കോർപ്പറേഷനുകൾ വെട്ടിപ്പിടിച്ച് യുഡിഎഫ്, തലസ്ഥാനത്തെ ഞെട്ടിച്ച് എൻഡിഎ; എൽഡിഎഫ് കോഴിക്കോട് മാത്രം
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ്... ആറ് കോർപറേഷനുകളിൽ, അഞ്ചിലും എൽഡിഎഫ്. ആ എൽഡിഎഫിനാണ് കോഴിക്കോടെന്ന ഒരേയൊരു കോർപ്പറേഷൻ കൊണ്ട് ഇത്തവണ തൃപ്തിപ്പെടേണ്ടി വന്നത്. ഒരേ ഒരിടത്തു മാത്രം ജയം നേടിയ അന്നത്തെ യുഡിഎഫാണ് ഇത്തവണ നാല് കോർപ്പറേഷനുകൾ കൈയിലാക്കിയത്. തിരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറി വിജയങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലൊരു വിജയം യുഡിഎഫ് നേതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ അധികപ്പറ്റാവില്ല.
ട്വിസ്റ്റ് അവിടെയൊന്നുമല്ല, രാജ്യം സശ്രദ്ധം ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകൾ സ്വന്തമാക്കി എൻഡിഎ ചരിത്രമെഴുതിക്കഴിഞ്ഞു. കേരളത്തിൽ വീണ്ടും താമര വിരിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ തലക്കെട്ട് നിരത്തി. ഇവിടെ അധികാരം ഉറപ്പിക്കാനുള്ള 51 എന്ന കേവലഭൂരിപക്ഷം എങ്ങനെ നേടുമെന്നതാണ് സസ്‌പെൻസ്.
കോഴിക്കോട് സംഭവിച്ചത് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ മുസാഫർ അഹമ്മദിന്റെ തോൽവിയടക്കം. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഏക കോർപറേഷനായ കണ്ണൂർ ഇത്തവണയും യുഡിഎഫ് ഭരിക്കും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൈവിട്ടുപോയ തൃശൂർ കോർപറേഷനും യുഡിഎഫ് എടുത്തു. വർഷങ്ങളോളം എൽഡിഎഫ് ആധിപത്യം തുടർന്ന കൊല്ലം കോർപറേഷനും ഇത്തവണ എൽഡിഎഫിനെ കൈവിട്ടു
തിരുവനന്തപുരം കോർപറേഷൻ
മുൻ ഡിജിപി ആർ.ശ്രീലേഖയെയും വി.വി രാജേഷിനേയും മുൻനിർത്തി കോർപറേഷൻ പിടിക്കാനിറങ്ങിയ എൻഡിഎയ്ക്ക് ലക്ഷ്യം തെറ്റിയില്ല. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷൻ എൻഡിഎയ്ക്ക് ഒപ്പം. നിന്നു. കഴിഞ്ഞ തവണത്തെ 34 സീറ്റിൽനിന്നാണ് എൻഡിഎ 50 എന്ന ചരിത്രവിജയം സ്വന്തമാക്കിയത്. 101 വാർഡുകളിൽ 50 ൽഎൻഡിഎയും 29സീറ്റിൽ എൽഡിഎഫും 19 സീറ്റിൽ യുഡിഎഫും രണ്ട് സീറ്റിൽ സ്വതന്ത്രരും വിജയിച്ചു. രണ്ട് സ്വതന്ത്രരിൽ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുന്നത്.
കോർപറേഷൻ പിടിക്കാൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ സ്ഥാനാർഥി നിർണയം നടത്തി പ്രചാരണത്തിനിറങ്ങിയതായിരുന്നു കോൺഗ്രസ്. അഞ്ച് വർഷം മുൻപ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പാർട്ടിയെ ഉയിർത്തെണീപ്പിക്കാൻ പാർട്ടി മുൻ എംഎൽഎ ശബരീനാഥനെ തന്നെ രംഗത്തിറക്കി. 10 സീറ്റിൽനിന്ന് 19 ലേക്കെത്തിക്കാനായെന്നതിൽ യുഡിഎഫിന് ആശ്വസിക്കാം. 54 സീറ്റോടെ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ എൽഡിഎഫ് ഇത്തവണ 29-ലേക്കൊതുങ്ങുകയായിരുന്നു. വിഴിഞ്ഞത്തെ സ്വതന്ത്രസ്ഥാനാർഥിയുടെ മരണത്തേത്തുടർന്ന് കോർപ്പറേഷനിൽ 100 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 50 ഇടത്ത് ബിജെപി വിജയമുറപ്പിച്ചു. 29 സീറ്റുമായി എൽഡിഎഫ് രണ്ടാമതും 19 സീറ്റുമായി കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി മൂന്നാമതുമുണ്ട്. കണ്ണമൂലയിൽ നിന്ന് ജയിച്ച പാറ്റൂർ രാധാകൃഷ്ണനും പൗണ്ടുകടവ് വാർഡിൽ നിന്ന് ജയിച്ച യുഡിഎഫ് വിമതൻ സുധീഷ് കുമാറിന്റേയും നിലപാടാണ് ഇനി നിർണായകമാവുക.
കൊല്ലം കോർപറേഷൻ
ഇടതുരാഷ്ട്രീയത്തിന് അത്രമേൽ പ്രാധാന്യമുള്ള കൊല്ലത്ത് നേരിട്ട ഏറ്റവും വലിയ തിരിച്ചടി കോർപ്പറേഷൻ കൈവിട്ടു എന്നതാണ്. കൊല്ലം കോർപ്പറേഷൻ ഇനി യുഡിഎഫ് ഭരിക്കും. കഴിഞ്ഞതവണ 39 സീറ്റിൽ അധികാരത്തിലേറിയ എൽഡിഎഫിന് ഇത്തവണ ആകെ നേടാനായത് 14 സീറ്റാണ്.
അതേസമയം യുഡിഎഫ് 11-ൽനിന്ന് 24ലേക്കും എൻഡിഎ ആറിൽ നിന്ന് പതിനൊന്നിലേക്കും നില മെച്ചപ്പെടുത്തി. കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷനിൽ മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു. യുഡിഎഫിന്റെ കുരുവിള ജോസഫാണ് ഇവിടെ ജയിച്ചത്. ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിൽ മുൻ മേയർ രാജേന്ദ്രബാബുവും തോറ്റു. ബിജെപി സ്ഥാനാർഥി അഭിലാഷിനാണ് ഇവിടെ ജയം.
കൊച്ചി കോർപറേഷൻ
ആകെയുള്ള 76 വാർഡുകളിൽ 46 എണ്ണവും കൈപ്പിടിയിലൊതുക്കി കൊച്ചി കോർപറേഷൻ തിരിച്ചുപിടിച്ചിരിക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ 31 സീറ്റിൽ നിന്നാണ് യുഡിഎഫ് 15 സീറ്റുയർത്തി 46 ലേക്കെത്തിയത്. 34-ൽനിന്ന് എൽഡിഎഫ് 20 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ എൻഡിഎ ആറിടത്താണ് വിജയിച്ചത്. നാല് സ്വതന്ത്രരും വിജയിച്ചു.
2020ൽ കോൺഗ്രസ് വിമതരുടെ പിന്തുണയിലായിരുന്നു എൽഡിഎഫ് കൊച്ചിയിൽ ഭരണം പിടിച്ചെടുത്തത്. ഇത്തവണ നഷ്ടമായ ഭരണം തിരികെ പിടിക്കുമെന്ന് നേരത്തെ അവകാശപ്പെട്ടാണ് കോൺഗ്രസ് നേതൃത്വം പ്രചാരണത്തിനിറങ്ങിയത്. കോർപറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയാണ് ദീപ്തി മേരി വർഗീസും ജയിച്ചു. കലൂർ സ്‌റ്റേഡിയം ഡിവിഷനിലാണ് ദീപ്തി ജയിച്ചത്.
തൃശൂർ കോർപറേഷൻ
ഇടതിനെയും വലതിനെയും മാറിമാറി പിന്തുണയ്ക്കുന്നതാണ് തൃശ്ശൂർ കോർപ്പറേഷന്റെ ചരിത്രം. കഴിഞ്ഞ പത്ത് വർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫിനെ പരാജയപ്പെടുത്തി വമ്പൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്. എൽഡിഎഫിനും മുന്നേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. 2020 ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിന് കൂടിയാണ് തൃശൂരിൽ ഫലം കണ്ടത്. കഴിഞ്ഞതവണത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് എൽഡിഎഫ് ഭരണത്തിലേറിയത്. 54 ഡിവിഷനുകളിൽ എൽ.ഡി.എഫ്- 24, യു.ഡി.എഫ്- 23, എൻ.ഡി.എ.- ആറ്, കോൺഗ്രസ് വിമതൻ-ഒന്ന് എന്നിങ്ങനെയായായിരുന്നു കഴിഞ്ഞ തവണ കക്ഷിനില. ഇത്തവണ എൽഡിഎഫ് 24-ൽനിന്ന് 11ലേക്ക് ചുരുങ്ങിയപ്പോൾ യുഡിഎഫ് 23ൽനിന്ന് പത്ത് സീറ്റുയർത്തി 33ലേക്കെത്തി. എൻഡിഎ ആറ് സീറ്റ് എട്ടാക്കി.
മേയർ സ്ഥാനാർഥിയായി എൽഡിഎഫ് ഉയർത്തിക്കാട്ടി നോവലിസ്റ്റ് ലിസി ജോയ് പരാജയപ്പെട്ടതും മുൻ മേയർ അജിത ജയരാജൻ കൊക്കാലയിൽ പരാജയപ്പെട്ടതും എൽഡിഎഫിന് കനത്ത തിരിച്ചടിയായി. ലാലൂർ ഡിവിഷനിൽ എൻഡിഎസ്ഥാനാർഥി വിൻഷി അരുൺകുമാറിന് വെല്ലുവിളി സൃഷ്ടിക്കാൻ പോലുമാകാതെയാണ് ലിസി പരാജയം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ തവണ നേടിയ ആറ് സീറ്റിൽ നിന്ന് എട്ടിലേക്കുയർന്നെന്നല്ലാതെ കാര്യമായ നേട്ടമുണ്ടാക്കാൻ തൃശൂരിൽ എൻഡിഎയ്ക്കായില്ല. ലോക്സഭാതിരഞ്ഞെടുപ്പിൽ 30 ഡിവിഷനിൽ നേടിയ മേൽക്കൈ ആയിരുന്നു എൻഡിഎയുടെ പ്രതീക്ഷ. എന്നാൽ, പുതുമുഖങ്ങളെയടക്കം രംഗത്തിറക്കി വൻ പ്രചാരണവും സുരേഷ് ഗോപി ഫാക്ടറും ഫലത്തിൽ പ്രതിഫലിച്ചില്ല.
കോഴിക്കോട് കോർപറേഷൻ
എൽഡിഎഫിന്റെ കയ്യിൽ എക്കാലവും ഭദ്രമായിരുന്ന കോഴിക്കോട് കോർപറേഷൻ ഇത്തവണയും ഇടതിനൊപ്പം നിന്നു. എന്നാൽ മുന്നണി ഭേദമന്യേ മേയർ സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടു. വാർഡ് വിഭജനത്തോടെ 75ൽ നിന്ന് 76 വാർഡുകളായ കോഴിക്കോട്ട് 34 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 2020ൽ 50 സീറ്റുകളായിരുന്നു എൽഡിഎഫ് നേടിയത്. 2015-ലും 2020-ലും പതിനെട്ട് സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ് ഇത്തവണ 26 സീറ്റുകൾ നേടി. 2020ൽ ഏഴ് സീറ്റുകളുണ്ടായിരുന്ന എൻഡിഎ ഇത്തവണ 13 സീറ്റുകളിലാണ് വിജയിച്ചത്. മറ്റുള്ളവർ മൂന്ന് സീറ്റിലും ജയിച്ചു.
1962-ൽ രൂപീകരിക്കപ്പെട്ട കോഴിക്കോട് കോർപ്പറേഷനിൽ 1975-ന് ശേഷം യുഡിഎഫിന് വിജയിക്കാനായിട്ടില്ല. നിലവിലെ ഭൂരിപക്ഷമായ 50 സീറ്റുകളിൽ 46-ഉം സിപിഎം ഒറ്റയ്ക്ക് നേടിയതാണെന്നതായിരുന്നു എൽഡിഎഫിന്റെ ആത്മവിശ്വാസം. മാത്രമല്ല കോർപ്പറേഷന്റെ ഭാഗമായ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാർ. എന്നാൽ മേയർ പദവിയിലേക്ക് ഉയർത്തിക്കാട്ടിയ നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദിന്റെ പരാജയവും ഏഴിൽ നിന്ന് 16ലേക്കുയർന്ന എൻഡിഎയും എൽഡിഎഫ് വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്.
എക്കാലവും എൽഡിഎഫിനൊപ്പം നിന്ന, നിലവിലെ മേയർ ബീന ഫിലിപ്പ് 652 വോട്ടിന് നിലനിർത്തിയ പൊറ്റമ്മലിൽ ഇത്തവണ എൻഡിഎ സ്ഥാനാർഥിക്കാണ് ജയം. നിലവിലെ ബിജെപി കൗൺസിലറായ ടി രനീഷിനോടാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. അങ്കത്തിൽ അജയ് കുമാർ തോറ്റത്. കോഴിക്കോട് കോർപറേഷനിലേക്ക് കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന പി.എം നിയാസും എൽഡിഎഫ് മേയർ സ്ഥാനാർഥി മുസാഫർ അഹമ്മദും പരാജയപ്പെട്ടു. പാറോപ്പടി ഡിവിഷനിൽ ബിജെപി സ്ഥാനാർഥി ഹരീഷ് പൊറ്റങ്ങാടിയാണ് നിയാസിനെ തോൽപിച്ചത്. മീഞ്ചന്തയിൽ യുഡിഎഫ് സ്ഥാനാർഥി എസ്.കെ അബൂബക്കറാണ് മുസാഫർ അഹമ്മദിനെ പരാജയപ്പെടുത്തിയത്.
കണ്ണൂർ കോർപറേഷൻ
യുഡിഎഫിന്റെ മിന്നും പെർഫോമവൻസിൽ ഏറ്റവും തിളക്കമേറിയ വിജയമായിരുന്നു കണ്ണൂർ കോർപറേഷൻ ഭരണം നിലനിർത്തിയത്. 56 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 36 സീറ്റുകളാണ് യുഡിഎഫ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് അധികം നേടിയെന്നതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞതവണ 19 സീറ്റിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ 15 ഇടങ്ങളിൽ ഒതുങ്ങി. നേരത്തെ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന എൻഡിഎ അത് നാലാക്കി. ഒരിടത്ത് എസ്ഡിപിഐയും വിജയിച്ചു. വിമത ഭീഷണിയെ അതിജീവിച്ച് വാരം, പയ്യാമ്പലം, ആദികടലായി ഡിവിഷനുകളിൽ യുഡിഎഫ് നേടിയ ജയവും പറയാതെ വയ്യ. ആദികടലായി ഡിവിഷനിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫ് വിജയിച്ച ഡിവിഷനാണിത്.
ആറുമാസത്തിനുള്ളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വാതിൽ തുറക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിലാണ് ഇത്തരമൊരു പരാജയം എൽഡിഎഫും സിപിഎമ്മും നേരിട്ടിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസ് അടക്കമുള്ളവയിലെ ഭരണവിരുദ്ധവികാരവും യുഡിഎഫിന് ഗുണം ചെയ്തു എന്നുവേണം കരുതാൻ.മൂന്നാം തുടർഭരണം എന്ന സിപിഎം-ഇടത് മോഹത്തിനേറ്റ കനത്ത ആഘാതമായി തിരഞ്ഞെടുപ്പ് ഫലം മാറുമ്പോൾ യുഡിഎഫ് ക്യാമ്പിന് വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതീക്ഷയേറ്റുന്നുണ്ട് ബിജെപിയും.
Content Highlights: UDF makes significant gains in Kerala`s 2025 local body elections, securing multiple corporations
Published: 13 Dec 2025, 09:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented