ത സമൂഹത്തില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കാതെ, മുന്നില്‍ നില്‍ക്കുന്നവരുടെ പക്ഷത്തുനിന്ന് ചിന്തിച്ച്, അവരെ കുറച്ചുകൂടി വെളിച്ചത്തിലേക്ക്, സമാധാനത്തിലേക്ക് കൊണ്ടുവരാവുന്നരീതിയില്‍ പിന്തുണയ്ക്കുകയായിരുന്നു.
അരുവിപ്പുറത്തെ പ്രതിഷ്ഠ കഴിഞ്ഞ് ഗുരുവിന്റെമുന്നില്‍ കുറെപ്പേര്‍ ഭക്തിയോടുകൂടി ഇരിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ അവിടെ മാറിനില്‍ക്കുന്നുണ്ടായിരുന്നു. ഉണങ്ങിയ കമ്പുപോലെയുള്ള കറുത്തുമെലിഞ്ഞ രണ്ട് കുട്ടികള്‍. ഗുരു നോക്കിയത് അവിടേക്കാണ്. ഗുരു എല്ലാവരോടും ചോദിക്കുന്നത് അവരെന്താണ് അവിടെ മാറിനില്‍ക്കുന്നതെന്നാണ്. അവര്‍  മാറിനിന്നത് അവര്‍ ഗുരുവിനടുത്ത് നിന്നിരുന്നവരുടെ ജാതിയെക്കാള്‍ കുറഞ്ഞവരാണ്. ആ മാറ്റിനിര്‍ത്തിയവരെക്കുറിച്ച് നമ്മളൊന്നും ചിന്തിക്കുന്നില്ല. അവരെ അടുത്തുകൊണ്ടുവന്ന്  ചേര്‍ത്തുപിടിച്ചുനിര്‍ത്തിയപ്പോള്‍ ഗുരുവിന്റെയും അവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഗുരു മുന്നോട്ടുെവക്കുന്നത് 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴണം'  എന്ന ആശയമാണ്. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അതിന് വെളിയിലാരെങ്കിലും നില്‍ക്കുന്നുണ്ടോയെന്നുള്ള ഒരു നോട്ടം ഇരുവര്‍ക്കും ഉണ്ടായിരുന്നു.

വര്‍ണാശ്രമം

സുനില്‍:
ഗാന്ധിജിയടക്കമുള്ളവര്‍ വര്‍ണവ്യവസ്ഥയെ പിന്തുണച്ച സമയത്ത് ഇന്ത്യന്‍ സന്ന്യാസപാരമ്പര്യത്തിനുള്ളില്‍ത്തന്നെ ഗുണകര്‍മങ്ങള്‍ക്ക് അനുസരിച്ചുള്ളതല്ല വര്‍ണമെന്ന് ഗുരു ഖണ്ഡിതമായി പറഞ്ഞു. ജാതി ശരിയല്ല എന്ന് പറഞ്ഞവര്‍പോലും വര്‍ണം ശരിയാണെന്ന് കരുതിയിരുന്നസമയത്ത്, വര്‍ണംതന്നെ തെറ്റാണെന്ന് കൃത്യമായി പറഞ്ഞത് ഗുരുവാണ്. അങ്ങനെ ഈ രണ്ട് മനുഷ്യരെയും നോക്കിയാല്‍ ആ കാലത്തെ അഭിസംബോധനചെയ്തുകൊണ്ട് അവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇന്നും സാധുവായി നില്‍ക്കുന്നു.

പാരമ്പര്യത്തിന്റെ പരിവേഷത്തിനുള്ളില്‍ ആധുനികതയുടെ മൂല്യങ്ങളാണ് ഗാന്ധിജി അവതരിപ്പിച്ചത് എന്നാണ് ഇര്‍ഫാന്‍ ഹബീബ് പറയുന്നത്. ഗുരുവും അതുതന്നെയാണ് ചെയ്തത്. ഗുരു ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമെല്ലാം പറയുന്നുണ്ടാകാം. പക്ഷേ, ആധുനികതയുടെ അടിസ്ഥാനമൂല്യങ്ങളെ സാമൂഹികജീവിതത്തില്‍ കൊണ്ടുവരാനുള്ള വലിയ ശ്രമം ഗുരുവിലുണ്ട്, ഗാന്ധിജിയിലുണ്ട്. സെക്യുലറിസത്തെക്കുറിച്ചുള്ള സംവാദങ്ങള്‍കൊണ്ടോ പാശ്ചാത്യ ആധുനികതയുടെ യുക്തിബോധംകൊണ്ടോ ഒക്കെ വര്‍ഗീതയെ നേരിടുക വളരെയധികം പ്രയാസമാണ്. വര്‍ഗീയതയ്ക്കും മതവിദ്വേഷത്തിനും എതിരേ ഗാന്ധിജിയുടെയും ഗുരുവിന്റെയും പാരമ്പര്യത്തെക്കാള്‍ ബലിഷ്ഠമായ ഒന്നും നമ്മുടെ കൈയിലില്ല. അതുകൊണ്ടാണ് അവരിലേക്ക് പിന്നെയും തിരിഞ്ഞുനോക്കേണ്ടിവരുന്നത്. ഗാന്ധിജിയും ഗുരുവും പഴയകാലത്തെ ഓര്‍മകളല്ല. വര്‍ത്തമാനകാലത്തെ പ്രവൃത്തിതന്നെയാണ്.  

ഷൗക്കത്ത്:
ഒരുവിഭാഗം മനുഷ്യര്‍ക്ക് പ്രാര്‍ഥിക്കാന്‍ ഒരിടമുണ്ടാക്കിക്കൊടുക്കുമ്പോള്‍ തൊട്ടപ്പുറത്ത് അതില്‍നിന്ന് രണ്ടുപേരെ മാറ്റിനിര്‍ത്തുന്നുണ്ടെങ്കില്‍ അവരെയും കൂടി ചേര്‍ത്തിട്ടുമതി പ്രാര്‍ഥനാലയത്തെക്കുറിച്ച് സംസാരിക്കുന്നതും തുടര്‍ന്നുള്ള സംസാരവുമെന്ന് ഗുരു പറയുന്നുണ്ട്. എക്കാലത്തും പ്രസക്തമായിരിക്കുന്ന ദര്‍ശനമാണ് നാരായണഗുരുവിനെയും ഗാന്ധിജിയെയുംപോലുള്ള ഗുരുക്കന്മാര്‍ നമ്മുടെ മുന്നില്‍വെച്ചത്.  എവിടെയൊക്കെ മനുഷ്യര്‍ ഞങ്ങളെന്നും നിങ്ങളെന്നും വേര്‍തിരിച്ചുപറഞ്ഞ് ശത്രുക്കളെപ്പോലെ ഇരിക്കുന്നുണ്ടോ അവിടെയൊക്കെ അവനവന്റെ വാക്കിനും ചിന്തയ്ക്കും ദര്‍ശനത്തിനും പ്രാധാന്യംകൊടുക്കുന്നത് നിര്‍ത്തിയിട്ട് എല്ലാവരുടെയും

സമാധാനത്തിനുവേണ്ടി വിട്ടുകൊടുക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരു വെളിച്ചമായിമാറേണ്ടത് എങ്ങനെയാണെന്ന് സ്വജീവിതംകൊണ്ട് കാണിച്ചുതന്ന രണ്ട് വ്യക്തിത്വങ്ങളായാണ് ഞാന്‍ ഇരുവരെയും അനുഭവിക്കുന്നത്.

പോകാത്ത ജാതി

സുനില്‍:
ജാതി എന്ന സാമൂഹിക വിഭജന സമ്പ്രദായം ഇന്ത്യ രൂപപ്പെടുത്തിയ ഏറ്റവും പ്രാകൃതമായ വിഭജനരീതിയാണ്. ഉടമകള്‍ക്കെതിരേ ഒരുമിച്ച് സമരംചെയ്യാനുള്ള സാധ്യത അടിമത്തം നിലനിര്‍ത്തുന്നതായി അംബേദ്കര്‍ പറയുന്നുണ്ട്. പക്ഷേ, മര്‍ദിതജാതികളെല്ലാം ഒരുമിച്ചുചേര്‍ന്ന് മര്‍ദകര്‍ക്കെതിരേ സമരംചെയ്യുക സാധ്യമല്ല. നിങ്ങള്‍ ഒരു ജാതിയുടെ മര്‍ദനത്തിന് കീഴിലായിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ മര്‍ദിച്ചൊതുക്കുന്ന മറ്റൊരു ജാതിയുണ്ട്. അതുകൊണ്ട് ജാതിവ്യവസ്ഥയുടെ സംരക്ഷണമെന്നത് എല്ലാ ജാതികളും ചേര്‍ന്ന് നിര്‍വഹിക്കുന്നതാണ്. ജാതിയാണ് യഥാര്‍ഥത്തില്‍ ദേശവിരുദ്ധമെന്നും അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഒരു ജനതയെ ഒരു ദേശീയസമൂഹമാക്കാന്‍ അനുവദിക്കാത്ത ഒന്നാമത്തെ ഘടകം ജാതിയാണ്. ഭരണഘടനതന്നെ കുറ്റകൃത്യമായി പ്രഖ്യാപിച്ച അയിത്തം, ഭരണഘടന നിലവില്‍വന്ന് 75 വര്‍ഷത്തിനുശേഷവും ഒരു പ്രയാസവുമില്ലാതെ നമ്മുടെ ജീവിതപരിസരത്ത് തുടരുന്നു. തൊട്ടുകൂടായ്മ ആന്തരികമായിട്ടോ മറ്റോ പോയിത്തീര്‍ന്നെന്ന് പറഞ്ഞാല്‍ അത് വലിയ വഞ്ചനയാണ്. അടുത്തകാലത്ത് മനസ്സിലാക്കിയത്  ഒരു പ്രത്യേക മേല്‍ജാതിവിഭാഗക്കാര്‍ ഫ്‌ളാറ്റ് പണിഞ്ഞിട്ട് അവരുടെ ജാതിക്കുമാത്രമേ കൊടുക്കുള്ളൂവെന്ന് തീരുമാനിച്ചെന്നാണ്. അപ്പോള്‍ അവരവരെക്കൊണ്ട് ആകാവുന്നപോലെ അയിത്തം ആചരിക്കുകയാണ്. റോഡില്‍ പറ്റില്ല, പക്ഷേ, ഫ്‌ലാറ്റില്‍ നടക്കുമെന്നര്‍ഥം.

ഷൗക്കത്ത്:
രണ്ടായിരത്തില്‍ ബിഹാറിലെ ഗ്രാമത്തില്‍ യാത്രചെയ്യുമ്പോള്‍ കണ്ട ഒരു ദൃശ്യമുണ്ട്. നാലഞ്ചുപേര്‍ ഒരാളെ മരത്തില്‍ കെട്ടിയിട്ട് അടിക്കുന്നു. എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് നടന്നുപോയി. എന്തിനാണ് നിങ്ങള്‍ അടികൊണ്ടത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് എന്നെ അടിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു മര്‍ദിക്കപ്പെട്ടയാളുടെ മറുപടി.

ഒ.എന്‍.വി. കുറുപ്പ് എഴുതിയതുപോലെ വെറുമൊരു രസം ഹിംസ.  ഒരു രസത്തിന് ഹിംസചെയ്യാന്‍ കുറെ മനുഷ്യരുണ്ട്. ആ കാഴ്ച എന്നെ അസ്വസ്ഥപ്പെടുത്താന്‍കാരണം ഞാന്‍ കേരളത്തില്‍ ജനിച്ചതുകൊണ്ടാണ്. ഒരുവന്റെ ചിന്തയും വാക്കും പ്രവൃത്തിയും മറ്റുള്ളവര്‍ക്ക് അല്ലലുണ്ടാക്കുന്നില്ലെങ്കില്‍മാത്രമേ അത്  ആത്മീയതയോട് ചേര്‍ന്നതാകുകയുള്ളൂ എന്നതാണ് ഗുരു പറയുന്നത്.

എതിരില്ലാത്തവര്‍

സുനില്‍:

എതിരാളിയുടെ ആത്മശുദ്ധീകരണമില്ലാതെ വിമോചനം പൂര്‍ത്തിയാകില്ലെന്ന നിലപാടായിരുന്നു ഇരുവരും പിന്തുടരുന്നത്. അതുകൊണ്ടാണ് ഗുരുവിന് ശത്രുവില്ലാത്തത്. വിഗ്രഹപ്രതിഷ്ഠയുടെകാര്യത്തില്‍ താന്‍ യോജിക്കുന്നില്ലെന്ന് വാഗ്ഭടാനന്ദന്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ നാമും യോജിക്കുന്നില്ല എന്നായിരുന്നു ഗുരുവുന്റെ മറുപടി. തന്റെ എതിരാളിയായി ഒരാള്‍ അപ്പുറത്ത് നില്‍ക്കാന്‍ ഗുരു ഒരിക്കലും ഇടവരുത്തിയിട്ടില്ല. എതിരാളിയെക്കൂടി ഉള്‍ക്കൊണ്ടാണ് ഗുരു കര്‍മപദ്ധതിയുണ്ടാക്കിയത്. ഗാന്ധിജിയും ഗുരുവും ശ്രമിച്ചത് എതിരാളിയെ മാത്രമല്ല അയാളുടെ ഉള്ളിലെ ശത്രുതാ ഭാവത്തെക്കൂടി സംബോധന ചെയ്യാനാണ്. ഒരുനിലയ്ക്ക് അംബേദ്കര്‍, മൈത്രി എന്ന ആശയത്തിലെത്തുമ്പോള്‍ ഈ ഒരു തലത്തില്‍ വരുന്നുണ്ട്. കാരണം ശത്രു എന്നതിനെ മറുഭാഗത്ത് നിലനിര്‍ത്തിക്കൊണ്ട് വിമോചനം പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ പറ്റില്ല.

ഗുരുവിന് അപരം എന്നൊന്നില്ല.

ഷൗക്കത്ത്:
ശരിയെന്ന വാക്കിന് എനിക്ക് ഏറെ ഇഷ്ടപ്പെട്ട നിര്‍വചനം  ശീലിച്ചുശീലിച്ച് ഉറച്ചത് ശരി എന്നതാണ്. നമുക്കൊപ്പമുള്ളവരെന്നും അതിന് മുകളിലുള്ളവരെന്നും തോന്നുന്നവരെമാത്രം പരിഗണിച്ചാല്‍ മതിയെന്ന ശീലത്തിലൂടെ രൂപപ്പെട്ടുവന്ന ഒരു സംസ്‌കാരമാണ്  നമ്മളെ ഇപ്പോഴും ഭരിക്കുന്നത്. ജാതിയില്‍ കുറഞ്ഞവരെ നമ്മള്‍ തലോടാറുണ്ട്, ചോറുകൊടുക്കാറുണ്ട്, ചായ കൊടുക്കാറുണ്ട്. അതുകഴിഞ്ഞാല്‍ അവര്‍ മാറിനിന്നുകൊള്ളണം. ഇതു പണ്ടുമുണ്ട്.

നാരായണഗുരുവും ഗാന്ധിജിയും അവരുടെ അവസാനകാലത്തുപോലും അവനവനില്‍ എന്തെങ്കിലും തിരുത്തപ്പെടേണ്ടതുണ്ടോ എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നവരാണ്. ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തിരുത്തിയവരാണ് രണ്ടുപേരും.

നമ്മള്‍ പെട്ടെന്ന് അങ്ങ് സര്‍വജ്ഞരാകുകയാണ്. ഗാന്ധിജിയും നാരായണഗുരുവും ഒരിക്കലും സര്‍വജ്ഞരായി ഇരുന്നിട്ടില്ല. അവര് നിരന്തരം തിരുത്തിക്കൊണ്ടിരുന്നു.

ഹിംസയുടെ ഇരുട്ട്

സുനില്‍:
സാമൂഹികതയുടെ പുനഃസ്ഥാപനം എന്ന വലിയൊരു ഘടകമുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്ന് സമൂഹത്തിലേക്കുള്ള മാറ്റം. സമൂഹം ആത്മബോധവും ആത്മബോധം അപരബോധവുമാണ്. അതില്ലെങ്കില്‍ വെറും തെമ്മാടിക്കൂട്ടമായി മനുഷ്യര് മാറും ഒരാളെ തല്ലിക്കൊല്ലാന്‍ തീരുമാനിക്കും. അതിന് പ്രേരണ നാല് സിനിമയാണെന്നു പറഞ്ഞിട്ട് കാര്യമില്ല.

നമ്മുടെ ജീവിതപരിസരത്തുനിന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍കൊണ്ട് പിന്‍വാങ്ങിയ അടിസ്ഥാനമൂല്യം സാമൂഹികതയെന്ന ആശയമാണ്. ഇപ്പോള്‍ ഏറിയ പങ്കും ആള്‍ക്കൂട്ടമാണ്, അത് രാഷ്ട്രീയപ്രസ്ഥാനത്തിലായാലും യുവജന സംഘടനകളിലായാലും. ആള്‍ക്കൂട്ടമെന്നത് സാമൂഹികതയല്ല. അത് വ്യക്തിയുടെ ബോധപൂര്‍വമായ തീരുമാനമല്ല. വര്‍ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും പിന്നില്‍ ആള്‍ക്കൂട്ടത്തെ കാണാം. ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ ഫാസിസവുമായി ബന്ധപ്പെടുത്തി വലിയ ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്. സാമൂഹികത എന്നത് ഇതിന്റെ മുറുപുറമാണ്. സംവാദാത്മകമായ ഒരു പാരിസ്ഥിത്യം, സമൂഹം എന്ന ഭാവനയിലുണ്ട്. ഗുരു മതത്തിലെ ആത്മീയമെന്നു വിളിക്കുന്ന അനുഭവത്തെ സാമൂഹികമാക്കി. വിദ്യാഭ്യാസം വളരെ സാമൂഹികമായമൂല്യമുള്ള ഒന്നായാണ് കേരളത്തില്‍ വന്നത്. ഇന്ന് സാമൂഹിക മൂല്യങ്ങളെ ഏതാണ്ട് വിദ്യാഭ്യാസം പൊഴിച്ചു കളയുകയാണ്. ഏതെങ്കിലും വിദ്യാഭ്യാസപദ്ധതിയില്‍ ലോകത്തെ സ്‌നേഹപൂര്‍ണമാക്കണമെന്ന് ഒരു വരി കാണാനാകുമോ? അങ്ങനെയെന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ നിങ്ങളൊരു കോമാളിയായിത്തീരും.  സാമൂഹികതാ നിരാസമെന്നത് വാസ്തവത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍, വിജ്ഞാന വ്യവസ്ഥയില്‍, മതജീവിതത്തില്‍, പൊതുജീവിതത്തില്‍ എന്നിവിടങ്ങളിലൊക്കെ സംഭവിച്ചു. നമ്മുടെ വിദ്യാഭ്യാസവും മതവും സാമൂഹികജീവിതവും രാഷ്ട്രീയസംഘടനകളും അടക്കമുള്ള കാര്യങ്ങളില്‍ സംഭവിച്ച സാമൂഹികതാ നിരാസമാണ് വാസ്തവത്തില്‍ ഹിംസയുടെ പുതുരൂപമായി വന്നത്. വെറുമൊരു സ്‌നേഹഭാവനകൊണ്ടുമാത്രം സാമൂഹിക അക്രമത്തെ പരിഹരിക്കാനാകില്ല. മനഃശാസ്ത്രംകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല അക്രമം, അതില്‍ സാമൂഹികം എന്നുവിളിക്കാവുന്ന ഘടകമുണ്ട്. അതിനെ കൗണ്‍സലിങ് കൊണ്ടുമാത്രം തീര്‍ക്കാനാകില്ല. സമൂഹത്തിന് അടിസ്ഥാനസ്വഭാവമുണ്ട് അത് രൂപപ്പെടുത്തിയതിനാലാണ് ഗുരുവോ ഗാന്ധിജിയോ പ്രസക്തമാകുന്നത്. അല്ലാതെ അവര്‍ വ്യക്തിപരമായി ആളുകളുടെ മാനസിക പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ചിട്ടില്ല.

ഷൗക്കത്ത്:
17 വയസ്സുമുതല്‍ ജാതിയും മതവുമൊക്കെ വിട്ടയാളാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്നയാളാണ് ഞാന്‍. കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ടെന്നൊരു പുസ്തകം അടുത്തിടെ എഴുതിയിരുന്നു. മുതിര്‍ന്നവര്‍ക്കായി ഒരു പുസ്തകം എന്നതാണ് ആ ബുക്കുകൊണ്ട് ഉദ്ദേശിച്ചത്. അത് എഴുതുന്നതിനുമുന്‍പ് പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളോട് സംസാരിച്ചിരുന്നു. ''ഞങ്ങള്‍ മുതിര്‍ന്നവരുടെ പ്രശ്‌നമെന്താണ്, നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമെന്താണ്'' എന്നാണ് അവരോട് ചോദിച്ചത്.

സുഹൃത്തിന്റെ ഒന്‍പതു വയസ്സുകാരനായ മകനോട് ഇതേ ചോദ്യംചോദിച്ചു. ''മുതിര്‍ന്നവര്‍ അവിടെ നില്‍ക്കട്ടെ, ഷൗക്കത്ത് മാമന്റെ പ്രശ്‌നം പറയാ''മെന്നാണ് അവന്‍  പ്രതികരിച്ചത്. ''വീട്ടില്‍ വന്നാല്‍ ആദ്യം എന്നോട് വിശേഷം ചോദിക്കും.  മുതിര്‍ന്നവരോട് സംസാരിച്ചുതുടങ്ങിയാല്‍ എനിക്ക് ഐകോണ്ടാക്ട് തരാറില്ല. എനിക്ക് അതില്‍ വലിയ വിഷമമുണ്ട്'' എന്നാണ് അവന്‍ പറഞ്ഞത്.
  
ഞാന്‍ യാത്രകളില്‍ കണ്ടുമുട്ടുന്ന കുട്ടികളുമായെല്ലാം സംസാരിക്കാറുണ്ട്. പക്ഷേ, അവരെയൊന്നും ഞാന്‍ വ്യക്തികളായല്ല  പരിഗണിക്കുന്നത്. കാരണം അവര്‍ എന്നെക്കാള്‍ ജാതിയില്‍ കുറഞ്ഞവരായിരുന്നു, പ്രായത്തിന്റെ ജാതിയില്‍.  പഴയകാലത്തെ ആ ജാതീയതയുടെ. ഫ്രെയിംമില്‍ മറ്റുചിലതുമുണ്ട് ഇന്ന്. പണം, പ്രശസ്തി, പ്രായം, ലിംഗം, അധികാരം, അറിവ്.. പത്താളുകള്‍  മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ആദ്യം എല്ലാവരെയും ഒന്നുനോക്കും. പിന്നീട് നമ്മുടെ മുന്നിലിരിക്കുന്നവരില്‍ പ്രധാനപ്പെട്ടവരിലാകും ശ്രദ്ധ. അവരെ നോക്കിയാകും പിന്നെ സംസാരമെല്ലാം. തിരുത്തപ്പെടേണ്ടയിടം  എന്തെങ്കിലും ഇനി എന്നിലുണ്ടോയെന്ന ഒരു ചോദ്യം എനിക്ക് എവിടെയോ നഷ്ടപ്പെട്ടുപോയെന്ന് ഞാന്‍ തിരിച്ചറിഞ്ഞൊരു ദിവസമാണത്. നിത്യ(നിത്യ ചൈതന്യയതി) കുട്ടികളടക്കം എല്ലാവരെയും വ്യക്തികളായി കണ്ടിരുന്നു, എല്ലാ വിഷയങ്ങളും  സംസാരിച്ചിരുന്നു. അത് എത്രയോ കാലം ഞാന്‍ കണ്ടിട്ടുണ്ട്.