ആകെ മൊത്തം തിക്കും തിരക്കും. അതിനിടയിലൂടെ കയറികിട്ടിയാല്‍ മഹാഭാഗ്യം. കാലുകുത്താനായാല്‍ അതിലേറെ ഭാഗ്യം. പറഞ്ഞുവരുന്നത് കേരളത്തിലെ പാസഞ്ചര്‍ ട്രെയിനുകളെ കുറിച്ചാണ്. ഇതില്‍ യാത്ര ചെയ്യുന്നതിലും വലിയൊരു സാഹസം മറ്റൊന്നില്ല എന്നാണല്ലോ പൊതുവേയുള്ള പറച്ചില്‍. എന്തായാലും ഈ സാഹസിക യാത്രയ്ക്ക് ഒരറുതി വരുത്താന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള, എല്ലാ പാസഞ്ചര്‍ ട്രെയിനുകളും മെമു ആക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ. 

To advertise here,

സംസ്ഥാനത്താകെ 20 പാസഞ്ചര്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. മുന്‍പെങ്ങുമില്ലാത്തത്ര യാത്രാ തിരക്കാണ് ഇതിലെല്ലാം. യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന സംബന്ധിച്ച് റെയില്‍വേ ഒരു പഠനവും നടത്തിയിരുന്നു. ദേശീയപാത വികസനം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ നിരവധി പേര്‍ ട്രെയിനിനെ ആശ്രയിക്കുന്നതും തിരക്ക് കൂടാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ മെമു ആക്കുന്നതിനുള്ള തീരുമാനം 2019-ല്‍ തന്നെ തിരുവനന്തപുരം ഡിവിഷന്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനുള്ള നടപടികളാണിപ്പോള്‍ വേഗത്തിലാക്കുന്നത്. 

കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും എന്നതിന് പുറമേ മെമു വരുന്നതോടെ യാത്രയും വേഗത്തിലാകും. മെമുവില്‍ പ്രത്യേക എന്‍ജിനു പകരം രണ്ടറ്റത്തും ട്രാക്ഷന്‍ മോട്ടോര്‍ യൂണിറ്റുകളാണുള്ളത്. അതിനാല്‍ മടക്കയാത്രയില്‍ എന്‍ജിന്‍ കൊണ്ടുവന്ന് പിടിപ്പിക്കുന്നതിന്റെയും പരിശോധനയുടെയും ഒന്നും കാലതാമസമുണ്ടാവില്ല. ഇടയ്ക്കിടെയുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താനും വേഗത്തിലെടുക്കാനുമെല്ലാം മെമുവിന് കഴിയും. 

മുംബൈ പോലുള്ള മഹാ നഗരങ്ങളിലെ സബര്‍ബന്‍ ട്രെയിനുകളിലെ തിരക്കാണ് ഓഫീസ് സമയത്ത് കേരളത്തിലുള്ളത്. എന്നാല്‍ അവിടെയെല്ലാം മെമു സബര്‍ബന്‍ ലൈനിലാണെങ്കില്‍, കേരളത്തില്‍ മെയിന്‍ ലൈനില്‍ തന്നെ ഓടണം. എന്തായാലും ഇവിടെയും പാസഞ്ചര്‍ ട്രെയിനുകള്‍ മെമു ആകുന്നതോടെ രാവിലേയും വൈകീട്ടും ജനങ്ങള്‍ അനുഭവിക്കുന്ന വലിയൊരു യാത്രാ ദുരിതത്തിനാണ്  പരിഹാരമാവുക.