കോഴിക്കോട്: ആവേശക്കടലായി കോഴിക്കോട്. മാതൃഭൂമി സംഘടിപ്പിച്ച കോഴിക്കോട് മാരത്തണ് പരിസമാപ്തി. രാജ്യാന്തരങ്ങൾ പിന്നിട്ട് മത്സരാർത്ഥികൾ എത്തിയ മാരത്തണിൽ കെനിയ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. മധ്യപ്രദേശിൽ നിന്നുള്ള ശിവം. സി. തോമർ 21 കിലോമീറ്ററിൽ ഒന്നാം സ്ഥാനം നേടി. ജനം ഏറ്റെടുത്ത കോഴിക്കോട് മാരത്തൺ രണ്ടാം എഡിഷൻ അടുത്തവർഷം ജനുവരി പത്തിന് നടക്കും.

To advertise here,

21,10, അഞ്ച് കിലോമീറ്ററുകളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്. ഫൺ റൺ ആയിരുന്നു അഞ്ച് കിലോമീറ്റർ മത്സരം.

വളരെ ജനകീയമായാണ് മാതൃഭൂമി മത്സരം സംഘടിപ്പിച്ചത് എന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു. പങ്കെടുത്തവരെ മന്ത്രി അഭിനന്ദിച്ചു.

21 കിലോമീറ്ററിൽ മാധ്യപ്രദേശ് സ്വദേശി ശിവം സി. തോമർ ഒന്നാമതായി ഫിനിഷ് ചെയ്തു. രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ രണ്ടാം സ്ഥാനം നേടി. കെനിയക്കാരനായ ജുമാ വൈക്ലിഫ് ആണ് മൂന്നാമത്. വനിതകളിൽ ഇടുക്കി സ്വദേശി അഞ്ചു മുരുകൻ ഒന്നാം സ്ഥാനവും മധ്യപ്രാദേശ് സ്വദേശി രമണി രണ്ടാം സ്ഥാനവും കോതമംഗലം സ്വദേശി ആശ പത്രോസ് മൂന്നാം സ്ഥാനവും നേടി. മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് വിജയികളെ മെഡൽ അണിയിച്ചു. എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ക്യാഷ് അവാർഡ് നൽകി.

10 കിലോമീറ്റർ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി നബീൽ സാഹി ഒന്നാം സ്ഥാനവും തിരുവനന്തപുരം സ്വദേശി റിജിൻ ബാബു രണ്ടാം സ്ഥാനവും മധ്യപ്രദേശ് സ്വദേശി നീരജ് സിംഗ് മൂന്നാം സ്ഥാനവും നേടി. എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ വിജയികൾക്ക് മെഡൽ നൽകി. മാതൃഭൂമി ചെയർമാൻ ആൻഡ്‌ മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി.

വനിതകളിൽ ഉത്തർപ്രദേശ് സ്വദേശി യാശി ഒന്നാം സ്ഥാനവും കോഴിക്കോട് സ്വദേശി ഫാത്തിമ നസ്‌ല രണ്ടാം സ്ഥാനവും കോഴിക്കോട് സ്വദേശി അസ്മ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ മെഡൽ നൽകി. വികെസി എംഡി വി.കെ.സി. റസാഖ് ക്യാഷ് അവാർഡ് നൽകി.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ബേപ്പൂർ സ്റ്റേഷൻ കമാൻഡിങ് ഓഫീസർ കമാൻഡന്റ് സന്ദീപ് സിങ് ആണ് 21 കിലോമീറ്റർ റൺ ഫ്ലാഗ് ഓഫ്‌ ചെയ്തത്. 10 കിലോമീറ്റർ റൺ വികെസി ഗ്രൂപ്പ്‌ എംഡി വി.കെ.സി. റസാഖും 5 കിലോമീറ്റർ റൺ കോഴിക്കോട് എംപി എം.കെ. രാഘവനും ആണ് ഫ്ലാഗ് ഓഫ്‌ ചെയ്തത്. ദുബായ്,കെനിയ എന്നിവിടങ്ങളിൽ നിന്നും കേരളത്തിന് പുറത്ത് 12 സംസ്ഥാനങ്ങളിൽ നിന്നും മാരത്തണിൽ പ്രാതിനിധ്യമുണ്ടായിരുന്നു.

മാരത്തൺ രണ്ടാം എഡിഷൻ 2027 ജനുവരി 10ന് നടക്കുമെന്ന് പബ്ലിക് റിലേഷൻ ജനറൽ മാനേജർ കെ.ആർ. പ്രമോദ് അറിയിച്ചു.