നൽ​ഗൊണ്ട: അതിനാടകീയമായ സംഭവങ്ങൾക്കാണ് ശനിയാഴ്ച ഹൈദരാബാദ്-വിജയവാഡ നാഷണൽ ഹൈവേ സാക്ഷ്യംവഹിച്ചത്. തെലങ്കാനയിലെ ഹയാത്ത്ന​ഗറിൽനിന്ന് മോഷ്ടിച്ച 108 ആംബുലൻസുമായി വന്നയാളെ പോലീസ് പിന്തുടർന്നത് 150 കിലോമീറ്റർ. തെലങ്കാനയിൽ നിന്ന് പുറപ്പെട്ട പോലീസ് സംഘം ആംബുലൻസ് മോഷ്ടാവിനെ പിടികൂടിയത് ആന്ധ്രപ്രദേശിൽനിന്ന്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

To advertise here,

ഹയാത്ത്ന​ഗറിൽ നിന്ന് മോഷ്ടിച്ച ആംബുലൻസുമായി ഹൈദരാബാദ്-വിജയവാഡ നാഷണൽ ഹൈവേയിലെ കൊർലാപഹാഡ് ടോൾ ​ഗേറ്റിലെത്തിയപ്പോഴാണ് സിനിമയെ വെല്ലുന്ന രം​ഗങ്ങൾ അരങ്ങേറിയത്. വാഹനം നിർത്താതിരുന്ന മോഷ്ടാവ് ടോൾ ​ഗേറ്റ് ഇടിച്ചുതകർത്ത് അതിവേ​ഗത്തിൽ വാഹനം മുന്നോട്ടെടുത്ത് പോവുകയായിരുന്നു. പിന്നാലെ പോലീസും പുറപ്പെട്ടപ്പോൾ ഹൈദരാബാദ്-വിജയവാഡ നാഷണൽ ഹൈവേ സാക്ഷിയായത് സിനിമയെ വെല്ലുന്ന ചേസ് രം​ഗത്തിന്.

മോഷ്ടിച്ച ആംബുലൻസുമായി ഒരാൾ വരുന്നുണ്ടെന്ന് ഹൈവേയിലെ പോലീസ് സ്റ്റേഷനുകളിലെല്ലാം ബന്ധപ്പെട്ടവർ വിവരം നൽകിയിരുന്നു. ഇതിനിടെ തടയാൻ വന്ന ചിട്യാല സ്റ്റേഷനിലെ എ.എസ്.ഐ ജോൺ റെഡ്ഡിയെ മോഷ്ടാവ് ആംബുലൻസുകൊണ്ട് ഇടിച്ചിട്ടു. ​സാരമായി പരിക്കേറ്റ ഇദ്ദേഹം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  

 രണ്ടര മണിക്കൂർ നീണ്ട ചേസിനൊടുവിൽ ഹൈവേയിൽ തേക്കുമട്ല ഭാ​ഗത്ത് ട്രക്കുകൾ കുറുകെയിട്ടാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.