കേരളത്തിലെ ആദ്യ ജനകീയ റോഡ് ടൂറിസം സംരംഭമായ മണര്‍കാട് നാലുമണിക്കാറ്റില്‍ ഇനി പഴയിടം രുചിയുമെത്തും. നവീകരണം പൂര്‍ത്തിയാക്കി ഉടന്‍ തുറക്കുന്ന നാലുമണിക്കാറ്റില്‍ പഴയിടത്തിന്റെ പരിശീലനം നേടിയ  വനിതകളാവും ഇനി രുചിക്കൂട്ടൊരുക്കുക. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായിപഴയിടം മോഹനന്‍ നമ്പൂതിരി  24 വനിതകള്‍ക്ക് സൗജന്യ പാചക പരിശീലനം നല്‍കിയത്. നാടന്‍ ഭക്ഷണങ്ങള്‍ രുചികരവും പോഷകസമൃദ്ധവുമായി നല്‍കേണ്ട രീതികളാണ് പഴയിടം വനിതകള്‍ക്കായി പരിചയപ്പെടുത്തിയത്. ക്ലാസിന് പുറമേ നല്ല അസ്സല്‍ സദ്യയും പഴയിടം ശിഷ്യര്‍ക്കായി കരുതിയിരുന്നു. 

To advertise here,

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിന് പ്രാധാന്യംനല്‍കുന്നതിന്റെ ഭാഗമായാണ് പഴയിടത്തിന്റെ നേതൃത്വത്തില്‍ പ്രായോഗിക പരിശീലനം നല്‍കിയത്. 12 സ്റ്റാളുകളിലായി പായസം ഉള്‍പ്പെടെ 33 വിഭവങ്ങള്‍ ഇവിടെ ലഭ്യമാകും. പകല്‍ 11 മുതല്‍ രാത്രി എട്ടുവരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. സായാഹ്ന വിനോദകേന്ദ്രം മാലിന്യകൂമ്പാരമായപ്പോഴാണ് ജനകീയസമിതി വിടം ശുചീകരിച്ച് നാല്മണിക്കാറ്റെന്ന പേരില്‍ ഒരു മിനിപാര്‍ക്ക് തന്നെ സജ്ജമാക്കിയത്. 2024ല്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് അനുമതി ലഭിച്ചു. അതിന്റെ ഭാഗമായാണ് നവീകരണപ്രവര്‍ത്തനങ്ങള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ ഭക്ഷ്യ സ്റ്റാളുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.