കൊച്ചി: 'കാഴ്ചയില്ലാത്ത ഇവരെങ്ങനെയാ പന്തു തട്ടുന്നത്, ഞങ്ങള്‍ക്കും അവരെ പോലെ കളിക്കാന്‍ പറ്റുമോ...' ചോദ്യം നീതിയുടെ കാവലാളുകളായ ഹൈക്കോടതി ജഡ്ജിമാരില്‍ നിന്നായിരുന്നു. അതിനുത്തരം കറുത്ത തുണികൊണ്ടുള്ള കണ്‍മറയായിരുന്നു. ആ നാല് ജഡ്ജിമാരും മുക്കാല്‍മണിക്കൂര്‍ നേരത്തേക്ക് ഇരുട്ടിന്റെ കൂട്ടുകാരായി. അവര്‍ ഫുട്‌ബോള്‍ ടര്‍ഫില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനിറങ്ങി ഗോളടിച്ചു, ഗോളുകള്‍ സേവ് ചെയ്തു. കണ്ണുകെട്ടി വിളക്ക് കൊളുത്തി, സ്‌റ്റേജില്‍ കണ്ണുകെട്ടിയിരുന്ന് പ്രസംഗിച്ചു. സ്‌റ്റേജില്‍ നിന്നിറങ്ങി, അവര്‍ക്ക് മുന്നിലിരുന്ന എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങളോട് സംസാരിച്ചു.

To advertise here,

കൊച്ചിയില്‍ ഞായറാഴ്ച തുടക്കമായ വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയത്. ജഡ്ജിമാര്‍ ചേര്‍ന്ന് കണ്ണുകെട്ടി വിളക്കേല്‍പ്പിക്കല്‍ ചടങ്ങ് നടത്താനായിരുന്നു സംഘാടകര്‍ നിശ്ചയിച്ചിരുന്നത്.

പക്ഷെ ജഡ്ജിമാര്‍ നാലുപേരും ജീന്‍സും ടീഷര്‍ട്ടും ധരിച്ച്, കളിക്കാനുറപ്പിച്ചായിരുന്നു എത്തിയത്. ഇതോടെയാണ് സംഘാടകര്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങള്‍ ധരിക്കുന്ന ബ്ലൈന്‍ഡ് ഫോള്‍ഡ് എത്തിച്ചു. കണ്ണ് പൂര്‍ണമായും മൂടുന്ന കറുത്ത തുണികൊണ്ടുള്ള ഈ കണ്‍മറ ധരിച്ചാല്‍ ചുറ്റുമുള്ളതൊന്നും കാണില്ല. സ്റ്റേജില്‍ വെച്ചു തന്നെ ബ്ലൈന്‍ഡ് ഫോള്‍ഡ് ധരിച്ച ജഡ്ജിമാര്‍, മറ്റുള്ളവരുടെ സഹായത്തോടെ പടികളിറങ്ങി താഴെ വന്നു. അതിന്‌ശേഷം കണ്ണുകെട്ടി തന്നെ നിലവിളക്ക് കൊളുത്തി.

ഇതിന് ശേഷമായിരുന്നു ജഡ്ജിമാര്‍ ഒരാളുടെ കയ്യില്‍ അടുത്തയാള്‍ പിടിച്ച് ഫുട്‌ബോള്‍ ടര്‍ഫിലേക്ക് സൂക്ഷിച്ച് സൂക്ഷിച്ച് അടിവെച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടായിരുന്നു നിശ്ചയിച്ചിരുന്നത്. ആദ്യ ഷൂട്ടൗട്ടിനുള്ള ഊഴം ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസിന്റേതായിരുന്നു. ഗോളിയായി ജസ്റ്റിസ് പി. ഗോപിനാഥും. ഗോളിക്ക് കണ്‍മറയില്ലാതെ നില്‍ക്കാം. കിലുക്കമുള്ള പന്ത്, ജസ്റ്റിസ് ബെച്ചുവിന്റെ കാല്‍ക്കീഴിലെത്തി. ഗോള്‍പോസ്റ്റില്‍ തട്ടി സംഘാടകര്‍ ദിശമനസ്സിലാക്കി കൊടുത്തു. നിലംപറ്റെയുള്ള അടി ഗോളിയെ മറികടന്ന് ഗോള്‍പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് കയറി. ഗോളായെന്നറിഞ്ഞതോടെ ചെവിയോര്‍ത്തിരുന്ന താരങ്ങള്‍ കൂട്ടത്തോടെ കയ്യടിച്ചു.

പിന്നെ ജസ്റ്റിസ് ബെച്ചു ഗോളിയായി. ഷൂട്ടറായി എത്തിയത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരായിരുന്നു ഷോട്ടെടുക്കാന്‍ എത്തിയത്. പക്ഷെ ആ അടി ജസ്റ്റിസ് ബെച്ചു തടഞ്ഞു. പന്നെ ജസ്റ്റിസ് ജയശങ്കരന്‍ ഗോളിയും ജസ്റ്റിസ് രാജാവിജയരാഘവന്‍ ഷൂട്ടറുമായെത്തി. അടി പക്ഷെ പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നെ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഊഴമായി, ആ അടി ഗോളിയായ ജസ്റ്റിസ് രാജാ വിജയരാഘവന്‍ തടുത്തിട്ടു. വീണ്ടും ഒരു റൗണ്ടുകൂടി ആവര്‍ത്തിച്ചു....പിന്നെ ഓപ്പണ്‍നെറ്റിലേക്ക് ഗോളടിക്കാനുള്ള അവസരവും. ഒടുവില്‍ ഒരു ഗോള്‍ നേടുകയും ഒരു സേവ് നടത്തുകയും ചെയ്ത ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിനെ വിജയിയായി പ്രഖ്യാപിച്ചു.