കാസർഗോഡും ദക്ഷിണ കർണാടകയിലും നടത്തപ്പെടുന്ന ഏറെ സവിശേഷമായൊരു കല്ല്യാണമുണ്ട്. വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടക്കുന്നു, അത് നടപ്പിലാവുന്നത് ഭൂമിയാലാണെന്ന ബൈബിൾ വാചകത്തിന്റെ തലക്കുറിയൊരുക്കുന്നൊരു കല്ല്യാണം. സ്വർഗ്ഗത്തിലുള്ളവർക്ക് ഭൂമിയിൽ വെച്ച് വരണമാല്യം ചാർത്തുന്ന പ്രേതക്കല്ല്യാണം. വർഷങ്ങൾക്ക് മുമ്പേ മരണത്തിലേക്ക് യാത്ര പോയവർ ജീവിച്ചിരിക്കുന്നവർക്കിടയിലേക്ക് വന്ന് സ്വയംവരം ചെയ്ത് ഓർമയുടെ സിന്ദൂരമണിയുന്ന സ്നേഹമുഹൂർത്തം. പ്രേതക്കല്ല്യാണം അഥവാ കുലെക്ല മദിമെ..!

To advertise here,

ഇത് ദക്ഷിണ കന്നഡ ജില്ലയിലെ ശോഭയും ചന്ദപ്പയും തമ്മിലുള്ള വിവാഹം. വധുവിന്റെ ഗൃഹത്തിൽ വെച്ചായിരുന്നു ചടങ്ങ്. വധുവിന്റെയും വരന്റെയും ഉറ്റവരും നാട്ടുകാരുമുണ്ടായിരുന്നു. വധൂവരന്മാർ മാത്രമുണ്ടായിരുന്നില്ല. അവർ കുട്ടിയായിരിക്കെ 30 വർഷങ്ങൾക്ക് മുമ്പേ മരിച്ചുപോയിരുന്നു.

ഈ ലോകം വെടിഞ്ഞ് മരിച്ചവരുടെ ലോകം പൂകിയവർക്ക് ഭൂമിയിലുള്ളവർ നടത്തുന്ന വിവാഹമാണ് പ്രേതകല്യാണം. ഒരു സാധാരണകല്ല്യാണത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും ഒക്കെയുണ്ടാവും മരിച്ചവരുടെ വിവാഹത്തിനും. വധൂവരന്മാർ മാത്രമുണ്ടാകില്ല. വൈക്കോലിൽ വരന്റെയും വധുവിന്റെ രൂപമൊരുക്കിവെച്ചാണ് സ്വയംവരം നടക്കുക. പട്ടികജാതി വിഭാഗത്തിൽ പെടുന്ന മൊഗേർ വിഭാഗക്കാരാണ് ഈ ആചാരം ഇപ്പോഴും തുടരുന്നത്. കുട്ടിക്കാലത്ത് മരിച്ചുപോയവർക്ക് ജീവിച്ചിരിപ്പുണ്ടെങ്കിൽ വിവാഹപ്രായം എന്നാണോ തികയുന്നത് അന്നാണ് പ്രേതക്കല്ല്യാണം നടത്തപ്പെടുക. ആത്മഹത്യ ചെയ്തവരായാലും വിവാഹം നടത്തണം. മരിച്ചുപോയ ആണിന് ആദ്യം പെണ്ണിനെ കണ്ടെത്തും. സ്വന്തം സമുദായത്തിൽ തന്നെയുള്ള മരണപ്പെട്ട അവിവാഹിതയാവും വധു. മൂന്ന് തൂണുകൾ കൊണ്ടാണ് കല്ല്യാണപ്പന്തലുണ്ടാക്കുക. വീട്ടുമുറ്റത്ത് പന്തൽ നേരത്തേയുണ്ടെങ്കിലും മൂന്ന് തൂൺ പന്തൽ പ്രത്യേകം പണിയണം.

ഒരേ കുടുംബത്തിലുള്ളവരോ രക്തബന്ധത്തിലുള്ളവരോ സഹോദരബന്ധമുള്ളവരോ തമ്മിൽ വിവാഹം നിഷിദ്ധം. വിവാഹം കഴിക്കുന്നവർക്ക് മരണസമയത്ത് ഒരു വയസ്സെങ്കിലും ഉണ്ടായിരിക്കണം. മൊഗേർ ജാതിക്കാർ ജാതകവും നക്ഷത്രവും മുഹൂർത്തമൊന്നും നോക്കാത്തതിനാൽ മരിച്ചവർക്കും അത് വേണ്ട.

ജീവിച്ചിരിക്കുന്നവരുടെ കല്യാണം പോലെ തന്നെ പെണ്ണുചോദിക്കലും കല്ല്യാണക്കുറിയും ഒക്കെയുണ്ടാവും. കല്ല്യാണക്കുറി നൽകിയാണ് വിവാഹത്തിന് ക്ഷണിക്കും. വിവാഹം നടക്കുന്നത് വധുവിന്റെ വീട്ടിൽ വെച്ചായിരിക്കും. വരന്റെ രൂപവുമെടുത്ത് ഉറ്റവർ വധുവിന്റെ വീട്ടിലെത്തും. പുറപ്പെടും മുമ്പ് വെള്ളം തെളിച്ച് വരനെ പ്രതീകാത്മകമായി കുളിപ്പിക്കും. കഴുത്തിൽ മുട്ടപ്പാള കെട്ടിത്തൂക്കി, അതിൽ കൈകൊണ്ട് കൊട്ടിയാണ് വരന്റെ ആളുകൾ വധൂഗൃഹത്തിലെത്തുക.

വധുവിന്റെ വീട്ടുകാർ ഇവരെ കാലിൽ വെള്ളമൊഴിച്ച് സ്വീകരിച്ചിരുത്തും. വധുവിന്റെ വീട്ടുകാർ വധുവിന്റെ രൂപവും നിർമിച്ച് കുളിപ്പിച്ച് ഒരുക്കിനിർത്തിയിട്ടുണ്ടാവും. വരന്റെ അളിയനോ മൂത്ത സഹോദരനോ വാഴനാര് കൊണ്ടുണ്ടാക്കിയ മാല വധുവിന്റെ കഴുത്തിൽ അണിയിക്കും. കക്കത്തോടാണ് താലി. സിന്ദൂരവുമണിയിക്കും. മോതിരവുമിടും. വിവാഹവസ്ത്രങ്ങൾ വധുവിന്റെ വീട്ടുകാർ ഏറ്റുവാങ്ങും. കക്കത്തോടുകളും വെറ്റില-അടക്കയും ദമ്പതികൾക്ക് സമ്മാനമായി നൽകും. വിവാഹം നടക്കവെ പെണ്ണുങ്ങൾ കുരവയിടും.

വിവാഹം കഴിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സദ്യ കഴിച്ച് വധു വരന്റെ വീട്ടിലെത്തുന്നതോടെ പ്രേതക്കല്ല്യാണം പൂർത്തിയാകും. രാത്രിയിലാണ് കല്ല്യാണം നടക്കുക. വിവാഹശേഷം ഇവർ സ്വർഗ്ഗത്തിൽ സ്വർഗ്ഗീയദാമ്പത്യത്തിലേക്ക് പ്രവേശിച്ചുവെന്ന് ഉറ്റവർ വിശ്വസിക്കുന്നു. മരിച്ചവർ ഓർമയിൽ നിറയുന്ന ദിവസം കൂടിയാണ് പ്രേതകല്ല്യാണം. വിവാഹശേഷം വധൂവരന്മാരെയും വിവാഹത്തിന് ഉപയോഗിച്ച സാധനങ്ങളും കാഞ്ഞിരമരത്തിന്റെ ചുവട്ടിൽ വെയ്ക്കും. ആ സമയത്ത് ചില പ്രത്യേകപ്രാർത്ഥനകളുണ്ട്.
വധുവരന്മാരുടെ രക്ഷിതാക്കളും ബന്ധുക്കളും വിവാഹത്തിന് ശേഷവും ബന്ധം നിലനിർത്തും. ഇടയ്ക്കിടെ ഇരുവീട്ടുകാരും വീടുകൾ സന്ദർശിക്കും, വിശേഷങ്ങൾ പങ്കുവെയ്ക്കും, വീടുകളിൽ നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കും. മരിച്ചവരുടെ വിവാഹം നടത്തുന്നതോടെ കുടുംബത്തിലും ഗ്രാമത്തിലുമുള്ള ദോഷങ്ങൾ പരിഹരിക്കപ്പെട്ട് വിവാഹം നടക്കാത്തവർക്ക് മംഗല്യഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. മരിച്ചവരുടെ വിവാഹം നടത്തിയില്ലെങ്കിൽ കുടുംബത്തിൽ അനിഷ്ടങ്ങൾ തുടരുമെന്നാണ് സങ്കൽപ്പം. അതിനുള്ള പരിഹാരം കൂടിയാണ് പ്രേതകല്ല്യാണം.
കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിലും സമീപപ്രദേശങ്ങളിലും പ്രേതകല്ല്യാണങ്ങൾ നടക്കാറുണ്ട്. വിചിത്രമായൊരു വിശ്വാസമായിട്ടല്ല, മരിച്ചവരോടുള്ള തങ്ങളുടെ കടമയാണ് പ്രേതകല്ല്യാണമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു.
ജീവിച്ചിരിക്കുന്നവർ മാത്രമല്ല, മരിച്ചവരും വിവാഹിതരാവണമെന്ന് ഊട്ടിയുറപ്പിക്കുന്ന, ഇഹലോകത്ത് ജീവിച്ചിരിക്കുന്ന മനുഷ്യർക്കും പരലോകത്തെ മരിച്ചുപോയവരുടെ ആത്മാക്കൾക്കും സ്വാസ്ഥ്യവും സമാധാനവും ലഭിക്കാൻ നടത്തുന്ന സ്നേഹസ്വയംവരം ജീവിക്കുമ്പോൾ മരിച്ചവരെയും ഓർക്കാതിരിക്കരുത് എന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാവുന്നു.