ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമന നടപടികളിൽ സുതാര്യതയില്ലെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാൻ. രാജ്യത്തെ മികച്ച അഭിഭാഷകരെ ജുഡീഷ്യറിയിലേക്ക് ആകർഷിക്കാൻ ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ജഡ്ജി നിയമനത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശചെയ്ത രണ്ടുപേരുടെ നിയമനം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊളീജിയം സംവിധാനത്തിൽ കേന്ദ്രത്തിന് നേരിട്ട് പങ്കില്ലെന്നു പറയുമ്പോഴും ശുപാർശകൾക്ക് അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത് സുതാര്യമല്ലാത്ത രീതിയിലുള്ള ഇടപെടലാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം കാലതാമസമാണ് ഹൈക്കോടതികളിലെ ഒഴിവുകൾ വർധിക്കാനും കേസുകൾ കെട്ടിക്കിടക്കാനും കാരണമാകുന്നതെന്നും ഹാരിസ് ബീരാൻ ആരോപിച്ചു.

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചാൽ മാത്രം പോരെന്നും നീതിന്യായ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും ബീരാൻ പറഞ്ഞു. നിലവിലെ ഭേദഗതി ബിൽ തൊലിപ്പുറത്തെ പരിഷ്കാരം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ജഡ്ജിമാരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കണമെന്നും ബീരാൻ ആവശ്യപ്പെട്ടു. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62-ൽനിന്ന് 65 ആക്കി സുപ്രീംകോടതി ജഡ്ജിമാരുടേതിന് തുല്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരായ ജഡ്ജിമാരുടെ സേവനം കൂടുതൽ കാലം പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ പ്രാക്ടീസിൽ മുതിർന്ന അഭിഭാഷകർ ഒരുദിവസം ഒരു കോടി രൂപവരെ പ്രതിഫലം നേടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ മികച്ച നിയമപ്രതിഭകളെ ബെഞ്ചിലേക്ക് ആകർഷിക്കാൻ ജഡ്ജിമാരുടെ ശമ്പളം പ്രതിമാസം 20 ലക്ഷം രൂപയാക്കേണ്ടതുണ്ടെന്നും ബീരാൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വരാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി പ്രസംഗം പൂർത്തിയാകാതെ ഹാരിസ് ബീരാൻ സഭയിൽനിന്ന് ഇറങ്ങിപ്പോയി.