കൊല്ലം: ഇതെന്താണെന്നറിയാമോ... ഇതാണ് പുസ്തകമല്ലാത്ത പുസ്തകം. എടുത്ത് കയ്യില്‍ തന്നപ്പോള്‍ വിശ്വവിഞ്ജാനകോശം പോലൊരു എമണ്ടന്‍ ബുക്ക്. പക്ഷെ ഭാരമില്ല. തുറക്കാന്‍ നോക്കുമ്പോ പൂട്ടിയിട്ട പെട്ടിപോലെ. വീടുവെച്ച് ഞങ്ങള്‍ വല്യവായനക്കാരാണെന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഷോകേസ് ഒരുക്കുന്നവര്‍ക്കുളളതാണിത്. കൊല്ലം മാമൂട് ഗീതത്തിലെ അപൂര്‍വ്വ പുസ്തകങ്ങളുടെ ശേഖരത്തിലിരുന്ന് മുരളീമോഹന്‍ പറഞ്ഞു. ഇതൊഴികെ ബാക്കിയെല്ലാ പുസ്തകങ്ങളും ഇവിടെ ഒറിജിനല്‍ ആണ്. അപൂര്‍വഗ്രന്ഥങ്ങളടക്കം കാല്‍ലക്ഷത്തോളം പുസ്തകങ്ങളാണിവിടെയുള്ളത്. അതില്‍ 95 ശതമാനവും മുരളി വായിച്ചതാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയറായി വിരമിച്ച മുരളി പറയുന്നത് വായനയോടുള്ള ആവേശമാണ് തന്റെ ജീവിതത്തെ മാറ്റി തീര്‍ത്തതെന്നാണ്. നാട്ടില്‍ വായനശാല തുടങ്ങാന്‍ മുന്‍കൈയെടുത്ത അച്ഛനില്‍ നിന്നും അത് തുടങ്ങുന്നു. പിന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നവര്‍ക്ക് സ്‌കൂളില്‍ നിന്നുള്ള സമ്മാനം പുസ്തകമായിരുന്നു. അത് സ്വന്തമാക്കാന്‍ മത്സരിച്ചു പഠിച്ചു. വായനയും പഠനവും അങ്ങനെ ലഹരിയായി. പിന്നെ ജോലി കിട്ടിയപ്പോള്‍ ട്രെയിന്‍ യാത്ര ജീവിതത്തിന്റെ ഭാഗമായി. യാത്രയിലായിരുന്നു പിന്നെ വായന. 2018 ല്‍ വിരമിച്ച ശേഷം വീട്ടില്‍ മുകള്‍ നിലയില്‍ പ്രത്യേകം തയ്യാറാക്കിയ ലൈബ്രറിയിലിരുന്നാണ് വായന. എന്നും രാത്രി ഒമ്പതു മണി മുതല്‍ രാത്രി 12 വരെ വായനയ്ക്കാണ്. ഒപ്പം വാല്യുവേറ്ററായി ജോലിയും നോക്കുന്നുണ്ട്.
അച്ഛന്റെ മക്കള്‍ നാലുപേരില്‍ വായനയോടും പുസ്തകങ്ങളോടും എനിക്കായിരുന്നു കൂടുതല്‍ അടുപ്പം. അതുകൊണ്ട് തന്നെ അച്ഛന്റെ പുസ്തകശേഖരം എനിക്കുതന്നു. തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്നും വിരമിച്ച ഭാര്യ ഗീതയും ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മകള്‍ അഞ്ജലിമോഹനും എന്റെ പുസ്തകകമ്പത്തിന് കൂട്ടാണ്.
നൂറുവര്‍ഷത്തിലധികം പഴക്കമുള്ള പുസ്തകങ്ങള്‍ അച്ഛന്റേതാണ്. കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ തുടങ്ങി ആദ്യനോവലുകളുടെയും വാസനവികൃതി എന്ന ആദ്യചെറുകഥയുമെല്ലാം ശേഖരത്തിലുണ്ട്. ഗ്രന്ഥകാരന്‍മാരുടെ കയ്യൊപ്പോടെ സ്വന്തമാക്കിയ പുസ്തകങ്ങള്‍ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. റഫറന്‍സ് ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരവുമുണ്ട്. ഏറ്റവും ചെറിയ പുസ്തകം മുതല്‍ ആദ്യ നോവല്‍, ആദ്യ ചെറുകഥ, ഗിന്നസ് ബുക്ക്, ബൈബിളിന്റെ പത്ത് ഭാഷയിലുള്ള വിവര്‍ത്തനം, ഏറ്റവും കൂടുതല്‍ പരിഭാഷ വന്നിട്ടുള്ള അഭിഞ്ജാനശാകുന്തളത്തിന്റെ എല്ലാ പരിഭാഷകളും, തുടങ്ങി അപൂര്‍വും കൗതുകവുമുള്ളതുമായ ഒരു ശേഖരവും മുരളി സ്വന്തമാക്കിയിട്ടുണ്ട്. ലളിതാംബികാ അന്തര്‍ജ്ജനം എഴുതിയ വഞ്ചിരാജേശ്വരിക്ക് മറ്റൊരു പ്രത്യേകതയുണ്ട്. തിരുവിതാംകൂര്‍ രാഞ്ജിയുടെ കവിതാരൂപത്തിലുള്ള ഈ ജീവചരിത്രം സ്വര്‍ണലിപികളിലാണ്. സ്വര്‍ണം അരച്ചുചേര്‍ത്ത് പ്രത്യേക രതിയില്‍ തയ്യാറാക്കിയ പുസ്തകം വളരെ കുറച്ച് കോപ്പിയേ ഇറക്കിയിട്ടുള്ളൂ. ആര്‍ക്കും ഇവിടെ വന്ന് പുസ്തകം പരിശോധിക്കാന്‍ വിലക്കില്ല. അപൂര്‍വ പുസ്തകങ്ങള്‍ തേടി അങ്ങിനെ ഗവേഷണ വിദ്യാര്‍ഥികള്‍ വരാറുണ്ട്.
Content Highlights: muralimohan book collections
Published: 18 Jun 2025, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented