മല്ലപ്പള്ളി: വിവരസാങ്കേതിക വിദ്യയും നിര്‍മിത ബുദ്ധിയും തീന്‍മേശ വരെ എത്തിനില്‍ക്കുന്ന ഇക്കാലത്ത് കവുങ്ങിന്‍ പാള പാത്രമാക്കി ഉറയൊഴിക്കുന്ന തൈരിനും കല്ലില്‍ പൊടിച്ചെടുത്ത കറിക്കൂട്ടുകള്‍ക്കും സ്ഥാനമെവിടെ എന്ന ചിന്തയുണ്ടാവാം. പക്ഷെ പരമ്പരാഗത വിഭവങ്ങളെയും  പഴമയുടെ ചൂടും ചൂരുമുള്ള നിര്‍മാണ വൈവിധ്യങ്ങളെയും നാട് ഇന്നും ഇഷ്ടപ്പെടുന്നു എന്നതിന് സജീവ സാക്ഷ്യമായി കല്ലൂപ്പാറ വിത്തുവേലി ചന്ത.  

To advertise here,

ശനിയാഴ്ച വെളുപ്പിന് അഞ്ച് മുതലേ തിരക്കായിരുന്നു ചന്തയില്‍. കല്ലൂപ്പാറയുടെ തനത് ഉല്‍പന്നമായ പാളത്തൈര് ഒരു മണിക്കൂറിനുള്ളില്‍ തീര്‍ന്നു. തിരുവിതാംകൂറിലാകെ അറിയപ്പെട്ടിരുന്ന 'കല്ലൂപ്പാറ പാളത്തൈരി'ന്റെ പെരുമ പുതുതലമുറക്ക് പകരാനാണ്   കുത്തിയെടുത്ത പാളയില്‍ പശുവിന്‍പാല്‍  ഉറയൊഴിച്ച് പരമ്പരാഗത രീതിയില്‍  തൈര് തയ്യാറാക്കി വില്‍പ്പനക്കെത്തിച്ചത്.

പ്ലാസ്റ്റിക് കൂടുകള്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തൈര് കൊണ്ടു പോകുന്നതിന് ഉപയോഗിച്ചിരുന്ന മാധ്യമം എന്നതിനപ്പുറം പാളയും തൈരു മായുള്ള രസതന്ത്രം അതിപ്രധാനമാണ്. പാളയില്‍ തയ്യാറാക്കുന്ന തൈരിന് പ്രത്യേക രുചിയും മണവും ഔഷധഗുണവുമുണ്ടെന്ന് വാങ്ങാനെത്തിയവര്‍ പറഞ്ഞു. പ്രവാസികളായ ചക്കാലമുറിയില്‍ സി.സി.രാജുവും ചെമ്മരിയില്‍ മാത്യു സക്കറിയയുമാണ് പാള കൊണ്ട് ചോരാത്ത പാത്രമുണ്ടാക്കുന്ന വിദ്യ ഇവിടെ പുനരാവിഷ്‌ക്കരിച്ചത്.