കാസർകോട്: ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലായിരുന്ന മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയുള്ള റെയിൽവേ ബോർഡിന്റെ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച അർധരാത്രിയോടെ ഭരണപരമായ പൂർണ നിയന്ത്രണം മൈസൂരു ഡിവിഷൻ അധികൃതർ ഏറ്റെടുത്തു. ഇതിന്റെ തിരിച്ചടി ഏറ്റവും കൂടുതൽ നേരിടുന്നത് കണ്ണൂർ മുതൽ മംഗളൂരു വരെയുള്ള വടക്കൻ കേരളത്തിലെ യാത്രക്കാരാകുമെന്നതിന്റെ സൂചനകൾ പുറത്തുവന്നുതുടങ്ങി. ഗാന്ധിജയന്തി പ്രമാണിച്ച് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ബെംഗളൂരുവിൽനിന്നുള്ള പ്രത്യേക ട്രെയിൻ (06595/06596) കണ്ണൂർ വരെയാകും സർവീസ് നടത്തുക. മുന്പാണെങ്കിൽ ഇത് മംഗളൂരു വരെ പോകേണ്ടതാണ്.

To advertise here,

ദക്ഷിണ റെയിൽവേയുടെ പ്രത്യേക ട്രെയിനായതിനാൽ, ഇതിന്റെ അറ്റകുറ്റപ്പണികളും ശുചീകരണവും നിർത്തിയിടാനുള്ള ഉത്തരവാദിത്വവും (സ്റ്റേബ്ലിങ്) പാലക്കാട് ഡിവിഷനാണ്. മംഗളൂരുവിലെ ടെർമിനലുകളും പിറ്റ് ലൈനുകളും ഇപ്പോൾ ദക്ഷിണ-പശ്ചിമ റെയിൽവേയുടെ ഭാഗമായ മൈസൂരു ഡിവിഷനു കീഴിലായതിനാൽ അവിടെ ദക്ഷിണ റെയിൽവേയുടെ ട്രെയിനുകൾക്ക് അറ്റകുറ്റപ്പണിയോ സ്റ്റേബ്ലിങ് സൗകര്യമോ ലഭിക്കുക പ്രയാസമാണ്. മംഗളൂരുവിലേക്ക് ട്രെയിൻ നീട്ടണമെങ്കിൽ ഇനി ദക്ഷിണ-പശ്ചിമ റെയിൽവേയുടെ പ്രത്യേക അനുമതിയും ട്രാക്ക് സ്ലോട്ടുകളും ആവശ്യമാണ്. വിഭജനം പ്രാബല്യത്തിൽ വന്ന സമയമായതിനാൽ ഇരു ഡിവിഷനുകളും തമ്മിലുള്ള പ്രവർത്തന ഏകോപനം പൂർണതോതിലാകാനും സമയമെടുക്കും.

ദക്ഷിണ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട വടക്കൻ ടെർമിനൽ ഇനി കണ്ണൂരാണ്. ട്രെയിനുകളുടെ ക്രൂമാറ്റത്തിനും വാട്ടറിങ്ങിനും നിർത്തിയിടാനുമുള്ള പ്രാഥമിക സൗകര്യങ്ങൾ കണ്ണൂരിൽ ലഭ്യമായതിനാലാണ് പാലക്കാട് ഡിവിഷൻ ഈ സ്‌പെഷ്യൽ ട്രെയിൻ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിൽ ക്രമീകരിച്ചത്.

ട്രെയിനുകൾ നീട്ടാം; മെമു സർവീസുമാകാം

സ്വന്തം ട്രെയിൻ പരിപാലനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂരിൽ പുതിയ പിറ്റ് ലൈനുകളും സ്റ്റേബ്ലിങ് ലൈനുകളും കോച്ചിങ് മെയിന്റനൻസ് ഷെഡ്ഡും ഉൾപ്പെടെയുള്ള ടെർമിനൽ വികസിപ്പിക്കാൻ ദക്ഷിണ റെയിൽവേ നടപടി തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതുവരെ മലബാർ മേഖലയിലേക്ക് പുതിയ ദീർഘദൂര ട്രെയിൻ സർവീസ് തുടങ്ങുന്നത് പ്രയാസമാകും. മംഗളൂരു മേഖല കൈവിട്ടതോടെ അവിടെയുണ്ടായിരുന്ന കോച്ചിങ് ഡിപ്പോകളുടെയും പിറ്റ് ലൈനുകളുടെയും നിയന്ത്രണം ദക്ഷിണ റെയിൽവേക്ക് നഷ്ടമായതാണ് കാരണം.

എന്നാൽ പുതിയ ട്രെയിനുകൾക്കുപകരം ഷൊർണൂരിലും കോഴിക്കോട്ടും കണ്ണൂരിലും സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ കണ്ണൂരിലേക്കും കാസർകോട്ടേക്കും നീട്ടുന്നതിന് തടസ്സമില്ല. പിറ്റ്ലൈൻ അറ്റകുറ്റപ്പണികൾ ആവശ്യമില്ലാത്ത മെമു ട്രെയിനുകൾക്ക് വലിയ നിർമാണ സൗകര്യങ്ങൾ ആവശ്യമില്ലാത്തതിനാൽ കൂടുതൽ മെമു സർവീസുകൾ അനുവദിക്കുകയുമാകാം.